കൊച്ചി: വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഉടൻ സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈകോടതി. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ സാധിക്കുന്ന തിരക്ക് കുറഞ്ഞ സ്ഥലങ്ങൾ കണ്ടെത്താൻ ആവശ്യപ്പെട്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായെ അടിച്ചുകൊലപ്പെടുത്തി പുഴയിലെറിഞ്ഞ സംഭവത്തെ തുടർന്ന് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് കോടതിയുടെ നിർദേശം.
വളർത്തുമൃഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് നേരേത്ത ഇതേ ഹരജിയിൽ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടു. സർക്കുലർ ഉടൻ പുറപ്പെടുവിക്കുമെന്നും അറിയിച്ചു.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. എല്ലാ നഗരങ്ങളിലും ഇതിനുള്ള സൗകര്യം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്നാണ് ഇക്കാര്യത്തിലും സർക്കുലർ പുറപ്പെടുവിക്കാൻ നിർദേശിച്ചത്.
ഭക്ഷണം കിട്ടാതാകുമ്പോഴാണ് തെരുവുനായ്ക്കൾ അക്രമകാരികളാകുന്നതെന്നും തെരുവുനായ്ക്കളോടുള്ള ജനങ്ങളുടെ മനോഭാവം മാറണമെന്നും കോടതി വ്യക്തമാക്കി. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.