പനമരം: വിളവെടുപ്പു കാലത്ത് കാലംതെറ്റി പെയ്യുന്ന മഴയിൽ ഹെക്ടർ കണക്കിന് നെൽപാടങ്ങൾ വെള്ളത്തിനടിയിൽ. നെല്ലും കാപ്പിയും വിളവെടുപ്പിനിടെ നിനച്ചിരിക്കാതെ എത്തിയ വേനൽമഴ കർഷകർക്ക് കണ്ണീരായി.
പനമരം, കണിയാമ്പറ്റ, കോട്ടത്തറ, പൂതാടി പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് ഭൂമിയിലെ നെൽപാടങ്ങളാണ് നാലുദിവസം തുടർച്ചയായി പെയ്ത മഴയിൽ വെള്ളത്തിനടിയിലായത്. മഴക്കാലത്ത് വിത്തിട്ട് ഞാറ് പറിച്ചുനടാനിരിക്കെ മഴ മാറിയത് നെൽകൃഷിക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഒരു മാസത്തോളമാണ് അന്ന് മഴ മാറിനിന്നത്. ഇതോടെ തോട്ടിൽനിന്നും മറ്റും വെള്ളമെത്തിച്ചും പമ്പ്സെറ്റ് ഉപയോഗിച്ചു നനച്ചുമാണ് കൃഷിപ്പണി പൂർത്തീകരിച്ചത്. വിളവെടുപ്പ് സമയമായപ്പോഴാണ് മഴ വീണ്ടും കർഷകരെ ദുരിതത്തിലാക്കിയത്.
കബനി പുഴയോരങ്ങളിലാണ് നെൽകൃഷി കൂടുതലുള്ളത്. അവിടങ്ങളിലൊക്കെ വെള്ളപ്പൊക്കത്തിനു സമമാണ് വയലുകൾ. വിളവെടുപ്പിനുള്ള വയലുകളിൽ വെള്ളം നിറഞ്ഞാൽ നെല്ലു കൊഴിഞ്ഞുപോകും. മഴക്കുമുമ്പ് കൊയ്തവരുടെ നെല്ലും പുല്ലും വെള്ളത്തിനടിയിലാണ്. ജില്ല പഞ്ചായത്ത് ഇടപെട്ട് തമിഴ്നാട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കൊയ്ത്തുയന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ, മഴ തുടരുന്നതു കാരണം തിരിച്ചുപോകാനുള്ള ശ്രമത്തിലാണ് യന്ത്ര ഉടമകൾ. കാപ്പിക്കർഷകരെയും നിനച്ചിരിക്കാത്ത മഴ പ്രതിസന്ധിയിലാക്കി. കാപ്പി പറിച്ചവർ ഉണക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.