ഇരവിപുരം: ഓണരുചിയൊരുക്കാൻ നാടൻവിഭവങ്ങൾ തേടിയെത്താൻ പറ്റുന്നൊരു വീട്ടുമുറ്റമുണ്ട് വാളത്തുംഗലിൽ. വാളത്തുംഗൽ സരയൂ നഗർ 118 ‘തച്ചൻ’ വീട്ടുവളപ്പിലില്ലാത്ത മുളകുകളോ പച്ചക്കറികളോയില്ല.
ഇവിടെ ഗൃഹനാഥനായ രാജേന്ദ്രൻ പിള്ളയെന്ന 61കാരൻ എല്ലായിനം മുളകുകളും പച്ചക്കറികളും തന്റെ വീട്ടുവളപ്പിൽ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. പിരിയൻ, റെഡ് ചില്ലി, വറ്റൽ, ഉണ്ട, കാന്താരി, പച്ചമുളക്, വെള്ള പാൽകാന്താരി തുടങ്ങിയ മുളകുകൾ ഉണക്കിയെടുക്കുകയാണ് പതിവ്.
ആന്ധ്രയിൽനിന്നെത്തുന്ന മുളക് പോലും രാജേന്ദ്രൻ പിള്ളയുടെ മുളകിന് മുന്നിൽ തോറ്റു പോകും. ഇദ്ദേഹം വീട്ടുവളപ്പിൽ വിളയിച്ചെടുക്കുന്ന വിഷരഹിത പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയാണ്. നമ്മുടെ നാട്ടിൽ വളരെ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന അമരയും പുതിനയും മല്ലി കീരയുമൊക്കെ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.
പാവൽ, വെണ്ട, തക്കാളി, മത്തൻ, വഴുതന, കത്തിരി തുടങ്ങി എല്ലാ പച്ചക്കറികളും വീട്ടുവളപ്പിലും ടെറസിലുമായുണ്ട്. തേനീച്ചവളർത്തലുമുണ്ട്. ചുവന്ന നിറമുള്ള വെണ്ടയും നെയ് കുമ്പളവും ചേമ്പുമൊക്കെ സുലഭം. വേപ്പിൻ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
ആദ്യമൊക്കെ മുണ്ടയ്ക്കൽ അമൃതുകുളത്തിനടുത്തുള്ള കാർഷികോൽപാദന വിപണന കേന്ദ്രത്തിലാണ് വിറ്റുകൊണ്ടിരുന്നത്. കോവിഡ് കാലത്ത് ഇവിടത്തെ വിൽപന നിർത്തിയതോടെ വിഷരഹിത പച്ചക്കറി വിൽപന ഞായറാഴ്ചകളിൽ പഴയാറ്റിൻകുഴിയിലേക്ക് മാറ്റി. ഓണക്കാലമായതോടെ ഓണസദ്യയിലേക്കാവശ്യമായ പച്ചക്കറികൾക്കായി നിരവധി പേരാണ് ‘തച്ചൻ’ വീട്ടിലെത്തുന്നത്. രാജേന്ദ്രൻ പിള്ളക്ക് സഹായത്തിനായി ഭാര്യ ഷീലയും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.