കട്ടപ്പന: കുരുമുളകുവില വീണ്ടും ഉയരങ്ങളിലേക്ക്. വില കിലോക്ക് 535 രൂപയിലെത്തി. തമിഴ്നാട് സർക്കാർ പൊങ്കൽ ആഘോഷത്തിന് റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന കിറ്റിൽ 50 ഗ്രാം കുരുമുളകുകൂടി നൽകുമെന്ന പ്രചാരണമാണ് കേരളത്തിൽ വില ഉയരാൻ കാരണമെന്നാണ് കച്ചവടക്കാർക്കിടയിലെ ചർച്ച. ഇൗ ആവശ്യത്തിന് നൽകാൻ കുരുമുളക് തികയാത്തതിനാൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കച്ചവടക്കാർ കേരളത്തിൽനിന്ന് വൻതോതിൽ കുരുമുളക് ശേഖരിക്കുന്നുണ്ട്. ജനുവരിയിലാണ് തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷം.
രണ്ടുമാസം മുമ്പ് കിലോക്ക് 430 രൂപയായിരുന്നു. കുരുമുളകിെൻറ എക്കാലത്തെയും ഉയർന്ന വില 2014 ൽ കിലോക്ക് 710 രൂപ ലഭിച്ചതാണ്. 2016 ജനുവരിയിൽ വില കിലോക്ക് 640 രൂപ വരെ ഉയർന്നു. കേരളത്തിൽ കിലോക്ക് 535 രൂപ ലഭിക്കുമ്പോൾ കർണാടകയിൽ കിലോക്ക് 560 വരെ വിലയുണ്ട്. ഇപ്പോഴത്തെ വില വർധന തുടർന്നും ലഭിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കിലോക്ക് ശരാശരി 110 രൂപയുടെ വർധനയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്. കുരുമുളക് വിപണിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കട്ടപ്പന മാർക്കറ്റിൽ ശനിയാഴ്ച കിലോക്ക് 525 മുതൽ 535 രൂപയിലേക്ക് വരെ വില ഉയർന്നു. കൊച്ചി മാർക്കറ്റിൽ ക്വിൻറലിന് 52,500 വരെ ഉയർന്നു.
ഈ വർഷം വിയറ്റ്നാമിൽ കുരുമുളക് ഉൽപാദനം കുറയുമെന്ന സൂചനകളും വില ഉയരാൻ കാരണമാണ്. അന്തർദേശീയ വിപണിയിൽ കുരുമുളകുവില വർധിക്കുമെന്ന സൂചനകളെത്തുടർന്ന് അടുത്തകാലത്ത് ചൈന വൻതോതിൽ വിയറ്റ്നാം കുരുമുളക് ഇറക്കുമതി െചയ്തു. ഇതോടെ വിയറ്റ്നാം കുരുമുളക് വില അന്തർദേശീയ വിപണിയിൽ ക്വിൻറലിന് 4500-5500 ഡോളറിലേക്ക് ഉയർന്നു. ഇന്ത്യൻ കുരുമുളകിന് 5600 മുതൽ 6100 ഡോളർ വരെ വിലയുണ്ട്.
കുരുമുളക് വിളവെടുപ്പ് സീസൺ ആരംഭിക്കാൻ രണ്ടുമാസം കൂടി ശേഷിക്കേ വില ഇനിയും ഉയരുമെന്ന സൂചനയാണ് മാർക്കറ്റിൽ നിന്ന് ലഭിക്കുന്നത്.
റബറിനും വില വർധന; ഒമ്പതുവർഷത്തിനിടെ ഏറ്റവും ഉയർന്ന വില
കോട്ടയം: കർഷകപ്രതീക്ഷ വർധിപ്പിച്ച് റബർ വിലയിലെ വർധന തുടരുന്നു. ശനിയാഴ്ച റബർവില കിലോക്ക് 185 രൂപയെത്തി. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന.
മഴ തുടര്‍ന്നാല്‍ വില 200 രൂപയില്‍ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. 2013 ജൂലൈയിൽ രേഖപ്പെടുത്തിയ 196 രൂപയെന്ന റെക്കോഡ് ഇത്തവണ മറികടന്നേക്കാമെന്ന പ്രതീക്ഷയും ഇവർ പങ്കുെവക്കുന്നു. മൂന്നുമാസം മുമ്പ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നിരുന്നു.
ആഭ്യന്തര വിപണിയിലെ ദൗര്‍ലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം. ഒക്ടോബര്‍ ആദ്യം മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ടാപ്പിങ് നിലച്ച അവസ്ഥയാണ്. നവംബര്‍ ആദ്യവാരത്തോടെ ടാപ്പിങ് പുനരാരംഭിക്കേണ്ടതാണെങ്കിലും മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. എന്നാൽ, ടാപ്പിങ് കാര്യമായി നടക്കാത്തതിനാൽ വില ഉയർന്നിട്ടും കർഷകർക്ക് വിൽക്കാൻ ഷീറ്റില്ലാത്ത സ്ഥിതിയാണ്.
ആർ.എസ്.എസ് നാലിന് റബർ ബോർഡ് നിശ്ചയിക്കുന്ന വിലെയക്കാൾ നാല്-അഞ്ച് രൂപ കുറച്ചാണ് കർഷകരിൽനിന്ന് വ്യാപാരികൾ വാങ്ങുന്നത്. 180 രൂപക്കാണ് കോട്ടയത്തെ വ്യാപാരികൾ ശനിയാഴ്ച റബർ വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.