എടക്കര: തൊഴില്‍ തേടിയെത്തിയ അന്തർ സംസ്ഥാന തൊഴിലാളി നടത്തിയ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിജയം. അസം സ്വദേശിയായ അമീറാണ് (41) തൊഴിലിനൊപ്പം ജൈവ പച്ചക്കറി കൃഷിയിലും വിജയഗാഥ തീര്‍ക്കുന്നത്. ചപ്പാത്തി കമ്പനിയില്‍ പാചകത്തൊഴിലാളിയായി ഒരു വര്‍ഷം മുമ്പാണ് അമീര്‍ എടക്കരയിലെത്തിയത്. എടക്കര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിന്റെ ഭൂമിയില്‍ വീട്ടാവശ്യത്തിനായാണ് അമീര്‍ വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്.
അമീറിന്റെ കൃഷി താല്പര്യം മനസ്സിലാക്കിയ ഉടമ ബേബി ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന എട്ട് സെന്റ് സ്ഥലം സൗജന്യമായി കൃഷിക്ക് വിട്ടു നല്കി. വെണ്ട, ചീര, പച്ചമുളക്, തക്കാളി, പടവലം, പാവല്‍, ചേന, ചുരങ്ങ, ബീന്‍സ്, മത്തന്‍, പയര്‍ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ജൈവ കൃഷിരീതിയില്‍ അമീര്‍ എട്ട് സെന്റില്‍ വിളയിച്ചു.
അടുത്ത തവണ പരീക്ഷണാടിസ്ഥാനത്തിൽ ചോളം കൂടി കൃഷി ചെയ്യാന്‍ അമീറിന് പദ്ധതിയുണ്ട്. വീട്ടാവശ്യത്തിലധികം വിളവുണ്ടായപ്പോള്‍ ആവശ്യക്കാരായെത്തിയ സമീപവാസികള്‍ക്ക് നൽകി. തൊഴിലില്നിന്നുള്ളതിന് പുറമെ പച്ചക്കറി കൃഷിയില്‍നിന്നും ചെറിയ വരുമാനം അമീറിന്റെ കുടുംബത്തിന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഭാര്യ സജിത ബീഗവും അഞ്ച് വയസ്സുകാരി മകള്‍ ഉമ്മി അയ്മോളും ജൈവ പച്ചക്കറി കൃഷിയില്‍ അമീറിനെ സഹായിക്കുന്നുണ്ട്. നാട്ടിലെ യുവാക്കള്‍ കൃഷിയില്‍ നിന്നു വിട്ടുനില്ക്കുമ്പോള് ഇതര സംസ്ഥാനത്തുനിന്ന് തൊഴിലിനായെത്തിയ അമീറിന്റെ ജൈവ പച്ചക്കറി കൃഷി പഞ്ചായത്തിലെ ഗ്രാമവാസികള്‍ക്കാകെ മാതൃകയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.