പുതിയ തലമുറയെ ആധുനിക കൃഷിരീതികൾ പഠിപ്പിക്കണമെന്ന് പി. രാജീവ്

കൊച്ചി : പുതിയ തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്നും അവരെ ആധുനിക കൃഷി രീതികൾ പഠിപ്പിച്ചു കൊടുക്കണമെന്നും മന്ത്രി പി.രാജീവ്. വിദ്യാർഥികൾ മണ്ണിനെയും കൃഷിയെയും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി എടയാറ്റുചാൽ നെൽവയലിലേക്ക് വിദ്യാർഥികളുമായി സംഘടിപ്പിച്ച പഠന യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികൾ പാടശേഖരത്തേക്ക് പഠനയാത്ര നടത്തുന്നത് പുതിയ അനുഭവമാണ്. മികച്ച രീതിയിലാണ് 'കൃഷിക്കൊപ്പം കളമശ്ശേരി' നടന്നുവരുന്നത്. പദ്ധതിയിലൂടെ ആയിരം ഏക്കർ സ്ഥലത്ത് പുതുതായി കൃഷി ആരംഭിച്ചു. വലിയ ആഘോഷമായി നടത്തിയ കാർഷികോത്സവത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കൃഷിയുമായി ബന്ധപ്പെട്ട സെമിനാറുകൾ ആയിരുന്നു. അതിൽ ഏറ്റവും മികച്ചത് കുട്ടി കർഷകരെ പറ്റിയുള്ള സെമിനാർ ആയിരുന്നു. ജില്ലയിലെ വിദ്യാർഥികൾ നടത്തിയ കൃഷിയുടെ അനുഭവങ്ങൾ സെമിനാറിൽ പങ്കുവച്ചത് വളരെ ആവേശപൂർവമാണ് കേട്ടിരുന്നത്.

എല്ലാ വാർഡുകളിലും നീരുറവകളെ മാപ് ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇവ ക്രോഡീകരിച്ച് ജലവിഭവ ഭൂപടം തയ്യാറാക്കും. ഇവയെ അടിസ്ഥാനമാക്കി മികച്ച രീതിയിൽ കൃഷി ചെയ്യാൻ സാധിക്കും. എടയാറ്റുചാലിൻ്റെ സമഗ്ര വികസനത്തിനായി രണ്ടു കോടി 65 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. പ്രദേശത്തെ റോഡ് പുനുദ്ധാരണത്തിനായി 45 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

പ്രദേശത്തെ സ്കൂളുകളിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ എടയാറ്റുചാലിലെ കൃഷിയിടത്തിൽ നിന്നും കുറച്ച് സ്ഥലം സ്കൂളുകൾക്ക് ദത്ത് എടുക്കാം. കൃത്യമായ ഇടവേളകളിൽ അവിടെ വന്ന് കൃഷി രീതികൾ മനസിലാക്കി കുറിപ്പുകൾ തയ്യാറാക്കി സ്കൂളുകളിൽ അവതരിപ്പിക്കണം. കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയിൽ വിദ്യാർഥികൾ പങ്കാളികളാകുന്നത് വളരെ സന്തോഷം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

എടയാർ ഗവ. ഹൈ സ്കൂൾ, മുപ്പത്തടം ഗവ ഹൈ സ്കൂൾ, മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കടുങ്ങല്ലൂർ ഗവ. ഹൈ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പഠന യാത്രയിൽ പങ്കെടുത്തത്. 240 ഏക്കർ സ്ഥലത്ത് എടയാറ്റുചാൽ നെല്ലുൽപാദന സമിതി, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്, കടുങ്ങല്ലൂർ കൃഷിഭവൻ എന്നിവർ സംയുക്തമായാണ് കഴിഞ്ഞ മൂന്ന് വർഷമായി നെൽകൃഷി നടത്തുന്നത്. കഴിഞ്ഞ തവണ 356 ടൺ നെല്ല് ഇവിടെ നിന്നും ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. ഉമ എന്ന നെൽ വിത്താണ് ഇവിടെ കൃഷി ചെയ്യുന്നത്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ, കടുങ്ങല്ലൂർ കൃഷി ഓഫീസർ നൈമ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - P. Rajeev should teach modern farming methods to the new generation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.