കരുമാല്ലൂർ: മഴക്കെടുതിയിൽ നാശം വിതച്ച വെളിയത്തുനാട്ടിലെ നെൽപാടങ്ങളിൽ ദുരിതം ഇരട്ടിപ്പിച്ച് പായൽ ശല്യവും ഇല കരിച്ചിൽ രോഗവും. നെൽച്ചെടികൾ വെള്ളക്കെട്ടിൽ ചീഞ്ഞും ബാക്ടീരിയ ബാധയിൽ കരിഞ്ഞും നശിച്ചതോടെ ഇത്തവണത്തെ മുണ്ടകൻ കൃഷിയിൽ കർഷകരുടെ പ്രതീക്ഷ നഷ്ടപ്പെട്ടു.
ജില്ലയിൽ നെൽകൃഷി അവശേഷിക്കുന്ന ചുരുക്കം പ്രദേശങ്ങളിൽ ഒന്നായ കരുമാല്ലൂർ പഞ്ചായത്തിൽ മൂന്ന് പാടശേഖര സമിതികൾക്ക് കീഴിൽ 800 ഏക്കറോളം നിലമാണ് മുണ്ടകൻ കൃഷി ചെയ്യുന്നത്. ഇതിൽ വെളിയത്തുനാട്ടിലെ ഈസ്റ്റ്, വെസറ്റ് പാടശേഖരസമിതികൾക്ക് കീഴിലെ 630 ഏക്കർ നെൽകൃഷി ഏറക്കുറെ പൂർണമായും നഷ്ടപ്പെട്ടു.
180 ഹെക്ടറിലെ കൃഷി വെള്ളക്കെട്ടിൽ മാത്രം നശിച്ചു. ഇതിനു പുറമേ ഈസ്റ്റ് വെളിയത്തുനാട്ടിൽ 100 ഏക്കറും വെസ്റ്റ് പാടശേഖരസമിതിക്ക് കീഴിലെ 150 ഏക്കറിലും ബാക്ടീരിയ രോഗം ബാധിച്ചു. ശേഷിച്ച വിളകളിലാണ് ആഫ്രിക്കൻ പായൽ നിറഞ്ഞ് നിൽക്കുന്നത്. വിളവെടുപ്പിനോടടുക്കുന്ന നെൽച്ചെടികളും ഞാറുകളും വെള്ളത്തിൽ മുങ്ങി. വെളിയത്തുനാട് പാടശേഖരങ്ങളിലെ അധികവെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്ന കുത്തുകുഴി വെഞ്ചാൽപുഞ്ച തോടിെൻറ ദുരവസ്ഥയാണ് വെള്ളക്കെട്ടിന് കാരണം. വർഷകാലത്ത് വെളിയത്തുനാട്, തടിക്കക്കടവ്, മാളികംപീടിക പ്രദേശങ്ങളിൽ വീടുകൾ വെള്ളത്തിലാകുന്നതും പാടശേഖരങ്ങളിൽ വെള്ളം ഒഴിയാത്തതിനുമെല്ലാം ഇതാണ് കാരണം.
ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ് (ബി.എൽ.ബി) എന്ന രോഗമാണ് കർഷകർക്ക് തലവേദനയായിരിക്കുന്നത്. ഇലയിൽ മഞ്ഞപ്പുമായാണ് തുടങ്ങുക. പിന്നീട് നെൽച്ചെടി കരിഞ്ഞു ചുരുണ്ടുകൂടും. കതിരിട്ടു തുടങ്ങുമ്പോഴാണ് ഇതുണ്ടാകുന്നത്. വെള്ളത്തിലൂടെ പടരുന്നതിനാൽ വ്യാപകമായ നാശമുണ്ടാകും. വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ ഇട്ടും, ഉണക്കച്ചാണകത്തിൽ കീടനാശിനി ചേർത്തും പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർച്ചയായ മഴയാണ് മരുന്നുകൾ ഏൽക്കാത്തതിന് കാരണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഈ നിലയ്ക്ക് ഇതുവരെ ചെലവാക്കിയ പണവും അധ്വാനവും പാഴാകുമെന്ന ആശങ്കയിലാണ് കർഷകർ. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ഫസൽ ഭീമ യോജനയിൽ നെൽകൃഷിക്ക് ഇൻഷുറൻസ് പരിപക്ഷയുണ്ട്. എന്നാൽ, ജില്ലയിലെ കർഷകർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നില്ല. നെൽകൃഷി സജീവമായ പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ തുടങ്ങിയ ഏതാനും ജില്ലകളെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
ഫലത്തിൽ കരുമാല്ലൂരിലെ നെൽകർഷകർക്ക് മഴക്കെടുതിയുടെ നഷ്ടപരിഹാരമെന്ന നാമമാത്രമായ ആനുകൂല്യം മാത്രമേ ലഭിക്കൂ. നാശനഷ്ടങ്ങൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് വെളിയത്തുനാട് - തടിക്കക്കടവ് പൗരസമിതി പ്രസിഡൻറ് നജീബ് പള്ളത്തും, സെക്രട്ടറി എം.എൻ. ഇസ്മായിലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.