ചിങ്ങമായി, ഓണത്തെ വരവേൽക്കാൻ കേരളം ഒരുങ്ങുന്നതിനിടയിൽ 30 ലക്ഷത്തിലധികം വരുന്ന നാളികേര കർഷകർ ഉറ്റുനോക്കുന്നത് വെളിച്ചെണ്ണ വിപണിയെയാണ്. സംസ്ഥാനത്ത് കൊപ്ര വില പതിനായിരം രൂപയെ ചുറ്റിപ്പറ്റി നിലകൊള്ളാൻ തുടങ്ങിയിട്ട് നാളേറെയായി. ഉൽപന്ന വില ഇന്ന് ഉയരും നാളെ ഉയരുമെന്ന കാത്തിരിപ്പിൽ പച്ചത്തേങ്ങ കൊപ്രയാക്കി പത്തായങ്ങളിൽ നിറച്ച കർഷക കുടുംബങ്ങൾ അനവധിയാണ്. കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലെ അവസ്ഥയും ഇതുതന്നെ.
ഉത്സവ വേളയിലെ വിൽപനയിലാണ് എല്ലാ കണ്ണുകളും. അടുത്ത വാരത്തോടെ കേരളത്തിൽ വെളിച്ചെണ്ണ വിൽപന ചൂടുപിടിക്കുമെന്നാണ് മില്ലുകാരുടെ കണക്കുകൂട്ടൽ. ഈ ലക്ഷ്യത്തിൽ വൻതോതിൽ വെളിച്ചെണ്ണ കേരളത്തിലെയും തമിഴ്നാട്ടിലെയും മില്ലുകാർ കരുതിയിട്ടുണ്ട്. മുന്നിലുള്ള മൂന്നാഴ്ചകളിൽ കാങ്കയം ആസ്ഥാനമായുള്ള മില്ലുകാർ ടൺ കണക്കിന് വെളിച്ചെണ്ണയാവും അതിർത്തി കടത്തിവിടുക. അതേ ഓണവേളയിൽ കേരളത്തിൽ വെളിച്ചെണ്ണ വില കത്തിക്കയറാം. എന്നാൽ, കൊപ്രയിൽ കുതിപ്പിനുള്ള സാധ്യത വിരളമാണ്. വെളിച്ചെണ്ണ വില ക്വിൻറലിന് 1000 രൂപ ഉയർത്താൻ ഉത്സാഹിക്കുന്ന മില്ലുകാർ പക്ഷേ, കൊപ്രക്ക് 250 രൂപ പോലും വർധിപ്പിച്ച് മുന്നോട്ടുവരില്ലെന്നാണ് ഒരു വിഭാഗം കർഷകരുടെ വിലയിരുത്തൽ. വാരാവസാനം എണ്ണ 16,300ലും കൊപ്ര 10,300ലുമാണ്. കർക്കടകം കഴിഞ്ഞതോടെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിനും നീക്കം തുടങ്ങി. ഗ്രാമീണ മേഖലകളിൽ തേങ്ങയുടെ ലഭ്യത വർധിച്ചാൽ അതും കൊപ്രയിൽ സമ്മർദം ഉളവാക്കാം.
റെക്കോഡ് തലത്തിൽ നിന്നുള്ള സാങ്കേതിക തിരുത്തലിന്റെ പാതയിലാണ് ഇന്ത്യൻ റബർ വിപണി. നാലാം ഗ്രേഡ് റബർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 25,200 രൂപയിൽ നിന്നും ഇതിനകം 23,400ലേക്ക് താഴ്ന്നു, തിരുത്തൽ അവസാനിച്ചതായി ഇനിയും വിലയിരുത്താനായിട്ടില്ല. അഞ്ചാംഗ്രേഡ് റബർ 24,800ൽനിന്ന് 23,000ലേക്ക് താഴ്ന്നപ്പോൾ ലാറ്റക്സ് 16,000ൽനിന്ന് 15,600 രൂപയായി. അടുത്ത വാരത്തോടെ പുതിയ ഷീറ്റ് വിൽപനക്ക് എത്തിയാൽ ഉൽപന്ന വില ഒരു ചുവടുകൂടി താഴാം. എന്നാൽ, പ്രതീക്ഷക്കൊത്ത് ചരക്കിറക്കാൻ കാർഷിക മേഖലക്കായില്ലെങ്കിൽ വിപണി വീണ്ടും ചൂടുപിടിക്കും. ഈ അവസരത്തിൽ കാലാവസ്ഥ നിർണായകമാവും.
ഇതിനിടയിൽ രാജ്യാന്തര റബർ വിപണിയിൽ ബുൾതരംഗം ഉടലെടുത്താൽ അത് ഇന്ത്യൻ കർഷകർക്കും നേട്ടമാവും. ബാങ്കോക്കിൽ ഷീറ്റ് വില 20,131രൂപ. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ വില ഉയർന്നത് ഏഷ്യൻ മാർക്കറ്റുകൾക്ക് മൊത്തിൽ അനുകൂലമാണ്. ഒസാക്കയിൽ റബർ അവധി വില മുൻവാരം സൂചിപ്പിച്ച 332-335 റേഞ്ചിലേക്ക് പ്രവേശിച്ചു, ഇത് സിംഗപ്പൂർ, ചൈനീസ് റബർ അവധികളിലും ഉണർവ് ഉളവാക്കി.
ഏലത്തോട്ടങ്ങളിൽ നിന്നുള്ള പുതിയ ചരക്കുവരവിന് കാത്തു നിൽക്കുകയാണ് കയറ്റുമതി സമൂഹവും ആഭ്യന്തര വ്യാപാരികളും. കാലാവസ്ഥ വ്യതിയാനം മൂലം ഏലം വിളവെടുപ്പ് വൈകുന്നതിനാൽ കാർഷിക മേഖലയിലെ നീക്കിയിരിപ്പ് ചുരുങ്ങി. ഒട്ടുമിക്ക ഭാഗങ്ങളിലും വിളവെടുപ്പ് സെപ്റ്റംബറിലേക്ക് നീണ്ടു. ഇതിനിടയിൽ ലേലത്തിൽ ചരക്കുലഭ്യത ചുരുങ്ങിയെങ്കിലും അതിനൊത്ത് ഏലയ്ക്ക വില ഉയർന്നില്ല. ലേലകേന്ദ്രങ്ങളിലെത്തുന്ന ചരക്കിൽ ഭൂരിഭാഗവും ഇടപാടുകാർ മത്സരിച്ച് ശേഖരിക്കുകയാണ്. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2140 രൂപയിലും മികച്ചയിനങ്ങൾ 2422 രൂപയിലുമാണ്.
വിദേശ കുരുമുളക് ഉത്തരേന്ത്യൻ വിപണികളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. വ്യവസായികൾ വിയറ്റ്നാം, ശ്രീലങ്കൻ കുരുമുളക് വില കുറച്ച് വിറ്റുമാറാൻ നടത്തിയ നീക്കവും നാടൻ ചരക്ക് വിലയെ ബാധിച്ചു. അതേസമയം ഹൈറേഞ്ച്, വയനാടൻ കുരുമുളക് കുറഞ്ഞ അളവിലാണ് കൊച്ചിയിൽ വിൽപനക്ക് എത്തുന്നത്. അൺ ഗാർബിൾഡ് 65,000 രൂപ, അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8000 ഡോളർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.