കോട്ടയം: വൻ പ്രതീക്ഷ നൽകിയതിനൊടുവിൽ കർഷകർക്ക് ഇരുട്ടടിയായി റബർ വില വീണ്ടും കുത്തനെ ഇടിഞ്ഞു. ആഴ്ചകൾക്ക്മുമ്പ് ഏട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയതിനുശേഷമാണ് ഇടിവ്. അന്ന് കിലേക്ക് 192 രൂപവരെ ലഭിച്ചിരുന്നു. ഇതോടെ വില 200 കടക്കുമെന്ന പ്രതീക്ഷകളും ശക്തമായി. എന്നാൽ, പിന്നീട് ക്രമേണ വില കുറഞ്ഞ് 162 ലെത്തി നിൽക്കുകയാണ്.
കഴിഞ്ഞദിവസം ആർ.എസ്.എസ് നാലിന് കിലോക്ക് 162 രൂപയും ആർ.എസ്.എസ് അഞ്ചിന് 159 രൂപയുമായാണ് വില.
തരംതിരിക്കാത്തത് 149 രൂപയും,ലാറ്റക്സ് 125 രൂപയുമാണ് നിലവിലെ മാർക്കറ്റ് വില. ഇറക്കുമതി വർധിച്ചതാണ് വിലയിടിവിന് പ്രധാനകാരണം. വില ഉയർന്നതോടെ വലിയതോതിൽ കമ്പനികൾ ഇറക്കുമതി ചെയ്ത് വില ഇടിക്കാൻ ശ്രമിച്ചു. കടത്തുകൂലി മൂന്നിരട്ടിയോളം കൂടിയിട്ടും ഇറക്കുമതി ചെയ്യാൻ വൻകിട കമ്പനികൾ ശക്തമായി രംഗത്തുണ്ട്. ഷീറ്റ് വാങ്ങാതെ ഇവർ മാറിയും നിന്നു. ഇതും വിപണിയിൽ പ്രതിഫലിച്ചു. നേരത്തേ കോവിഡിനെതുടർന്ന് വിദേശത്തുനിന്നുള്ള ഇർക്കുമതിയുടെ വേഗം കുറഞ്ഞിരുന്നു. ഇപ്പോൾ തടസ്സങ്ങൾ മാറി കൂടുതൽ റബർ എത്തിക്കാൻ ടയർ കമ്പനികൾക്ക് കഴിയുന്നുണ്ട്. മഴമാറി ടാപ്പിങ് പുനരാരംഭിച്ചതും റബർവില കുറയാൻ കാരണമാണ്.
ടാപ്പിങ് കൂടി വിപണിയിലേക്ക് കൂടുതൽ റബർ എത്തിയതാണ് വിലകുറയാൻ മുഖ്യകാരണം. വില ഉയർന്നതോടെ കർഷകർ തങ്ങളുടെ കൈവശമുണ്ടായിരുന്ന റബർ ശേഖരത്തിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ വിറ്റഴിച്ചതും വിലയെ സ്വാധീനിച്ചു.
എന്നാൽ, വിലയിടവ് താൽക്കാലികമാണെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. വില ഉയാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു. പ്രമുഖ റബറുൽപാദക രാജ്യങ്ങളിലെല്ലാം ഡിസംബറിൽ സീസൺ അവസാനിക്കുകയാണ്. അതിനാൽ, നാട്ടിൽനിന്ന് വാങ്ങാൻ ടയർ കമ്പനികൾ നിർബന്ധിതരാകുമെന്ന് ഇവർ പറയുന്നു. ഇറക്കുമതിക്ക് പുതിയ കരാറുകളിൽ ഏർപ്പെടാൻ ഇനി സമയമില്ല. നേരത്തേയുള്ള കരാറനുസരിച്ചുള്ള ഇറക്കുമതിയാണ് ഇപ്പോൾ നടക്കുന്നത്.
കേരളത്തിലെ സീസൺ ഫെബ്രുവരി പകുതിയോടെയേ തീരൂ. ഈവർഷം തുടർച്ചയായി മഴയായിരുന്നതിനാൽ വിപണിയിലേക്ക് റബർ ആവശ്യത്തിന് വന്നിട്ടില്ല.
സീസൺ തീരുന്നതിനുമുമ്പുള്ള ദിനങ്ങൾ കുറവായതിനാൽ അധികദിവസം കമ്പനികൾക്ക് വിട്ടുനിൽക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. വിലവർധിച്ചതോടെ റബർ മേഖലയും കൂടുതൽ സജീവമായിരുന്നു. വെട്ടാതെ കിടന്ന തോട്ടങ്ങളിൽ ടാപ്പിങ് പുനരാരംഭിച്ചിരുന്നു. ഇവർക്ക് വിലയിലുണ്ടായ കുറവ് നിരാശ സമ്മാനിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.