തൊടുപുഴ: അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ മണ്ണ് തരാത്തതൊന്നുമില്ല എന്നാണ് ചെമ്മണ്ണാർ വെട്ടുകാട്ടിൽ അപ്പച്ചന്റെ (ദേവസ്യ) അനുഭവസാക്ഷ്യം. തന്റെ കൃഷിയിടത്തിലേക്ക് വിരൽചൂണ്ടി അപ്പച്ചൻ അതിന് നൂറുനൂറ് തെളിവുകളും നിരത്തും. ഇടുക്കിക്ക് പ്രത്യേകിച്ച് ഹൈറേഞ്ചിന് അത്ര പരിചിതമല്ലാത്തതൊക്കെയാണ് അപ്പച്ചന്റെ കൃഷിയിടത്തിൽ സമൃദ്ധമായി വളരുന്നത്. തമിഴ്നാടിന്റെ വരണ്ട കാലാവസ്ഥയിൽ വിളയുന്ന മുന്തിരിയാണ് അതിൽ പ്രധാനം. കമ്പത്തെ മുന്തിരിപ്പാടങ്ങൾ കണ്ട് കൗതുകംപൂണ്ടവർ അപ്പച്ചന്റെ കൃഷിയിടത്തിലെത്തിയാൽ ശരിക്കും അത്ഭുതപ്പെടും. ഹൈറേഞ്ചിന്റെ തണുപ്പുള്ള കാലാവസ്ഥക്ക് പറ്റില്ലെന്ന് പലരും വിധിയെഴുതിയ മുന്തിരി വേണ്ടുവോളം വിളയിച്ച് വിജയംകൊയ്തു, 72കാരനായ ഈ കർഷകൻ.
നാല് വർഷമായി അപ്പച്ചന്റെ പുരയിടത്തിൽ മുന്തിരി കൃഷിയുണ്ട്. പേരക്കുട്ടിക്ക് ഏറെ ഇഷ്ടമാണ് മുന്തിരി. പക്ഷേ, വിഷം തളിച്ച് വിപണിയിലെത്തുന്ന മുന്തിരി വാങ്ങി നൽകാൻ മനസ്സ് വന്നില്ല. അങ്ങനെയാണ് മറ്റ് പല ഫലവർഗങ്ങളുടെ കൃഷിയിലും അപൂർവനേട്ടം കൈവരിച്ച മുന്തിരികൃഷിയിലും ഒരുകൈ നോക്കാൻ തീരുമാനിച്ചത്. ആദ്യം നട്ട തൈകൾ നശിച്ചുപോയി. പിന്നീട് തണ്ട് കൊണ്ടുവന്ന് സ്വന്തമായി പരിപാലിച്ച് വളര്‍ത്തി. രാസവളങ്ങൾ ഒഴിവാക്കി ജൈവകൃഷിയാണ് നടത്തുന്നത്. വീട്ടിലെ ആവശ്യത്തിനും അയൽവാസികൾക്ക് നൽകാനുമെല്ലാം ആവശ്യമായത് സ്വന്തം മുന്തിരിത്തോട്ടത്തിൽനിന്ന് കിട്ടി. ഇതോടെ മുന്തിരികൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അപ്പച്ചൻ.
നാലേക്കർ വരുന്ന കൃഷിയിടത്തിൽ മുന്തിരിക്ക് പുറമെ അവക്കാഡോ, ചെറി, ഫുലാൻ, റമ്പൂട്ടാൻ, ലിച്ചി, ദുരിയാൻ, വിവിധയിനം ചാമ്പകൾ, സ്റ്റാർ ഫ്രൂട്ട്, ഫുലാസൻ, മരത്തക്കാളി, മുട്ടിപ്പഴം എന്നിവയെല്ലാം സമൃദ്ധമായി വളരുന്നു. ഏലം, കുരുമുളക് കൃഷികളും ആട്, പശു ഫാമുകളും മത്സ്യകൃഷിയും പച്ചക്കറികളുമെല്ലാം ഇവിടെയുണ്ട്. വീട്ടാവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും മത്സ്യവുമെല്ലാം സ്വന്തം വീട്ടുമുറ്റത്തുനിന്ന് കിട്ടും. ഭാര്യ ത്രേസ്യാമ്മയും മകൻ അനീഷും കൃഷിയിൽ അപ്പച്ചന് സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.