മറയൂർ: ജോർജിന്റെ വീടിന്റെ ടെറസിൽ കയറിയാൽ ഒരടി പൊക്കത്തിൽ കായ്ഫലമുള്ള ഓറഞ്ച് മുതൽ വ്യത്യസ്തമായ പഴവർഗങ്ങൾ കാണാം. കാന്തല്ലൂരിലെ കാർഷിക വിളകൾക്ക് മുൻഗണന നൽകി വ്യത്യസ്ത പഴവർഗങ്ങളെ പരിചയപ്പെടുത്തുന്നതിലും പരിപാലനത്തിനും സജീവമാകുകയാണ് ജോർജ് തോപ്പൻ എന്ന റിട്ട. അധ്യാപകൻ.
കാന്തല്ലൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ കായികാധ്യാപകനായ ജോർജ് തോപ്പൻ 20 വർഷം മുമ്പ് പഴവർഗ കൃഷിയിൽ തുടക്കം കുറിച്ചു. ഇന്ന് ഇവിടേക്ക് വ്യത്യസ്ത പഴവർഗങ്ങളെ കാണാൻ വിനോദ സഞ്ചാരികളടക്കമാണ് ദിവസവും എത്തുന്നത്.
ഇപ്പോൾ പുതിയ ഇനം ഓറഞ്ചിനെയും ഇദ്ദേഹം പരിചയപ്പെടുത്തുകയാണ്. ടെറസിന്റെ മുകളിൽ ബക്കറ്റിൽ വെച്ച് വളർത്തി പരിപാലിക്കുന്ന ചെടിയിൽ ഒരടി പൊക്കത്തിൽതന്നെ കായ്ഫലം ഉണ്ടായി.
രണ്ട് മാസം മുമ്പ് ബംഗ്ലാദേശിൽനിന്ന് കൊൽക്കത്ത വഴി എത്തിച്ച നൂറ് തൈകളാണ് ഇപ്പോൾ കായ്ച്ചു തുടങ്ങിയത്. ഈ ഓറഞ്ച് തൈകൾ എല്ലാംതന്നെ നാലടി പൊക്കത്തിൽ കൂടുതൽ വളരില്ല. പത്ത് ഏക്കറിലധികം ഉള്ള സ്ഥലത്ത് ആപ്പിൾ, സബർജിൽ, ബ്ലാക്ക്ബെറി, ഓറഞ്ച്, കിവി, സീതപ്പഴം, മരത്തക്കാളി, പാഷൻ ഫ്രൂട്ട് ഉൾപ്പെടെ 50ലധികം പഴവർഗങ്ങളാണ് ഇവിടെ കായ്ഫലത്തിൽ എത്തിയിരിക്കുന്നത്. ജൈവവളം മാത്രം ഉപയോഗിച്ച് വളർത്തി നൂറുമേനി വിളയിക്കുന്നതാണ് ജോർജ് തോപ്പന്റെ വിജയഗാഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.