പാലക്കാട്: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് ലഭിക്കാത്തതിനാൽ ബാങ്ക് വായ്പയെടുത്ത് കുടിശ്ശിക നൽകാൻ സർക്കാർ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി. സപ്ലൈകോ കർഷകർക്ക് നൽകുന്ന പി.ആർ.എസിനു മേൽ വായ്പയായിട്ടാണ് തുക അനുവദിക്കുക. ഇതിനുള്ള പണം കേരള ബാങ്കിൽനിന്ന് വായ്പയായി എടുക്കാൻ ധാരണയായി.
അടുത്ത സീസണിൽ നെല്ല് സംഭരിക്കാൻ 1600 കോടി രൂപയാണ് സപ്ലൈകോക്ക് വേണ്ടത്. നെല്ല് സംഭരിച്ച വകയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സപ്ലൈകോക്ക് പണം നല്‍കാനുണ്ട്. ഇത് കിട്ടാൻ കാലതാമസമെടുക്കുന്നതാണ് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയത്. കുടിശ്ശിക നൽകാനും അടുത്ത സീസണിൽ ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുമാണ് കേരള ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ച മന്ത്രി ജി.ആര്. അനിലിന്റെ സാന്നിധ്യത്തില്‍ കേരള ബാങ്ക് പ്രതിനിധികളുമായി ഓണ്‍ലൈനായി നടന്ന ചര്‍ച്ചയിൽ മുഖ്യമന്ത്രിയാണ് സർക്കാർ ഗാരന്റിയിൽ വായ്പയെടുക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. വായ്പക്ക് 7.65 ശതമാനം പലിശയാണ് കേരള ബാങ്ക് ആവശ്യപ്പെടുന്നത്. നിലവിൽ, 750 കോടി രൂപയുടെ വായ്പ കുടിശ്ശിക സപ്ലൈകോക്ക് കേരള ബാങ്കിലുണ്ട്. ഇതിന് പുറമെയാണ് 1600 കോടി രൂപകൂടി എടുക്കുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് സഹകരണ-ഭക്ഷ്യ മന്ത്രിമാർ കേരള ബാങ്ക് അധികൃതരുമായി ചർച്ച നടത്തി തീരുമാനമുണ്ടാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച ഉത്തരവ് ഉണ്ടാവുമെന്ന് സഹകരണ വകുപ്പ് അധികൃതർ വെളിപ്പെടുത്തി.
ഇതുവരെ 1.97 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 556.53 കോടി രൂപ ഈ വകയിൽ കർഷകർക്ക് നൽകണം. ഇതിൽ 320.81 കോടി മാത്രമാണ് നൽകിയത്. 235.72 കോടി നൽകാനുണ്ട്. കർഷകർക്ക് പണം ലഭിക്കാനുള്ള കാലതാമസത്തെത്തുടർന്ന് സംഘങ്ങളുടെ കൺസോർട്യം രൂപവത്കരിച്ച് നെല്ലുസംഭരണം സഹകരണ മേഖലയെ ഏൽപിക്കാനുള്ള ശ്രമം 2018ൽ നടന്നിരുന്നെങ്കിലും ഇടതുമുന്നണിക്കുള്ളിൽ തീരുമാനമാകാത്തതിനാൽ പാതിയിൽ ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.