പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിലെ വീഴ്ചയെത്തുടർന്ന് ഒന്നാം വിളയിറക്കുന്നതിൽ ആശങ്കയോടെ കർഷകർ. കൊയ്തെടുത്ത നെല്ല് സമയബന്ധിതമായി സംഭരിക്കുന്നതിലും സംഭരിച്ച നെല്ലിന് പണം ലഭിക്കുന്നതിലെ കാലതാമസവുമാണ് സംസ്ഥാനത്തിന്റ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ജില്ലയിലെ കർഷകരെ ആശങ്കപ്പെടുത്തുന്നത്. വിഷു കഴിഞ്ഞ ഉടനെ ഒന്നാം വിളക്കുള്ള ഒരുക്കം നടത്താറാണ് പതിവ്. കഴിഞ്ഞ ഒന്നാം വിളയിൽ സംഭരിച്ച നെല്ലിന്റെ പണം ഇപ്പോഴും ലഭിക്കാത്ത കർഷകരുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിളവെടുപ്പ് നടത്തിയിട്ടും സപ്ലൈകോ-കൃഷിവകുപ്പിന്റെ പിടിപ്പുകേട് കാരണം പല വീടുകളിലും നെല്ല് കെട്ടിക്കിടക്കുകയാണ്.
കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം സപ്ലൈകോയിലെ ചില ജീവനക്കാർ മില്ലുടമകളുടെ താൽപര്യത്തിനാണ് മൂൻതൂക്കം നൽകുന്നതെന്ന് പരാതിയുണ്ട്. ഈ മേഖലയിലെ ജീവനക്കാർ പകുതിയും മറ്റു വകുപ്പികളിൽനിന്ന് ഡെപ്യൂട്ടേഷനിൽ വന്നവരാണ്. ഓരോ സീസണിലും നെല്ല് സംഭരണ സമയത്ത് സർക്കാറുമായി വിലപേശി മില്ലുടമകളാണ് ലാഭം കൊയ്യുന്നത്.
താങ്ങുവിലക്കുള്ള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് വിവിധ പരാതികളാണ് എപ്പോഴും ഉയരാറ്. ഇതിൽ പ്രധാനമായും സമയബന്ധിതമായി സംഭരണം നടക്കാത്തതും സംഭരിച്ച നെല്ലിന് പണം ലഭിക്കുന്നതിലെ കാലതാമസവുമാണ്. കർഷകരുടെ ഈ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവ പരഹരിക്കാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിൽ വിളവെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണണ് നടക്കുന്നത്. പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്കുകളിൽ കൊയ്ത്ത് ആദ്യം ആരംഭിക്കും. പാലക്കാട്, ആലത്തൂർ താലൂക്ക് പ്രദേശത്താണ് രണ്ടാംഘട്ടം കൊയ്ത്ത് ആരംഭിക്കുന്നത്. ചിറ്റൂർ താലൂക്കിലാണ് അവസാനഘട്ട വിളവടുപ്പ് നടക്കാറ്. സപ്ലൈകോവിനുവേണ്ടി സംസ്ഥാനത്ത് 50ഓളം സ്വകാര്യമില്ലുകളാണ് സംഭരണം നടത്തുന്നത്.
മില്ലുടമകൾ ഏജൻറുമാരെ ഉപയോഗപ്പെടുത്തി കർഷകർ സംഭരിച്ചുവെച്ച സ്ഥലത്ത് എത്തിയാണ് സംഭരണം നടത്തുന്നത്. എന്നാൽ, കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും സംഭരണം നടക്കാതെ നെല്ല് കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. സമയബന്ധിതമായി സംഭരണം നടക്കാതെ വരുമ്പോൾ കർഷകർ സ്വകാര്യമില്ലുടമകളുടെ ഏജൻറുമാർക്ക് വില താഴ്ത്തി നെല്ല് കൊടുക്കാൻ നിർബന്ധിതരാകുന്ന കാഴ്ചയാണ് വർഷങ്ങളായി അരേങ്ങറുന്നത്. ഇത്തരത്തിൽ ഓപ്പൺ മാർക്കറ്റിൽനിന്ന് സംഭരിച്ച നെല്ല് ഏജൻറുമാർ ചില കർഷകരെ സ്വാധീനിച്ച് അവരുടെ പെർമിറ്റിലുടെ സപ്ലൈകോവിന് മറിച്ച് വിറ്റാണ് ലാഭം കൊയ്യുന്നത്.
സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പാഡി മാർക്കറ്റിങ് ഓഫിസറാണ്. ജില്ലയിൽ കഴിഞ്ഞ വർഷം വരെ മൂന്ന് പി.എം.ഒമാരെ നിയമിച്ചെങ്കിൽ ഇപ്രാവശ്യം രണ്ട് ജീവനക്കാരാണുള്ളത്. ഇവരെ സഹായിക്കാൻ കൃഷി വകുപ്പിലെ കൃഷി അസിസ്റ്റുമാരെ താൽക്കാലികമായി സപ്ലൈകോവിൽ നിയമിക്കുകയാണ് പതിവ്. എന്നാൽ, ഇതിൽ അവശ്യമായ ജീവനക്കാരെ യഥാസമയം ലഭിക്കാറില്ല.
കടം വാങ്ങിയും ആഭരണങ്ങൾ പണയപ്പെടുത്തിയും ഹ്രസ്വകാല വായ്പകൾ തരപ്പെടുത്തിയും വിളയിറക്കിയ കർഷകന് നെല്ല് വിറ്റിട്ടും പണം ലഭിക്കാൻ മാസങ്ങളുടെ കാത്തിരിപ്പാണ്. ഇത് കടക്കെണിയിലേക്ക് സർക്കാർ തന്നെ കർഷകരെ തള്ളിവിടുകയാണെന്ന് കർഷകർ ആരോപിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്നത് പാലക്കാടാണ്. ഇവിടെനിന്നുള്ള നെല്ല് ഉൽപാദനത്തിന്റെ ഏറ്റക്കുറച്ചിലുകൾ സംസ്ഥാനത്തിന്റെ ആഭ്യന്തര അരി ഉൽപാദനത്തിൽ നിർണായക സ്വാധീനം ചെലുത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.