വിദേശ കമ്പനികള്‍ക്കും ആഭ്യന്തര കമ്പനികള്‍ക്കുമായി സ്വകാര്യ ഏജന്‍സികളാണ് മലഞ്ചരക്ക് കടകളില്‍നിന്നും കര്‍ഷകരില്‍നിന്നും കൊക്കോ സംഭരിക്കുന്നത്. ചില പ്രമുഖ കമ്പനികൾ കർഷകരിൽനിന്ന് നേരിട്ടും കൊക്കോ സംഭരിക്കുന്നുണ്ട്.
പത്തനംതിട്ട: വിലയിൽ കുതിച്ചുചാടുകയാണ് കൊക്കോ. ആഴ്ച അവസാനിക്കുമ്പോൾ കട്ടപ്പന മാർക്കറ്റിൽ 750 രൂപയിലാണ് നിലവാരം. സമീപ ജില്ലയായ ഇടുക്കി ഹൈറേഞ്ചിലെ വിവിധ ചന്തകളിലും വില ഉയരുകയാണ്. രണ്ടു മാസത്തിലധികമായി വില ഉയരുന്നെങ്കിലും ഇത്രയും വില ഉയർന്നത് ചരിത്രത്തിൽ ആദ്യം. മുൻ വർഷങ്ങളിൽ 350ന് മുകളിൽ ലഭിച്ചിട്ടില്ല.
കൊക്കോ പൾപ്പിന് 230ന് മുകളിലാണ് വില. കൊക്കോ വില 45 വർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതും ഇറക്കുമതി കാര്യമായി എത്താത്തുമാണ് വില ഉയരാൻ കാരണം.
വിലയിൽ ഏലക്ക മാത്രമാണ് കൊക്കോക്ക് മുന്നിലുള്ളത്. ഇതോടെ ജില്ലയിലെ കൊക്കോ കർഷകരും സന്തോഷത്തിലാണ്. വില ഇത്രത്തോളം ഉയരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കൊക്കോ വില സർവകാല റെക്കോഡിലേക്ക് ഉയർന്നു കഴിഞ്ഞു. റബറും കുരുമുളകുമൊക്കെ പരീക്ഷിച്ച് പരാജയപ്പെട്ട ജില്ലയിലെ കര്‍ഷകർ വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിയുമോ എന്നാണ് ഇനി അറിയേണ്ടത്.
എഴുപതുകളിൽ ജില്ലയുടെ മലയോര മേഖലയിൽ കൊക്കോ വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു. 1970-72 കാലത്താണ് ജില്ലയിലും കൊക്കോ കൃഷി തുടങ്ങിയത്. ഗ്രാമങ്ങളിലും വ്യാപക കൃഷിയുണ്ടായിരുന്നു. പിന്നീട് വില കുത്തനെയിടിഞ്ഞതിനെ തുടർന്ന് ഏറ്റെടുക്കാൻ ആളില്ലാതെ നശിച്ചു. ഇതോടെ പലരും കൊക്കോചെടി വെട്ടിക്കളഞ്ഞ് റബർ, ജാതി, കുരുമുളക്, അടയ്ക്ക കൃഷികളിലേക്ക് മാറി. മൊത്തം ഉൽപാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ഇതിൽ 70 ശതമാനം ഇടുക്കി ജില്ലയിലാണ്. പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലകളിലും വൻതോതിൽ കൃഷി ചെയ്തിരുന്നു.
കാര്യമായ ചെലവുകളോ പ്രത്യേക പരിചരണമോ ആവശ്യമില്ലാത്ത കൃഷിയാണിത്. തനിവിളയായും ഇടവിളയായും കൊക്കോ കൃഷി ചെയ്യാം. കാപ്പിത്തോട്ടങ്ങളിലും സ്വകാര്യ റബർ തോട്ടങ്ങളിലും ഇടവിളയെന്ന നിലക്ക് വ്യാപകമായി കൊക്കോ കൃഷി ചെയ്തുന്നു.
ജില്ലയുടെ മലയോര മേഖലയിൽ കൊക്കോ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. തണ്ണിത്തോട്, കോന്നി, അരുവാപ്പുലം മേഖലകളിൽ ധാരാളം കൃഷിയുണ്ട്. കൊക്കോ കൃഷി വ്യാപകമായി ഉൽപാദനം കൂടിയതോടെ വിപണി പൊട്ടി.
ചോക്ലറ്റ് നിര്‍മാണത്തിനാണ് കൊക്കോ പ്രധാനമായും ഉപയോഗിക്കുന്നത്. ബേബി ഫുഡ്സ്, സൗന്ദര്യ വര്‍ധകവസ്തുക്കള്‍, ഔഷധങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായും കൊക്കോ കായ് ആവശ്യമുണ്ട്. കാഡ്ബെറി ഇന്ത്യ ലിമിറ്റഡ് ആയിരുന്നു കർഷകരിൽനിന്ന് ആദ്യകാലത്ത് ഉൽപന്നം വാങ്ങിയിരുന്നത്.
കൊക്കോയിലുള്ള ഉത്തേജക ആൽക്കലോയ്ഡ് ‘തിയോബ്രോമിൻ’ ചെറിയ രീതിയിൽ ലഹരി പിടിപ്പിക്കും. നൂറുകണക്കിന് രാസഘടകങ്ങളുടെ സങ്കീർണമായ പ്രവർത്തനത്തിലൂടെയാണ് ചോക്ലറ്റിന് ലഹരിയും മണവും രുചിയും എല്ലാം ലഭിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ കൃഷി നാശം സംഭവിച്ചതും ഉൽപാദനം കുറഞ്ഞതും ഇപ്പോൾ വില ഉയരാൻ ഇടയാക്കിയത്.
കാമറൂൺ, നൈജീരിയ, ഐവറി കോസ്റ്റ് രാജ്യങ്ങൾക്ക് പുറമെ ഇന്തോനേഷ്യയും ലോകവിപണിയിലേക്ക് കൊക്കോ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളാണ്.
ലോകത്തെ കൊക്കോ ഉൽപാദനത്തിന്റെ 60 ശതമാനത്തോളം വരുന്ന ഐവറി കോസ്റ്റിലെയും ഘാനയിലെയും വിളകൾ നശിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ആഗോള വിപണി കമ്മി നേരിടുന്നത്. എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ആഗോളതലത്തിൽ കൊക്കോ വില കുതിക്കുന്നതിനിടെ ചോക്ലറ്റുകൾ, കുക്കികൾ, ഐസ്ക്രീം തുടങ്ങിയ ചോക്ലറ്റ് അടങ്ങിയ ഉൽപന്നങ്ങളുടെയും വില വർധിക്കും. ഇതിനായി വൻ കമ്പനികൾ നീക്കം തുടങ്ങുകയും മുന്നറിയിപ്പ് നൽകുകയും ചെയ്ത് കഴിഞ്ഞു.
‘ഒരു കമ്പനിക്കും ഇത്തരത്തിലുള്ള വിലക്കയറ്റം ഉൾക്കൊള്ളാൻ കഴിയില്ല. അതിനാൽ, അടുത്ത 1-2 മാസങ്ങളിൽ, കൊക്കോ ഒരു പ്രധാന ഘടകമായ ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ കാര്യമായ വിലവർധന വരുത്തിയേക്കാം’’ പ്രമുഖ കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിലെ വിദഗ്ധൻ അഭിപ്രായപ്പെട്ടു. 10-15 ശതമാനം വില വർധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.