കേരള വെറ്ററിനറി സർവകലാശാലയിൽനിന്ന് ഡയറി ഡിപ്ലോമയും ഡയറി ടെക്നോളജിയിൽ ബി. ടെക്ക് ബിരുദവും നേടി പഠിച്ച കാര്യങ്ങൾ ഒന്നു പ്രയോഗിച്ചു നോക്കാൻ സ്വന്തമായൊരു ഡയറി ഫാം തന്നെ തുടങ്ങിയ യുവ എൻജിനീയറാണ് മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശിയായ പി.സി. ജംഷീർ. പഠനകാലത്ത് നേടിയ അറിവുകളും പ്രഫഷണലിസവും ഫാമിങ്ങിൽ മികച്ച രീതിയിൽ പ്രയോഗിച്ചതോടെ ചുരുങ്ങിയ കാലംകൊണ്ട് പണവും പാലും വേണ്ടുവോളം ചുരത്തി ജംഷീറിന്റെ ഡയറി ഫാം ജയത്തിന്റെ ട്രാക്കിലെത്തി. പശുവളർത്തൽ ജീവിതത്തിന്റെ പാഷനും പ്രഫഷനുമാക്കിയ 28കാരനെ തേടിയെത്തിയ അംഗീകാരങ്ങളുംഏറെ. ഈ ഫാം പാഠപുസ്തകം
ജംഷീറിന്റെ പി.സി.എം.ഫാമിന്റെ തുടക്കം ഏഴുവർഷം മുൻപ് രണ്ടു പശുക്കളിൽനിന്നായിരുന്നു. ഇന്ന് കറവപ്പശുക്കളും കിടാക്കളും കിടാരികളുമെല്ലാമായി എഴുപതോളം കാലികളുണ്ട്. തന്റെ ഡിപ്ലോമ പഠനകാലത്ത് തുടക്കമിട്ട ക്ഷീരസംരംഭത്തെ ഘട്ടംഘട്ടമായി വിപുലീകരിച്ച് ഇന്ന് കാണുന്നവിധം വിജയകരമായ ഒരു മിനി ഹൈടൈക് ഫാമാക്കി മാറ്റിയതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ കൈയൊപ്പുണ്ട്. ഇവിടത്തെ പ്രതിദിന പാലുൽപ്പാദനം 380 ലിറ്ററോളമാണ്. പ്രതിദിനം 38 ലിറ്ററോളം നറുംപാൽ ചുരത്തുന്ന പശുക്കൾവരെ ജംഷീറിന്റെ ഫാമിലുണ്ട്.
തൊഴുത്ത് നിർമാണത്തിൽ തുടങ്ങി തൊഴുത്തിൽനിന്നുള്ള മാലിന്യനിർമാർജനത്തിൽവരെ പ്രഫഷനൽ സമീപനമുണ്ട്. തൊഴുത്തിനുള്ളിലെ ചൂട് കുറച്ച് പശുക്കൾക്ക് പാൽചുരത്താൻ ഏറ്റവും നല്ല അന്തരീക്ഷം ഉറപ്പാക്കുന്നതിനായി നടുക്ക് ആറ് മീറ്റർ ഉയരത്തിലും വശങ്ങളിൽ നാലര മീറ്റർ ഉയരത്തിലും ഡബിൾ മോണിറ്റർ രീതിയിലാണ് ഇരട്ടവരി തൊഴുത്തിന്റെ രൂപകല്പന. തടസ്സമേതുമില്ലാതെ കാറ്റും വെളിച്ചവും ഫാമിൽ കയറിയിറങ്ങാൻ ഫാം കെട്ടിടത്തിന്റെ നാല് വശങ്ങളിലും ഭിത്തിക്ക് മുക്കാൽ മീറ്റർ ഉയരം മാത്രം. ആശയങ്ങളെല്ലാം ജംഷീറിന്റേതുതന്നെ.
പശുക്കളുടെ മേനി തണുപ്പിക്കാൻ മിസ്റ്റ്, ഫോഗ്ഗർ സംവിധാനങ്ങളും തറയിൽ റബർ മാറ്റും പശുക്കൾക്ക് ഇടതടവില്ലാതെ കുടിവെള്ളം ഉറപ്പാക്കാൻ ഓട്ടോമാറ്റിക് ഡ്രിങ്കിങ് വാട്ടർ ബൗളുകളും പശുക്കളുടെ വിശ്രമവേളകൾ ആനന്ദകരമാക്കാൻ മ്യൂസിക്ക് സിസ്റ്റവും ജംഷീർ തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്. ഫാമിലേക്കുള്ള വൈദ്യുതി ആവശ്യങ്ങൾക്കായി സോളാർ സംവിധാനവുമുണ്ട് . തൊഴുത്തിലും പുറത്തുമെല്ലാം സി.സി.ടി.വി. കാമറകൾ സജ്ജമാക്കി മേൽനോട്ടവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ഫാമിലേക്കുള്ള കാലിത്തീറ്റ തയാറാക്കാൻ മിനി ഫീഡ് പ്ലാന്റാണ് ഇനി ലക്ഷ്യം.
