പുൽപള്ളി: കുരുമുളക് ചെടിക്ക് രോഗബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിവിധിയുമായി കർഷകൻ. പുൽപള്ളി അമരക്കുനി കുറൂര്‍ രാമചന്ദ്രനാണ് ജൈവമിശ്രിതം ഉപയോഗിച്ച് മഞ്ഞളിപ്പ് രോഗമടക്കം മാറ്റിയതായി അവകാശപ്പെടുന്നത്. രാമചന്ദ്രന്റെ തോട്ടം പച്ചപ്പ് നിറഞ്ഞതാണ്. രോഗബാധയുള്ള കുരുമുളക് ചെടികൾ ഇവിടെയില്ല. കഴിഞ്ഞ രണ്ടുവർഷമായി പരീക്ഷിച്ച ജൈവമിശ്രിതം ഒന്നുകൊണ്ടുമാത്രമാണ് രോഗബാധകൾ അകറ്റാൻ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു.
കുമ്മായവും മഞ്ഞൾപൊടിയും അടങ്ങുന്ന മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്. സമീപത്തെ തോട്ടങ്ങളെല്ലാം മഞ്ഞളിപ്പ് രോഗബാധയാൽ നശിക്കുമ്പോഴാണ് ഇവിടെ നൂറുമേനി വിളവു ലഭിക്കുന്നത്.
അത്യുൽപാദനശേഷിയുള്ള കുരുമുളക് ഇനങ്ങൾ ഇവിടെയുണ്ട്. എല്ലാ കൊടികളിലും മികച്ച വിളവും ലഭിക്കുന്നു. ഈരന്റെ ശല്യമാണ് കുരുമുളക് ചെടികളെ നശിപ്പിക്കുന്നത്. ഇതിനെ നശിപ്പിച്ചാൽ കുരുമുളക് ചെടിയെ രക്ഷപ്പെടുത്താനാകുമെന്ന് ഇദ്ദേഹം പറയുന്നു.
രണ്ടേക്കറോളം സ്ഥലത്താണ് കുരുമുളക് കൃഷി. കൃഷിവകുപ്പിന്റെയും വയനാട് സോഷ്യൽ സർവിസ് സൊസൈറ്റിയുടെയടക്കം സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. കൃഷിയിൽ സജീവമായി ശ്രദ്ധിക്കുന്ന രാമചന്ദ്രന് പുത്തൻ പരീക്ഷണങ്ങളിലൂടെ മികച്ച നേട്ടമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.