അരീക്കോട്: തരിശുഭൂമിയിൽ റെഡ് ലേഡി ഇനത്തിൽപെട്ട പപ്പായ കൃഷിയിറക്കിയ കർഷകന് പറയാനുള്ളത് വിജയത്തിന്റെ കഥ. അരീക്കോട് താഴത്തുമുറി സ്വദേശി റിജുവാണ് കൃഷിക്കാരൻ. താഴത്തുമുറിയിലെ 50 സെന്റ് തരിശ് സ്ഥലത്താണ് കൃഷി ഇറക്കിയിരുന്നത്. പപ്പായ വിത്തുകൾ ശേഖരിച്ച് പ്രത്യേകം തൈക്കളാക്കിയാണ് തോട്ടത്തിൽ നട്ടത്. മികച്ച പരിപാലനം നൽകിയതോടെ ആറുമാസം കൊണ്ട് 50 സെൻറ് ഭൂമിയിൽ റെഡ് ലേഡി പപ്പായ പൊന്നു വിളയുന്ന പോലെ ഉണ്ടായി. മുന്നൂറ് തൈകളിലായി കൂട്ടമായി തൂങ്ങിനിൽക്കുന്ന പപ്പായ ആരുടെയും കണ്ണിന് കുളിർമയേക്കും.
ഒന്നര അടി മുതൽ രണ്ടടി വരെ മരത്തിൽ ഒരു കിലോ മുതൽ നാല് കിലോ വരെയുള്ള പപ്പായകളാണ് ഉണ്ടായിട്ടുള്ളത്. മറ്റു പച്ചക്കറി കൃഷിയോടൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് റെഡ് ലേഡി പപ്പായ കൃഷി ചെയ്തത് എന്ന് റിജു പറഞ്ഞു. പൂർണമായി ജൈവ വളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. അതുകൊണ്ടുതന്നെ പുറം നാടുകളിൽ നിന്ന് വരുന്ന പപ്പായയെക്കൾ നല്ല രുചി തന്റെ തോട്ടത്തിലുണ്ടായതിന് ലഭിക്കുമെന്നാണ് റിജു അവകാശപ്പെടുന്നത്. പ്രധാനമായും വിദേശത്തേക്കാണ് പപ്പായ കയറിപ്പോകുന്നത്. 40 രൂപമുതലാണ് വാങ്ങുന്നത്. നിലവിൽ ഏകദേശം പത്ത് ടൺ പപ്പായ ഇപ്പോൾ വിളവെടുപ്പിന് തയാറായി നിൽകുകയാണ്. ഇതിനകം അഞ്ച് ടൺ കയറ്റി അയച്ചതായും റിജു പറഞ്ഞു.
നമ്മുടെ നാട്ടിൽ അകം ചുവപ്പ് നിറമുള്ള പപ്പായക്ക് വിപണി വളരെ കുറവാണെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. അരീക്കോട് കൃഷിവകുപ്പിന് സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ സംരംഭമാണ് എന്ന് അരീക്കോട് കൃഷി ഓഫിസർ നജുമുദ്ദീൻ പറഞ്ഞു. ഇത്തരത്തിലുള്ള മാതൃക കർഷകരെ കൃഷിഭവൻ മികച്ച രീതിയിൽ പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.