മുടക്കമില്ലാതെ ഒരേ അളവിൽ പാലുല്പാദനം സാധ്യമാവണമെങ്കിൽ ഫാമിലെ ആകെ വലിയ പശുക്കളിൽ 75 ശതമാനം എപ്പോഴും കറവയിൽ ആയിരിക്കണം, ബാക്കി പശുക്കൾ വറ്റുകാലത്തിലായിരിക്കും. ഈയൊരു വിജയാനുപാതം ഉറപ്പാക്കുന്ന രീതിയിലാണ് പശുക്കളുടെ തിരഞ്ഞെടുപ്പ്, ഒഴിവാക്കൽ, കൃത്രിമ ബീജാധാനം ഉൾപ്പടെ ക്രമീകരിച്ചിരിക്കുന്നത്. തീറ്റപ്പുൽ കൃഷി സ്വന്തമായുണ്ടെങ്കിൽ തീറ്റച്ചെലവിന്റെ അധികഭാരം കുറക്കാം. ഫാമിന് സമീപത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായി അഞ്ചേക്കറിലാണ് തീറ്റപ്പുൽക്കൃഷി. ഓരോ പശുവിനും ആണ്ടിലൊരു പശുക്കിടാവ് എന്നതാണ് പ്രജനന നയം. ഒരു പ്രസവം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോൾ പശുക്കള്‍ക്ക് അടുത്ത കൃത്രിമ ബീജാധാനം നിര്‍ബന്ധമായും നടത്തും. ഈ രീതി സ്വീകരിച്ചാൽ ഉല്‍പ്പാദനക്ഷമമായ പത്തു മാസത്തെ കറവക്കാലവും രണ്ടുമാസം നീളുന്ന വറ്റുകാല വിശ്രമവും പശുക്കള്‍ക്ക് ഉറപ്പാക്കാം, ഒപ്പം വർഷത്തിൽ ഒരു കിടാവിനെയും.
ഡയറി ഫാം സ്ഥിതിചെയ്യുന്ന വിശാലമായ രണ്ടേക്കർ പഴം-പച്ചക്കറി കൃഷികളാലും സമൃദ്ധമാണ്. തണല്‍ വിരിച്ച് തെങ്ങുകളും കവുങ്ങുകളും ഫാമിന്റെ ചുറ്റുവട്ടത്തില്‍ തഴച്ചുവളരുന്നുണ്ട്. പശുക്കള്‍ക്ക് കൂട്ടായി നാടന്‍ കോഴികളും താറാവുകളും ഈ ഫാമില്‍ തന്നെയുണ്ട്. നാടന്‍ കോഴിക്കൊപ്പം മുട്ടയുല്‍പ്പാദന മികവേറിയ ബി.വി. 380 ഇനം മുട്ടക്കോഴികളും ഫാമിന്റെ ഭാഗമാണ്. ഒപ്പം മലബാറി ആടുകളുടെ ശേഖരവുമുണ്ട്. പറമ്പിലെ ഒരു തരി മണ്ണുപോലും വെറുതെ കളയാത്ത രീതിയിലുള്ള മൃഗസംരക്ഷണവും, പഴം-പച്ചക്കറി കൃഷിയും ഒരുമിപ്പിച്ചുള്ള സമ്മിശ്ര കൃഷിരീതിയാണ് ഇവിടെ. ഡയറി ഫാമില്‍നിന്നുള്ള ചാണകവും മൂത്രവും സ്ലറിയും ഉപയോഗിച്ച് പൂർണമായി ജൈവരീതിയിലാണ് കൃഷി.
പാല്വില്പനതന്നെയാണ് പ്രധാന വരുമാനം. പാല് ഉല്പാദനത്തിന്റെ നല്ലൊരു പങ്ക് മില്‍മക്കാണ് നല്‍കുന്നത്. തൈര്, നെയ്യ് തുടങ്ങിയ മൂല്യവർധിത പാലുൽപന്നങ്ങളുടെ വില്പനയുമുണ്ട്. ശരാശരി 15 ലിറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിൽനിന്ന് തീറ്റ, ചികിത്സ അടക്കം എല്ലാ ചെലവും കഴിച്ചാലും മാസം ചുരുങ്ങിയത് 5000 രൂപ ആദായം കിട്ടും. ഒപ്പം ജൈവകൃഷിയില്നിന്നുള്ള വരുമാനവും. പശുവളർത്തൽ നഷ്ടസംരംഭമാണെന്ന് പറയുന്നവര്‍ ഏറെയുണ്ട്. എന്നാൽ, ജംഷീറിന്റെ അഭിപ്രായം മറിച്ചാണ്. ഈ മേഖലയെ കുറിച്ച് അടിസ്ഥാന പരിജ്ഞാനവും ആത്മാർഥതയോടെ അദ്ധ്വാനിക്കാന്‍ ഒരു മനസ്സുമുണ്ടെങ്കില്‍ ക്ഷീരസംരംഭം വിജയകരമായി തീരുമെന്ന് ജംഷീര്‍ ഉറപ്പുനല്‍കുന്നു. തന്റെ അറിവും അനുഭവങ്ങളും പങ്കുവെച്ച് ഫാം കൺസൾട്ടൻസി സേവനവും ജംഷീർ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.