കുട്ടനാട്: രണ്ടാംകൃഷി നെല്ല് സംഭരണം 88 ശതമാനം പൂർത്തിയായപ്പോൾ കർഷകർക്ക് കിട്ടാനുള്ളത് 65.48 കോടി. ഇതുവരെ 34,545.25 ടൺ നെല്ലാണ് സപ്ലൈകോ താങ്ങുവിലയ്ക്ക് സംഭരിച്ചത്. 97.83 കോടിയാണ് നെല്ലിന്റെ വിലയായി നൽകേണ്ടത്. ഇതിൽ 3573 കർഷകർക്ക് 32.35 കോടി അക്കൗണ്ടിൽ ലഭിച്ചു. ഇത്തവണ സപ്ലൈകോ നേരിട്ട് വില കർഷകർക്ക് നൽകാനായിരുന്നു തീരുമാനം. എന്നാൽ, വില നൽകാൻ പണമില്ലാതെ നട്ടംതിരിയുകയാണ് സപ്ലൈകോ.
സർക്കാർ അനുവദിച്ച 129 കോടിയിൽനിന്നാണ് ഇപ്പോൾ നെല്ലിന്റെ വില നൽകുന്നത്. പണം നൽകാനായി 2300 കോടി കേരള ബാങ്കിൽനിന്ന് വായ്പയെടുക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിന്റെ പലിശനിരക്കിൽ ധാരണയായിട്ടില്ല. സപ്ലൈകോ-കേരള ബാങ്ക് ഉന്നതതല ചർച്ചയിൽ തീരുമാനമാകാഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. നിക്ഷേപത്തിന് എട്ടുശതമാനത്തിൽ കൂടുതൽ പലിശ കേരള ബാങ്ക് നൽകുന്നുണ്ട്. ആറുശതമാനം പലിശക്ക് വായ്പ അനുവദിക്കണമെന്നാണ് സപ്ലൈകോയുടെ ആവശ്യം.
സപ്ലൈകോ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കേരള ബാങ്ക് ഒഴികെ ബാങ്കുകളുടെ കൂട്ടായ്മ 2500 കോടി സപ്ലൈകോക്ക് വായ്പ നൽകിയിരുന്നു.
മുൻ വായ്പക്കുടിശ്ശികയിൽ ഈ തുക വകയിരുത്തിയതിനാൽ പ്രത്യക്ഷത്തിൽ ഫലമുണ്ടായില്ല. കുടിശ്ശിക തീർന്നെന്നുമാത്രം. കൂടുതൽ തുക അനുവദിക്കാൻ ഈ ബാങ്കുകൾ തയാറാകാഞ്ഞതോടെയാണ് കേരള ബാങ്കിനെ സമീപിച്ചത്. കേരള ബാങ്കിന്റെ വായ്പ വൈകിയാൽ നെല്ല് വില വിതരണം മുടങ്ങും. പണം ലഭിച്ചില്ലെങ്കിൽ പുഞ്ചകൃഷിയടക്കം ബുദ്ധിമുട്ടിലാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.