കട്ടപ്പന: അനുകൂല കാലാവസ്ഥയിൽ ഉൽപാദനം വർധിച്ചതോടെ ഏലത്തിെൻറ വിലയിടിയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് കട്ടപ്പന മാർക്കറ്റിൽ ബുധനാഴ്ച ഏലത്തിന് ലഭിച്ചത്. ഒരു കിലോക്ക് ലഭിച്ച ശരാശരി വില 850 രൂപയാണ്.
പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന കാർഡമം പ്ലാേൻറഴ്സ് അസോസിയേഷൻ കമ്പനിയുടെ ഓൺലൈൻ ഏലക്ക ലേലത്തിൽ ലഭിച്ച ശരാശരി വില കിലോക്ക് 876.93 രൂപയാണ്. കൂടിയ വില കിലോക്ക് 1190 രൂപ മാത്രമായിരുന്നു. രണ്ടുവർഷം മുമ്പ് കിലോക്ക് 7000 രൂപ വരെ വില ഉയർന്നിരുന്നു.
ഇന്ത്യയിൽ ഏലം ഉൽപാദനത്തിന് കുത്തകയുള്ള ഇടുക്കിയിൽ 35 വർഷം മുമ്പ് ലഭിച്ചിരുന്ന അതേ വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഉൽപാദന ചെലവിന് ആനുപാതികമായി കണക്കാക്കിയാൽ കുറഞ്ഞത് കിലോക്ക് 2000 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി ആദായകരമായി മുന്നോട്ട് കൊണ്ടുപോകാനാകൂവെന്നാണ് കർഷകർ പറയുന്നത്. വളം, കീടനാശിനി എന്നിവയുടെ വില ഇരട്ടിയായതിനൊപ്പം ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഒമിക്രോൺ ഭീതിയും ഏലത്തിെൻറ വിലയിടിവിന് കാരണമാണ്. നിയന്ത്രണങ്ങൾ വന്നാൽ ഇപ്പോൾ നടക്കുന്ന ആഭ്യന്തര കയറ്റുമതിപോലും നിലക്കുന്ന സ്ഥിതിയാണ്. വിദേശ കയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കീടനാശിനിയുടെ അംശം കൂടുതൽ കണ്ടതിനെത്തുടർന്ന് സൗദി അറേബ്യ ഏലക്ക മുമ്പ് തിരിച്ചയച്ചിരുന്നു.
അതിനാൽ അമിത കീടനാശിനി പ്രയോഗവും, കൃത്രിമ നിറം ചേർക്കുന്നതും കയറ്റുമതിയെ ബാധിക്കുമെന്ന് സ്പൈസസ് ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.
2017ൽ 5000 മെട്രിക് ടൺ ഏലക്ക വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ വർഷം കയറ്റുമതി 2000 മെട്രിക് ടണ്ണിൽ താഴെയായി. 2021ൽ 6500 ടൺ കയറ്റി അയക്കാനാകുമെന്നായിരുന്നു സ്പൈസസ് ബോർഡിെൻറ കണക്കുകൂട്ടൽ.
ഗുണനിലവാരത്തിൽ പിന്നിലുള്ള ഗ്വാട്ടിമാല ഏലം വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും വിലയിടിവിന് കാരണമാണ്. യു.എ.ഇയിൽനിന്നടക്കം ഗ്വാട്ടിമാല ഏലം ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ടെന്നാണ് സൂചന. പ്രതിവർഷം 30,000 മെട്രിക് ടണ്ണാണ് ഗ്വാട്ടിമാല ഏലത്തിെൻറ ഉൽപാദനം. ഇതിൽ ഒരുഭാഗം ഉൽപാദനത്തിൽ മുൻപന്തിയിലുള്ള ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിക്കുന്നത് സാധാരണ ഏലം കർഷകരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
മികച്ച കാലാവസ്ഥയിൽ ഈ വർഷം ഏലത്തിെൻറ ഉൽപാദനം 40 ശതമാനം വർധിക്കുമെന്നാണ് കർഷകർ പറയുന്നത്. ഹൈറേഞ്ചിലെ മിക്ക കർഷകരുടെ പക്കലും ഇപ്പോൾ ധാരാളം ഏലക്ക സ്റ്റോക്കുണ്ട്. ഏലത്തിന് ശരാശരി 1600 രൂപ ലഭിച്ചിരുന്ന സമയത്ത് വില ഉയരുമെന്ന പ്രതീക്ഷയിൽ പിടിച്ചു െവച്ച ഏലക്കയാണ് കർഷകരുടെ പക്കൽ സ്റ്റോക്കുള്ളത്.
ഇത്തരത്തിൽ കർഷകരുടെയും വ്യാപാരികളുടെയും പക്കൽ ധാരാളം ഏലക്ക സ്റ്റോക്ക് ഉള്ളതിനാൽ വിപണിയിൽ ഡിമാൻഡ് കൂടാനുള്ള സാധ്യത വിരളമാണ്. ഇതുമൂലം അടുത്ത സമയത്തൊന്നും ഏലത്തിെൻറ വില വർധിക്കാനിടയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ചിലപ്പോൾ വില ഇതിലും താഴാനും സാധ്യതയുണ്ട്. വിലയിടിവ് കർഷകരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.