കോട്ടയം: ജില്ലയില്‍ വേനൽ ശക്തിപ്രാപിച്ചതോടെ മൃഗപരിപാലന മേഖല ഏറെ പ്രതിസന്ധിയിൽ. അനുദിനം ചൂട് വര്‍ധിക്കുന്നതോടെ ക്ഷീരമേഖലയില്‍ പാല് ഉൽപാദനത്തില് കുറവ് ഉണ്ടാകുന്നു. ചൂട് കൂടിയതോടെ 10 ലിറ്റര്‍ പാല്‍വരെ ലഭിച്ചിരുന്ന പശുവിന് ഇപ്പോള്‍ രണ്ട് ലിറ്റര്‍വരെ പാലിന് കുറവ് ഉണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. പശുക്കളില്‍ പാലിന്റെ അളവ് കുറയുകയും പരിപാലനച്ചിലവ് വര്‍ധിക്കുകയും ചെയ്യുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കൂടാതെ മൃഗപരിപാലന മേഖല ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീറ്റയുടെ ലഭ്യതക്കുറാണ്. ചൂട് വര്‍ധിച്ചതോടെ മൃഗപരിപാലന മേഖലക്ക് ആവശ്യമായ തീറ്റപ്പുല്ലിന്റെ ലഭ്യത കുറഞ്ഞു. നാല്ക്കാലികള്ക്ക് ആവശ്യമായ പുല്ലിന് ദൗര്‍ലഭ്യം നേരിട്ടുതുടങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്ഷീരമേഖലയെ മാത്രമല്ല ആട്, മുയല് കര്‍ഷകരെയും തീറ്റയുടെ ലഭ്യക്കുറവ് ബാധിക്കുന്നുണ്ട്. തീറ്റയുടെ ലഭ്യതക്കുറവ് മൂലം കാലിത്തീറ്റ വാങ്ങാമെന്ന് വച്ചാല്‍ അമിതവില മൂലം കര്ഷകന് നഷ്ടം സംഭവിക്കുന്നു. ചൂട് വര്‍ധിച്ചതോടെ തോട്ടങ്ങളിലെ പുല്ലുകളെല്ലാം ഏകദേശം ഇല്ലാതാകുന്ന അവസ്ഥയാണ്. തീറ്റപ്പുല്ല് വാങ്ങിക്കണമെങ്കില്‍ കര്‍ഷകര്‍ അമിതവില നല്‍കുകയും വേണം. ഒരു കെട്ട് തീറ്റപ്പുല്ലിന് 70 രൂപ മുതലാണ് വില. ചൂട് കൂടുന്ന സാഹചര്യത്തില്‍ ഒരു പശുവിന് ഒന്നരക്കെട്ട് പുല്ലെങ്കിലും ഒരുദിവസം ആവശ്യമായി വരും. പുല്ലിന്റെ ക്ഷാമം മൂലം വലിയതോതില്‍ കര്‍ഷകര്‍ ഇപ്പോള്‍ കൈതപ്പോളയെയാണ് തീറ്റക്ക് ആശ്രയിക്കുന്നത്. എന്നാല്‍, ഇനിയും വലിയതോതില്‍ ചൂട് വര്‍ധിച്ചാല്‍ കൈതപ്പോളയുടെ ലഭ്യതയും കുറയും എന്ന ആശങ്കയിലാണ് കര്‍ഷകര്‍. അതുപോലെ ചൂട് വര്‍ധിച്ചതോടെ അടുകള്‍ക്ക് തുമ്മലും പനിയും ഉണ്ടാകുന്നതായും കര്‍ഷകര്‍ പറഞ്ഞു. രാവിലത്തെ തണുത്ത കാലാവസ്ഥയും ഉച്ചക്കുശേഷമുള്ള ചൂടും ആടുകളില്‍ വ്യാപകമായി പനിയും തുമ്മലും വരുന്നതിന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.