ഷൊർണൂർ: നഗരസഭ കൃഷിഭവൻ പരിധിയിലുള്ള 15 പാടശേഖര സമിതിയിലുൾപ്പെട്ട 1100 ഏക്കറിലധികം വരുന്ന നെൽകർഷകർ ദുരിതത്തിലായി. ഉഴവുകൂലിയും മറ്റാനുകൂല്യങ്ങളും മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് മൂലമാണ് ഇവർ ദുരിതത്തിലായത്. 2023-24ലെ രണ്ടാം വിള കൃഷി ചെയ്തവർക്കാണ് 10 മാസം കഴിഞ്ഞിട്ടും ഹെക്ടറിന് 7200 രൂപ നിരക്കിൽ ലഭിക്കേണ്ട തുക കിട്ടാത്തത്.
മുൻവർഷങ്ങളിൽ ഞാറുനട്ട് ഒരുമാസത്തിനകം തുക ലഭിക്കാറുണ്ടെന്ന് കർഷകർ പറഞ്ഞു. നഗരസഭ പ്ലാൻഫണ്ടിൽനിന്ന് അനുവദിക്കുന്ന തുക ജില്ല വികസന സമിതിയുടെ അംഗീകാരത്തോടെയാണ് നൽകുക. ട്രഷറി നിയന്ത്രണവും ബന്ധപ്പെട്ട കൃഷി ഓഫിസർ യഥാസമയം രേഖകൾ സമർപ്പിക്കാതിരുന്നതും കാരണം മാർച്ച് 31 കഴിഞ്ഞപ്പോൾ കഴിഞ്ഞവർഷത്തെ ഫണ്ട് സ്പിൽ ഓവറായി. തൊട്ടടുത്ത നഗരസഭയിലും പഞ്ചായത്തിലുമൊക്കെ ഉഴവുകൂലി ഹെക്ടറിന് 17,500-18,000 വരെ നൽകുമ്പോഴാണ് ഷൊർണൂരിൽ കേവലം 7200 നൽകുന്നതെന്ന് കർഷകർ ആവലാതിപ്പെടുന്നു.
കൃഷി വകുപ്പിൽനിന്ന് സുസ്ഥിര നെൽകൃഷി വികസന പദ്ധതിപ്രകാരം ഹെക്ടറിന് 5,500 രൂപ പ്രകാരം ലഭിക്കേണ്ട തുകയും ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം കൊടപ്പുഴു ശല്യം കാരണം പകുതി നെല്ല് മാത്രമേ ലഭിച്ചുള്ളൂ. ഒരുകെട്ട് വയ്ക്കോലിന് 150 രൂപ ലഭിക്കേണ്ടിടത്ത് കഴിഞ്ഞവർഷം 70 രൂപ മാത്രമാണ് ലഭിച്ചത്. ഇതിൽ കെട്ട് കൂലിയായ 30 രൂപ കിഴിക്കുകയും വേണം. ലഭിച്ച നെല്ല് സപ്ലൈകോക്ക് നൽകിയിട്ട് അഞ്ചുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ആ തുകയും ലഭിച്ചിട്ടില്ല. നേരത്തേ കർഷകർക്ക് ഇഷ്ടമുള്ള ബാങ്കുകളിൽ രജിസ്ട്രേഷൻ നടത്താമായിരുന്നു. നിലവിൽ അതിനുള്ള സാഹചര്യമില്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മിക്ക കർഷകരും പലിശക്ക് കടമെടുത്താണ് കൃഷിയിറക്കുന്നത്. അടുത്ത കൃഷിയിറക്കാൻ സമയമാവുകയും ചെയ്തു. കർഷകരുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി, ജില്ല കലക്ടർ, നഗരസഭ ചെയർമാൻ എന്നിവർക്ക് കവളപ്പാറ കാരക്കാട് പാടശേഖര സമിതി പ്രസിഡൻറ് വിജയ് പ്രകാശ് ശങ്കർ, സെക്രട്ടറി സി. ബിജു എന്നിവർ നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.