വട്ടവട (ഇടുക്കി): സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനത്തില് വലിയ വര്‍ധനവുണ്ടായതായി മന്ത്രി വി.എസ് സുനില്‍കുമാര്‍. വട്ടവടയില്‍ സവാളയുടെയും സ്ട്രോെബറിയുടെയും വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഞ്ച് വര്‍ഷം മുമ്പ് 46000 ഹെക്ടര്‍ പ്രദേശത്തായിരുന്നു കൃഷി. നിലവില്‍ 97000 ഹെക്ടറായി അത് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ ശീതകാല പച്ചക്കറി ഏറ്റവും അധികം ഉൽപാദിപ്പിക്കുന്നിടമാണ് ദേവികുളം ബ്ലോക്ക്. സര്‍ക്കാര്‍ ഇവിടേക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്.
പച്ചക്കറിക്ക് വില ലഭിക്കുന്നില്ലെന്ന പരാതി ഒരു പരിധിവരെ പരിഹരിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ചത് ഈ സര്‍ക്കാറാണ്. വട്ടവടയിലെ കര്‍ഷകരുടെ പച്ചക്കറി പൂര്‍ണമായി സംഭരിക്കുന്ന കാര്യത്തില്‍ ലക്ഷ്യപ്രാപ്തി നേടിയിട്ടില്ല. ഇത് പരിഹരിക്കാന്‍ ഹോര്‍ട്ടി കോര്‍പ് ഔട്ട്ലെറ്റുകള് വര്‍ധിപ്പിക്കും.
വട്ടവടയിലെ കര്‍ഷകരില്‍നിന്ന് സംഭരിച്ച പച്ചക്കറികളുടെ തുക മാര്‍ച്ച് മാസത്തോടെ കൊടുത്ത് തീര്‍ക്കും. സവാളയുടെ ആദ്യഘട്ട പരീക്ഷണം വിജയമായിരുന്നു. ഒരു മാസം കൂടി പിന്നിട്ടാലെ വിളവ് പൂര്‍ണ്ണമാകുകയുള്ളു. ഇവിടെ മറ്റ് മേഖലയിലേക്കും കൃഷി വ്യാപിപ്പിക്കും.
ഗവേഷണ കേന്ദ്രത്തോടൊപ്പം നടീല്‍ വസ്തുക്കളുടെ വിതരണമുള്‍പ്പെടെ സാധ്യമാകുന്ന നഴ്സറി ആരംഭിക്കും. വട്ടവടയെ സംസ്ഥാനത്തെ കാര്‍ഷിക ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗണപതിയമ്മാള്‍ അധ്യക്ഷത വഹിച്ചു. കൃഷി അഡീഷനല്‍ ഡയറക്ടര്‍ മധു ജോര്‍ജ് മത്തായി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സജിമോള്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സൈജ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആൻറണി, ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുലോചന തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.