മാ​ത്തൂ​രി​ൽ മു​ഞ്ഞ ബാ​ധി​ച്ച് ന​ശി​ച്ച നെ​ൽ​കൃ​ഷി

നെൽകൃഷി പി.ആർ.എസ് വായ്പ നിലച്ചു

കുട്ടനാട്​: നെല്ല്​ സംഭരിച്ചശേഷം സപ്ലൈകോ കർഷകർക്ക് നൽകുന്ന പി.ആർ.എസ് (പാഡി രസീത് സ്ലിപ്) ബാങ്കുകളിൽ നൽകുമ്പോൾ കർഷകർക്ക് പി.ആർ.എസ് വായ്പ എന്ന പേരിൽ നൽകിയിരുന്ന പദ്ധതി നിലച്ചു. നെൽവിലയ്​ക്ക്​ തുല്യമായ തുകയാണ്​ വായ്പയായി നൽകിയിരുന്നത്​. ബാങ്കിൽനിന്ന്​ വായ്പ ലഭിക്കാതായതോടെ കർഷകർ സപ്ലൈകോ ഓഫിസിൽ കയറിയിറങ്ങുകയാണ്​. കഴിഞ്ഞ പുഞ്ചകൃഷി സീസൺവരെ കർഷകർക്ക് നെല്ലിന്റെ വില ലഭിച്ചിരുന്നത് പി.ആർ.എസ് വായ്പ പദ്ധതിയിലൂടെയായിരുന്നു. എന്നാൽ, ഇക്കുറി പി.ആർ.എസ് സ്വീകരിക്കാൻ ബാങ്ക് അധികൃതർ തയാറാകുന്നില്ല.

കർഷകർക്ക് നെല്ലിന്റെ വില നൽകുന്നത് പദ്ധതിയിൽനിന്ന് നീക്കിയതായാണ് ബാങ്ക് അധികൃതർ പറയുന്നത്. 2014-15ലാണ്​ പി.ആർ.എസ് വായ്പ പദ്ധതി നിലവിൽ വന്നത്. അതിനു മുമ്പ്​ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിൽ പണം നൽകുകയാണ്​ ചെയ്തിരുന്നത്. വീണ്ടും അതേപോലെ കർഷകർക്ക് നെല്ലിന്റെ വില നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി പി.ആർ.എസ്, ആധാർ, പാസ്ബുക്ക് എന്നിവയുടെ പകർപ്പ്​ സപ്ലൈകോ ഓഫിസിൽ എത്തിച്ചാൽ സർക്കാർ പണം അനുവദിക്കുന്ന മുറക്ക്​ നൽകുമെന്നാണ്​ അറിയിപ്പ്​.

എന്നാൽ, പി.ആർ.എസ് നൽകി ഒരു മാസമായിട്ടും ഒരു കർഷകനുപോലും നെല്ലിന്റെ വില ലഭിച്ചിട്ടില്ല. ആറു വർഷം മുമ്പ്​ സപ്ലൈകോ നെല്ലിന്റെ വില നേരിട്ട്​ നൽകിയിരുന്നപ്പോൾ മാസങ്ങളായിട്ടും ഇത്​ ലഭിക്കാതെ വന്നതോടെയാണ് ബാങ്ക് വഴി വായ്പ പദ്ധതി തുടങ്ങിയത്. ഇതിനായി സർക്കാർ 12 ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. വായ്പ നൽകുന്നത് കർഷകരുടെ പേരിലായിരുന്നെങ്കിലും പലിശ സർക്കാറാണ്​ നൽകിയിരുന്നത്. 8.5 ശതമാനം പലിശ ഒഴിവാക്കി 7.5 ശതമാനം പലിശക്ക്​ മൂന്നു ബാങ്കുകളിൽനിന്നായി വായ്പയെടുത്ത് കർഷകർക്ക് നൽകാനുള്ള നടപടിയാണ് ഇപ്പോൾ എടുത്തിരിക്കുന്നത് എന്നാണ് വിവരം. വീണ്ടും സപ്ലൈകോ വഴി വില നൽകുന്ന നടപടിയാകുന്നതോടെ മാസങ്ങൾ കാത്തിരിക്കേണ്ടി വരും കർഷകർക്ക്. കഴിഞ്ഞ രണ്ടാം കൃഷിയുടെ പി.ആർ.എസ് സപ്ലൈകോ വാങ്ങുന്നുണ്ടെങ്കിലും സർക്കാർ ഉത്തരവ് എത്തിയിട്ടില്ലെന്നും ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് സപ്ലൈകോ അധികൃതർ പറയുന്നത്. പി.ആർ.എസ് ബാങ്കിൽ സമർപ്പിച്ച് 10 ദിവസത്തിനകം നെല്ലിന്റെ വില കർഷകന്റെ അക്കൗണ്ടിൽ എത്തിയിരുന്നിടത്ത്​ ഇനി വലിയ കാത്തിരിപ്പ്​ വേണ്ടിവരുമെന്നതാണ്​ മുഖ്യപ്രശ്നം. ആര്​ പണം തന്നാലും പി.ആർ.എസ് ലഭിച്ച് 10 ദിവസത്തിനകം നെല്ലിന്റെ വില ലഭിക്കണമെന്നതാണ്​ കർഷകരുടെ ആവശ്യം.

Tags:    
News Summary - Rice farming PRS loan stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.