ആലപ്പുഴ: കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ നെല്ല് സംഭരണം വീണ്ടും തുടങ്ങി. അനിശ്ചിതത്വത്തിനും ആശങ്കക്കും വിരാമമിട്ട് മില്ലുടമകൾ സമരം പിൻവലിച്ചതോടെയാണ് നീക്കം പുരോഗമിക്കുന്നത്. നെല്ല് സംഭരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 48 മില്ലുകാർ സർക്കാറുമായി കരാറിൽ ഒപ്പുവെച്ചു.
രണ്ടാഴ്ചയായി കെട്ടിക്കിടക്കുന്ന കുട്ടനാട്ടിലെ നെടുമുടി പഞ്ചായത്തിൽ പുതിയോട്ട് വരമ്പിനകം, പടിഞ്ഞാറേ തുമ്പവിരുത്തി പാടങ്ങളിലാണ് സംഭരണം നടക്കുന്നത്. ഇതിനകം ആറ് മില്ലുകാർ സംഭരണത്തിനെത്തി. ഇതുവരെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽനിന്ന് 3943.73 മെട്രിക് ടൺ നെല്ല് സംഭരിച്ചു. രണ്ടാംകൃഷിയിൽ വിളവെടുപ്പ് നടന്ന പാടശേഖരങ്ങളിൽ ഒരുമാസമായി നെല്ല് കെട്ടിക്കിടക്കുകയായിരുന്നു. ഉന്നയിച്ച വിഷയങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതോടെയാണ് മില്ലുടമകൾ സംഭരണ കരാറിൽ ഒപ്പുവെച്ചത്.
കുട്ടനാട്ടിലെ ശേഷിക്കുന്ന പാടങ്ങളിൽ വിളവെടുപ്പ് വേഗത്തിലാക്കാൻ പാടശേഖര സമിതികൾ തീരുമാനിച്ചു. ഭൂരിഭാഗം പാടശേഖരങ്ങളിലും ഇക്കുറി മികച്ച വിളവാണ് ലഭിച്ചത്.
എന്നാൽ, സമരവും തുലാമഴയും കർഷകരുടെ നെഞ്ചിൽ ഇടിത്തീയാണ് സമ്മാനിക്കുന്നത്. മില്ലുടമകളുടെ പ്രതിനിധികൾ പാടശേഖരങ്ങൾ സന്ദർശിച്ച് ഈർപ്പ പരിശോധന നടത്തിയിരുന്നു. ഇവർ പാടശേഖരസമിതി ഭാരവാഹികളുമായി ധാരണയായി. നെല്ലെടുക്കാനുള്ള ലോറികൾ ചാക്കുമായി വിവിധ ജില്ലകളിൽനിന്ന് എത്തുന്നുണ്ട്. റൈസ് മില്ലേഴ്സ് അസോസിയേഷന്റെ നിസ്സഹകരണ സമരം ഒത്തുതീർക്കാനായത് സർക്കാറിന് ആശ്വാസമായി. സംഭരണം നടക്കാത്തതിനാൽ കർഷകക്കൂട്ടായ്മകൾ കുട്ടനാട്ടിൽ കൊയ്ത്ത് നീട്ടിവെക്കാൻ തീരുമാനിച്ചിരുന്നു. തുലാവർഷത്തിൽ ശക്തമായ മഴയാണ് പ്രശ്നം. നെല്ല് സൂക്ഷിക്കാൻ സംവിധാനമില്ലാത്തതാണ് കർഷകരെ വലക്കുന്നത്. നെല്ലുണക്കി നൽകണമെന്ന വാശിയിലാണ് മില്ലുകാർ. ഈർപ്പത്തിന്റെ പേരിൽ അന്യായ കിഴിവുതട്ടാനും ശ്രമമുണ്ടെന്നാണ് കർഷകരുടെ ആരോപണം. ഇതിനിടെ, നെല്ല് സംഭരിക്കണമെങ്കിൽ ഈർപ്പത്തിന്റെ അളവുനോക്കാതെ അഞ്ചുകിലോ വരെ അധിക നെല്ല് ആവശ്യപ്പെട്ടതായും ഇവർ പറഞ്ഞു.
മഴപെയ്യുന്നതിനാൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലാണ്.
ഇത് കൂട്ടിയിട്ട നെല്ലിനെയും ബാധിക്കും. നെല്ല് സംഭരിക്കുന്ന സ്ഥലങ്ങളിൽ പാഡി മാർക്കറ്റിങ് അധികൃതർ നേരിട്ടെത്തി ഈർപ്പത്തിന്റെ അളവ് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.