ആലത്തൂർ: മഴ കുറഞ്ഞ് വെയിൽ തെളിയുന്നു. മൂടിക്കെട്ടിയ കാലാവസ്ഥയാണ് നാടെങ്ങും. ഇതുമൂലം നെൽപാടങ്ങളിൽ ഓലകരിച്ചിൽ രോഗം പടരാൻ സാധ്യതയെന്ന് കൃഷി വകുപ്പ്. ആലത്തൂർ കൃഷിഭവൻ ചില പാടശേഖരങ്ങളിൽ നടത്തിയ സർവേയിലാണ് രോഗലക്ഷണങ്ങൾ കാണപ്പെട്ടത്. നട്ട് ഒരുമാസം പ്രായമായ ചെടികൾ ആണെങ്കിൽ ഇലയുടെ അറ്റത്തുനിന്ന് ആരംഭിക്കുന്ന കരിച്ചിലാണ് ആദ്യത്തെ ലക്ഷണം. തുടർന്ന് നെല്ലോലയെ പൂർണമായും ബാധിക്കുകയും കരിഞ്ഞുനശിക്കുകയും ചെയ്യുന്നു.
കുമിൾബാധ കൂടി കാണപ്പെട്ട സാഹചര്യത്തിൽ നെല്ലിന്റെ തണ്ടിന് ചുറ്റും അഴുകിയപോലെ കറുത്ത നിറത്തിലാകുകയും തണ്ടും വേരുകളും ഉൾപ്പെടെ ഓരോ നുരിയും നശിക്കുകയും ചെയ്യും. നട്ട ഉടനെയുള്ള നെൽ ചെടികളിൽ 'ക്രെസക്'എന്ന ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. നുരിയിലെ പുറത്തുള്ള നെൽച്ചെടിയിൽ ഓലകൾക്കു ആദ്യം വാട്ടം വരുകയും തുടർന്ന് ഉണങ്ങി വയ്ക്കോല്‍ പോലെ ആകുന്നതുമാണ് ലക്ഷണം. പാടത്തെ ഏതെങ്കിലും ഒരുഭാഗത്തെ ചില ചെടികളിൽ മാത്രമാണ് ആദ്യം ലക്ഷണങ്ങൾ കാണുന്നത്. പിന്നീട് വെള്ളത്തിലൂടെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടരുന്നു.
ഇലപ്പേൻ എന്ന അണു ഉണ്ടാക്കിയ മുറിവുകളിലൂടെ അതിവേഗം പകർന്ന് ചെടികളെ ബാധിക്കും. രോഗബാധ രൂക്ഷമായാൽ 'ബാക്ടീരിയ ലോഡ്' അനുകൂല കാലാവസ്ഥയിൽ പെട്ടെന്ന് വർധിക്കുകയും മണ്ണ്, വെള്ളം, കാറ്റ് എന്നിവയിലൂടെ അതിവേഗം പടരുകയും ചെയ്യും. കൃത്യമായ മുന്നൊരുക്കം നടത്തിയാൽ രോഗബാധ കുറക്കാനും വ്യാപനം തടയാനും സാധിക്കുന്നതാണ്. ബ്ലീച്ചിങ് പൗഡർ ഏക്കറിന് അഞ്ച് കിലോ എന്ന കണക്കിലെടുത്ത് ചെറിയ കിഴികളിലാക്കി കരിച്ചിൽ കാണുന്ന നുരികൾക്കു ചുറ്റിലും കഴായിലും ഇട്ടു കൊടുക്കുക. 10 ഗ്രാം സ്യുഡോമോണാസ് എന്ന മിത്ര ബാക്ടീരിയ, ഒരു കിലോ പുതിയ ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിച്ച് കൊടുക്കുക.
രോഗം കൂടുതൽ കാണുന്നു എങ്കിൽ കെസൈക്ലിൻ എന്ന ബാക്ടീരിയൽ നാശിനി ഏക്കറിന് 30 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കലക്കിയും തളിക്കാവുന്നതാണെന്ന് ആലത്തൂർ കൃഷിഭവന്‍റെ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.