പെരുമ്പാവൂർ: ലോക്ഡൗണിൽ പാടത്തെ പണിക്ക് ആളെ കിട്ടാതായതോടെ ടെറസിന് മുകളിൽ കരീം നെൽകൃഷിയിറക്കി. ആദ്യ വിളവെടുപ്പ് മികച്ചതായതോടെ വീണ്ടും കൃഷി ചെയ്തു. മികച്ച കതിർച്ചാട്ടത്തോടെ വളരുന്ന പുരപ്പുറത്തെ നെൽകൃഷി നാട്ടുകാർക്കും കൗതുകമായി.
പെരുമ്പാവൂർ മുടിക്കൽ ചിറയൻപാടത്ത് തച്ചരുകുടി കരീമാണ് ടെറസിൽ നെൽകൃഷിയിറക്കി ഹിറ്റായത്. 'അസംകാരായ ചില തൊഴിലാളികൾ നാട്ടിൽ പോയി വന്നപ്പോൾ അവിടത്തെ നെൽവിത്ത് കൊണ്ടുവന്നിരുന്നു. പാടത്ത് വിതക്കാൻ തയാറെടുക്കവെ കോവിഡ് ലോക്ഡൗണിൽ അതിന് കഴിയാതെ വന്നു. ഇതോടെയാണ് ടെറസിൽ കൃഷിചെയ്യാൻ ശ്രമം തുടങ്ങിയത്്' -കരീം പറയുന്നു. ആദ്യം വിതച്ചതിൽ നിന്ന് ഒന്നര പറയോളം നെല്ല് കിട്ടി. രണ്ടാമത് വിതച്ച് നെല്ല് പിടിച്ചുവരുന്നു.
അഞ്ച് ലെയർ പ്ലാസ്റ്റിക് ഷീറ്റിട്ട് മരക്കട്ട കൊണ്ട് ചുറ്റും വരമ്പ് തീർത്താണ് വീടിന് മുകളിൽ പാടം ഒരുക്കിയത്. നാലടി വീതിയും പന്ത്രണ്ട് അടി നീളവും കൃഷിയിടത്തിനുണ്ട്. പ്ലാസ്റ്റിക് ഷീറ്റിൽ മൂന്നിഞ്ച് മണ്ണിട്ടാണ് കൃഷി. അഞ്ചാഴ്ച കൂടുേമ്പാൾ ചാണകം വിതറുന്നതാണ് ഏക വളപ്രയോഗം. വീട്ടിൽ രണ്ട് പശുക്കളും ഉള്ളതിനാൽ പൂർണമായും ജൈവ രീതിയിൽ തന്നെയാണ് കൃഷിയിറക്കുന്നതെന്ന് കരീം പറയുന്നു.
വീടുതാമസത്തിന് പറ നിറയ്ക്കാനും ഐശ്വര്യ കാഴ്ചക്കും നെല്ലിനായി കരീമിനെ തേടിയെത്തുന്നവരുണ്ട്. മുമ്പ് വെണ്ടയും പയറും മുളകുമൊക്കെ ടെറസിൽ കൃഷിചെയ്തെങ്കിലും കാര്യമായ ഫലമില്ലാതായതോടെയാണ് നെല്ല് പരീക്ഷിച്ചത്. അത് വിജയിച്ചപ്പോഴും മനസ്സിലാകാത്ത ഒരുകാര്യം ഇപ്പോഴുമുണ്ട്. 'മണ്ണിലെ പാടത്തെ പോലെ ടെറസിലെ പാടത്തും പായൽ എങ്ങനെ പടരുന്നുവെന്ന് അറിയില്ല' -കരീം പറയുന്നു. ടെറസിലെ നെൽകൃഷി കേട്ടറിഞ്ഞ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വിവരം തേടി. വീട്ടിൽ തന്നെ ചായക്കട നടത്തുന്ന കരീമിന് കൃഷിയിലും പിന്തുണയായി ഭാര്യ സൈനബയും മക്കളും കൂടെത്തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.