പാലക്കാട്: ജില്ലയിൽ മഴ ശക്തിപ്പെട്ടതോടെ ഒന്നാം വിളയിറക്കാനുള്ള കർഷകരുടെ കണക്കുകൂട്ടലുകൾ താളംതെറ്റുന്നു. സാധാരണ പൊടിവിത നടത്തിയാണ് ഒന്നാം വിളയ്ക്ക് കൃഷിയിറക്കാറുള്ളത്. എന്നാൽ, മഴ ശക്തിപ്പെട്ട് പാടങ്ങളിൽ വെള്ളം നിറഞ്ഞതോടെ ഒന്നാം വിളയ്ക്ക് ഞാറ്റടി തയാറാക്കി നടീൽ നടത്താനുള്ള ഒരുക്കത്തിലാണ്. സാധാരണ ഞാറ്റടി ഒരുക്കുന്നത് പൊടിയിലാണെങ്കിൽ ഈ പ്രാവശ്യം ചേറ്റുവിത നടത്തിവേണം ഞാറ്റടി തയാറാക്കൽ. ഞാറ് മൂപ്പെത്തി പറിച്ചു നടണമെങ്കിൽ 21 ദിവസം കഴിയണം. ഇതിനൊപ്പം കൃഷിച്ചെലവും വർധിക്കും. ഒന്നാം വിളയിറക്കാൻ കാലതാമസവും നേരിടും.
പൊടിവിതക്ക് പൊടിയിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് വിത്ത് വിതറിയാൽ മതി. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പാടങ്ങളിൽ വെള്ളം നിറഞ്ഞതോടെ ട്രാക്ടർ ഉപയോഗിച്ച് ചളി ഉഴുതുമറിച്ച് നടീൽ നടത്തണം. ഇതിനെല്ലാം അധിക പണം കണ്ടെത്തണം.
ഉമ, കാഞ്ചന, ജ്യോതി നെൽവിത്തുകളാണ് ഒന്നാം വിളയ്ക്ക് സാധാരണ ഉപയോഗിക്കുന്നത്. ഇതിൽ 135 ദിവസം കാലാവധിയുള്ള ഉമ നെൽവിത്താണ് ഒന്നാം വിളയ്ക്ക് കൂടുതൽ കർഷകരും ഉപയോഗിക്കുന്നത്. 120 ദിവസമാണ് കാഞ്ചന, ജ്യോതി നെൽവിത്തുകളുടെ കാലാവധി. കഴിഞ്ഞ സീസണിൽ ജൂണിൽ കാലവർഷം സജീവമാകാത്തതിനാൽ ഒന്നാം വിള താളംതെറ്റിയിരുന്നു. ഈ പ്രാവശ്യം മഴ വളരെ നേരത്തേ എത്തിയതിനാൽ കർഷകർക്ക് മുന്നൊരുക്കം നടത്താനും കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.