തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോക്ക് സർക്കാർ നൽകാനുള്ള 1055 കോടിയിൽ 200 കോടി ധനവകുപ്പ് അനുവദിച്ചു. ശനിയാഴ്ച സംഭരണവുമായി ബന്ധപ്പെട്ട് ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിനു പിന്നാലെയാണ് സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ 200 കോടി അനുവദിച്ചത്. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോക്ക് പണം അനുവദിക്കാത്തതിനെതിരെ ശനിയാഴ്ച ചേർന്ന യോഗത്തിൽ മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ശക്തമായ പ്രതിഷേധം ധനമന്ത്രി കെ.എന്. ബാലഗോപാലിനെ അറിയിച്ചിരുന്നു. മന്ത്രിമാർക്കിടയിലെ ഭിന്നിപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് 200 കോടി അനുവദിച്ച് ഉത്തരവിറങ്ങിയത്.
നിലവിൽ കിലോക്ക് 28.20 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. ഇതിൽ 20.40 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. എന്നാൽ, 11 വർഷമായി സംസ്ഥാന വിഹിതമായി നൽകേണ്ട 1055 കോടി സർക്കാർ സപ്ലൈകോക്ക് നൽകിയിട്ടില്ല. ഇതിൽ 330 കോടി ഔട്ട് ടേൺ റേഷ്യോ ഇനത്തിലുള്ളതാണ്. ഒരു ക്വിന്റൽ (100 കിലോ) നെല്ലിന് 68 കിലോ അരി എന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ. കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് 64.5 കിലോയാണ് സംസ്ഥാന സർക്കാർ അംഗീകരിച്ചത്.
കേന്ദ്ര വ്യവസ്ഥപ്രകാരം മില്ലുടമകൾ നെല്ലെടുക്കില്ല. 3.5 കിലോയുടെ കുറവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ സപ്ലൈകോക്ക് നൽകുന്ന ധനവിഹിതമാണ് ഔട്ട് ടേൺ റേഷ്യോ. നിലവിൽ 330 കോടി അനുവദിക്കുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിൽ ഇല്ല. പകരം സംസ്ഥാന വിഹിതമായി നൽകേണ്ട 725 കോടി ഘട്ടം ഘട്ടമായി നൽകാമെന്നാണ് വാഗ്ദാനം. ഇതിനു പുറമെ, കേന്ദ്ര സർക്കാറിൽ നിന്നു 2018-19 മുതൽ 2022-23 വരെ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി നെല്ലു സംഭരിച്ചതിന്റെ വിഹിതമായി 671.96 കോടി രൂപ ലഭിക്കാനുണ്ട്. ഓരോ വർഷത്തെയും 10 മുതൽ 15 ശതമാനം വരെ വിഹിതമാണ് ഈ തുക. സപ്ലൈകോ മുഖേന സംസ്ഥാനം ഓഡിറ്റ് ചെയ്ത കണക്കുകൾ സമർപ്പിക്കുന്നത് അനുസരിച്ച് ഇതും നേടിയെടുത്താൽ ഇപ്പോഴത്തെ പ്രതിസന്ധി ഒരു പരിധി വരെ തരണം ചെയ്യാനാകുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.