കട്ടപ്പന: സ്പൈസസ് ബോർഡ് ആവിഷ്കരിച്ച സേഫ് ടു ഈറ്റ് ഇ-ലേലത്തിന് തുടക്കം. പുറ്റടി സ്പൈസസ് പാർക്കിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമായാണ് ലേലം നടന്നത്. ഏലത്തിന്റെ കയറ്റുമതിയിലും വിലയിലും ഉണ്ടായ തകർച്ച പരിഹരിക്കാനും വിദേശ വിപണിയിൽ കൂടുതലായി ജില്ലയിലെ ഏലക്ക എത്തിക്കുകയെന്ന ലക്ഷ്യമിട്ടുമാണ് സ്പൈസസ് ബോർഡിന്റെ സേഫ് ടു ഈറ്റ് ഏലം പദ്ധതി ആവിഷ്കരിച്ചത്.
വണ്ടന്മേട് മാസ് ഏജൻസിയും സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുമായിരുന്നു ശനിയാഴ്ചത്തെ ലേല ഏജൻസികൾ. മാസ് ഏജൻസിയിലൂടെ കർഷകർ വിൽപനക്ക് വെച്ച 15,250 കിലോ ഏലക്കയിൽ 14,000 കിലോയോളം വിറ്റുപോയപ്പോൾ കൂടിയ വില 1468 രൂപയും കുറഞ്ഞ വില 685 രൂപയും ശരാശരി വില 1084.86 രൂപയും കർഷകർക്ക് ലഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ വിലയുമായി തട്ടിച്ചുനോക്കിയാൽ ഗുണനിലവാരം ഉറപ്പിച്ച പ്രത്യേക ലേലത്തിലെ വിൽപന വഴി കിലോഗ്രാമിന് 100 മുതൽ 150 രൂപയുടെ വരെ വർധന കർഷകർക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം വരെ ശരാശരി വില കിലോഗ്രാമിന് 900-950 രൂപയാണ് ലഭിച്ചിരുന്നത്. അത് 1084 രൂപയിലേക്ക് ഉയർന്നു. സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി വിൽപനക്ക് വെച്ച 2296 കിലോ ഏലക്ക വിറ്റുപോയപ്പോൾ ശരാശരി വില 1056.8 രൂപയും കർഷകർക്ക് ലഭിച്ചു.
വിപുലമായ പരിശോധന സൗകര്യങ്ങൾ
പുറ്റടി സ്പൈസസ് പാർക്കിൽ ഏലക്കയുടെ ഗുണനിലവാരം പരിശോധിക്കാൻ വിപുലമായ പരിശോധന സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അടുത്ത ലേലം നവംബർ 28നാണ് നടക്കുക. കയറ്റിയയച്ച ഏലക്കയിൽ രാസവസ്തുക്കളുടെ അളവ് കൂടിയതിനെ തുടർന്ന് ഇന്ത്യൻ ഏലക്ക വിദേശരാജ്യങ്ങളിൽനിന്നും പുറന്തള്ളുന്ന സാഹചര്യത്തിലാണ് സേഫ് ടു ഈറ്റ് പദ്ധതി സ്പൈസസ് ബോർഡ് ആരംഭിച്ചത്. സ്പൈസസ് ബോർഡ് നേരിട്ട് കീടനാശിനിയുടെ തോത് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന ഏലക്ക മാത്രമാണ് സേഫ് ടു ഈറ്റ് പദ്ധതിയിൽപെടുത്തി ഇ-ലേലത്തിന് എത്തിച്ചത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ലേലത്തിൽ ഏലക്ക വിൽക്കാൻ ആഗ്രഹിക്കുന്ന കർഷകർ ഒരാഴ്ച മുമ്പ് ഏലക്ക ലേല കേന്ദ്രത്തിൽ എത്തിക്കണം. ഇങ്ങനെ എത്തിക്കുന്ന ഏലക്കയുടെ സാമ്പിൾ സ്പൈസസ് ബോർഡ് കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്നറിയാൻ പരിശോധനക്ക് അയക്കും. നിറം ചേർത്തിട്ടില്ലെന്ന് ബോധ്യപ്പെട്ടാൽ കീടനാശിനിയുടെ അളവ് നിർണയിക്കാൻ ലാബിൽ പരിശോധനക്ക് അയക്കും. നിലവിൽ സ്പൈസസ് ബോർഡിന്റെ കൊച്ചിയിലെ ലാബിലാണ് ഏലക്ക പരിശോധനക്ക് അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.