വളാഞ്ചേരി: കാലവർഷത്തിലെ ഏറ്റക്കുറച്ചിലിനിടയിൽ നീണ്ടുപോയ നെൽകൃഷി ഞാറ് നടീൽ ആരംഭിച്ചു. കാട്ടിപ്പരുത്തി പാടശേഖരത്തിലാണ് കൃഷി തുടങ്ങിയത്. കാലാവസ്ഥയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മുണ്ടകൻ നെൽകൃഷി വൈകിയത്.
മഴയുടെ ഏറ്റക്കുറച്ചിലുകൾ വയലേലകളിൽ നടീലിനു തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും നെൽകൃഷിയിൽ നിന്നും മാറി നിൽക്കാനാവാത്തതിലാണ് കർഷകർ കൃഷിയിറക്കുന്നത്. കണ്ടം ഒരുക്കിയതിനെ തുടർന്ന് ഞാറു നടുന്ന തിരക്കിലാണ് കർഷകർ. കാട്ടിപ്പരുത്തി പാടശേഖരത്തിൽ മാത്രം 200 ഏക്കർ സ്ഥലത്താണ് വയൽ ഉള്ളത്. ഇതിൽ പല ഭാഗത്തും ട്രാക്ടർ ഉപയോഗിച്ച് കണ്ടം ഒരുക്കി വരമ്പുകൾ ശക്തിപ്പെടുത്തി ഞാറ് പറിച്ചു നടുന്ന പണി ആരംഭിച്ചിട്ടുണ്ട്.
‘പൊന്മണി’ നെൽ വിത്താണ് പ്രധാനമായും കൃഷിയിറക്കുന്നതെങ്കിലും ‘സുപ്രിയ’ വിത്തും ചില ഭാഗങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ആവശ്യത്തിന് വെള്ളം ലഭ്യമായാൽ നാല് മാസത്തെ പരിപാലനത്തിനു ശേഷം ജനുവരിയോടെ കൊയ്യാനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കൃഷി ഇറക്കുന്നതിനുള്ള വർധിച്ച ചിലവും കർഷകരെ ബാധിക്കുന്നുണ്ട്. ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ വെള്ളം പമ്പ് ചെയ്ത് നനക്കേണ്ടി വരും. കാലം തെറ്റി മഴ പെയ്താലും കൃഷിയെ സാരമായി ബാധിക്കും. മണ്ണും മഴയും ചതിക്കില്ലായെന്ന പ്രതീക്ഷയോടെയാണ് വയലേലകളിൽ കർഷകർ വീണ്ടും ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.