പൊന്നാനി: മലബാറിന്റെ നെല്ലറയായ ബിയ്യം കോൾമേഖലയിൽ പതിറ്റാണ്ടുകളായി തരിശു കിടന്ന മേഖലകളിൽ വീണ്ടും കൃഷിയിറക്കാൻ അടിസ്ഥാന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോൾ മേഖലയിൽ വെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറായി. 32 കോടി രൂപയുടെ ഡി.പി.ആറാണ് തയാറായത്. വിശദ പദ്ധതിരേഖ സർക്കാർ അനുമതിക്ക് ഉടൻ സമർപ്പിക്കും.
ടെൻഡർ നടപടികൾ പൂർത്തിയായാൽ രണ്ട് വർഷം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കും. വെള്ളം ഭാരതപ്പുഴയിൽനിന്നും അതളൂർ ചെറിയതോട് വഴി അതളൂർ അങ്ങാടിയിലെത്തിക്കുകയും തുടർന്ന് കാർഷിക മേഖലകളിലേക്ക് വെള്ളമെത്തിക്കുകയും ചെയ്യും. തവനൂർ, കാലടി, പൊന്നാനി നഗരസഭ പരിധികളിലൂടെയാണ് വെള്ളമെത്തിക്കുക. 7.8 കിലോമീറ്റർ ദൂരത്തിലാണ് തോട് തയാറാക്കുന്നത്.
ഭാരതപ്പുഴയിൽനിന്ന് അതളൂർ ചെറിയതോട് വഴി അതളൂർ അങ്ങാടിയിലേക്ക് ആദ്യഘട്ടത്തിൽ 1.3 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിക്കും. 90 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പിടാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇറിഗേഷൻ വകുപ്പിന് കീഴിൽ സർവേ പൂർത്തിയായിരുന്നു. ഭാരതപ്പുഴയിൽനിന്ന് വെള്ളം പൈപ്പ് വഴി കൃഷിമേഖലയിലെ കനാലുകളിലേക്കും തോടുകളിലേക്കുമെത്തിച്ച് കർഷകർക്കാവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
നേരത്തെ സജീവമായി കൃഷി നടന്നിരുന്ന ഹെക്ടർ കണക്കിന് മേഖലയിൽ ഇപ്പോൾ ഏക്കർകണക്കിന് തരിശ് കിടക്കുകയാണ്. മേഖലയിൽ വെള്ളമെത്തിക്കാനുള്ള പ്രയാസം മൂലമാണ് കൃഷിഭൂമി പതിറ്റാണ്ടുകളായി തരിശിടേണ്ടി വന്നത്. പദ്ധതി യാഥാർഥ്യമായാൽ പുഞ്ചകൃഷിയും കോൾകൃഷിയും സാധ്യമാകും. പൊന്നാര്യൻ കൊയ്യും പൊന്നാനിയുടെ ഭാഗമായി കൃഷി വർധിപ്പിച്ചെങ്കിലും ഇത് പൂർണാർഥത്തിൽ എത്തിയിട്ടില്ല. മുൻവർഷങ്ങളിൽ തരിശു കിടന്ന പാടങ്ങളിലെല്ലാം ഇത് വഴി കൃഷിയിറക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.