വേണം വളർത്തുമൃഗങ്ങൾക്കും വേനൽക്കാല പരിചരണം

കൊടുംവേനൽ മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും സമ്മർദകാലമാണ്. മൃഗസംരക്ഷണ സംരംഭങ്ങളിൽ ആവശ്യമായ വേനൽ പരിപാലനമുറകൾ സ്വീകരിച്ചില്ലെങ്കിൽ ഉൽപാദനം കുറയുന്നതിനും രോഗങ്ങൾ പിടിപെടുന്നതിനുമൊക്കെ വഴിയൊരുക്കും.

പാലുൽപ്പാദനം കുറയാതിരിക്കാൻ

അത്യുൽപാദനശേഷിയുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും. തീറ്റയെടുക്കൽ പൊതുവെ കുറയും. താപസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. ഒപ്പം തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിച്ച് നൽകണം. മേൽക്കൂരയിൽ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനേക്കാൾ നല്ലത് പശുക്കളുടെ നെറ്റിയിൽ കാറ്റ് പതിക്കും വിധം സ്ഥാപിക്കുന്ന ഫാനുകളാണ്.

പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര ഒരുക്കുന്നതും ചൂട് കുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിട്ട് നേരം ഇവ പ്രവർത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം. എല്ലാ സമയത്തും പശുക്കളെ നനച്ച് കുളിപ്പിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പകൽ പത്തിനും നാലിനും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും ഷീറ്റ് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാനും, പാല്‍ ഉത്പാദനനഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം.

കാലിത്തീറ്റയും വൈക്കോലും നൽകുന്നത് ചൂടുകുറഞ്ഞ സമയങ്ങളിൽ അതിരാവിലെയും വൈകിട്ടും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോൽ രാത്രി വെള്ളത്തിൽ കുതിർത്തുവെച്ച് പകൽ തീറ്റയായി നൽകാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മൾബറി, ഈർക്കിൽ മാറ്റിയ തെങ്ങോല പോലുള്ള ഇലത്തീറ്റകളും നല്‍കണം. തീറ്റപ്പുല്ലിന് ലഭ്യത കുറവുണ്ടെങ്കിൽ സൈലേജ് തീറ്റയിൽ ഉൾപ്പെടുത്താം. അണപ്പിലൂടെ ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നതും കാരണം ആമാശയത്തിൽ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കിൽ തീറ്റയിൽ ചേർത്ത് നല്കാം. 

ചൂടിൽ കോഴികൾ തളരാതിരിക്കാൻ

മുട്ടക്കോഴികളില്‍ മുട്ടയുല്‍പ്പാദനം 30 മുതല്‍ 40 ശതമാനംവരെ പെട്ടെന്ന് കുറയുന്നതിനൊപ്പം മുട്ടയുടെ വലുപ്പവും പുറംതോടിന്‍റെ കനവും കുറയുന്നതിനും മുട്ടകള്‍ പെട്ടെന്ന് പൊട്ടുന്നതിനും ഉഷ്ണസമ്മർദം കാരണമാവും. ചൂട് കാരണം തീറ്റയെടുപ്പും, തീറ്റപരിവര്‍ത്തനശേഷിയും കുറയുന്നത് ഇറച്ചി കോഴികളില്‍ വളര്‍ച്ചയും ഭാരവും കുറയാന്‍ കാരണമാവും. രോഗപ്രതിരോധശേഷി കുറയുന്നത് കാരണം കോഴിവസന്ത, കോഴിവസൂരി, കണ്ണുചീയല്‍ രോഗം അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുള്ള കാലം കൂടിയാണ് വേനല്‍. സാധാരണയേക്കാള്‍ നാലിരട്ടി വരെ കൂടുതല്‍ കുടിവെള്ളം കോഴികള്‍ക്ക് ആവശ്യമായി വരും. 10 % അധിക സ്ഥലവും ഷെഡില്‍ ഒരുക്കണം. ഒാരോ നാല് ലിറ്റര്‍ വെള്ളത്തിലും അഞ്ച് ഗ്രാം വീതം പഞ്ചസാരയും അപ്പക്കാരവും, ഉപ്പും ചേര്‍ത്ത് ഇലക്ട്രോലൈറ്റ് ലായനി തയാറാക്കി കോഴികള്‍ക്ക് നല്‍കാം. മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ച് കൂട്ടില്‍ ഒരുക്കുന്നതും, കോഴികള്‍ക്ക് തലമുക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കുന്നതും നല്ലതാണ്. മേല്‍ക്കൂര നനക്കുന്നതും മേല്‍ക്കൂരയ്ക്ക് മുകളില്‍ ചണച്ചാക്കോ തെങ്ങോലയോ വിരിക്കുന്നതും വശങ്ങളില്‍ ചണച്ചാക്ക് നനച്ച് തൂക്കിയിടുന്നതും ഫാമിനുള്ളിലെ ചൂട് കുറയ്ക്കും.

ഒരു സമയം മൊത്തം തീറ്റ നല്‍കുന്നതിന് പകരം പലതവണകളായി വിഭിജിച്ച് നല്‍കണം. പകല്‍ മുഴുവന്‍ ധാരാളം വെള്ളവും ധാതുമിശ്രിതങ്ങളും കുറഞ്ഞ തോതില്‍ പച്ചപ്പുല്ല് അടക്കമുള്ള തീറ്റകളും നല്‍കാം. അപ്പക്കാരം ഒരു ശതമാനം എന്ന നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കുന്നത് മുട്ടയുടെ പുറംതോടിന്‍റെ ഗുണം മെച്ചപ്പെടുത്തും. യീസ്റ്റ് അടങ്ങിയ തീറ്റ മിശ്രിതങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനനവും തീറ്റയെടുപ്പും കാര്യക്ഷമമാവും.

അരുമകിളികള്‍ക്കും സമ്മർ കെയർ

അരുമക്കിളികൾക്കുള്ള ഏവിയറികള്‍ ഒരുക്കുമ്പോള്‍ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ തണലിടങ്ങളിൽ സ്ഥാപിക്കണം. ഫാനുകളും ഫോഗറുകളും കൂടി ക്രമീകരിച്ചാല്‍ പക്ഷികള്‍ ഉല്ലാസവതികളാവും. കൂടുകളുടെ മുകളില്‍ തെങ്ങോല മടഞ്ഞോ പനയോലകൊണ്ടോ ഗ്രീന്‍നെറ്റ് കൊണ്ടോ ഒരു ചെറിയ മേലാപ്പൊരുക്കിയാല്‍ ഒരു പരിധിവരെ ഏവിയറിക്കുള്ളിലെ ചൂട് കുറയ്ക്കാം. കൂടിന്റെ വശങ്ങളിലും അഴികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകളും തൂവല്‍ അടക്കമുള്ള അവശിഷ്ടങ്ങളും മാറ്റി മതിയായ വായുസഞ്ചാരം ഉറപ്പാക്കണം.യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കണം.

വെള്ളപ്പാത്രങ്ങളില്‍ ഐസ്ക്യൂബുകളിട്ട് കുടിവെള്ളം തണുപ്പിക്കാം. തല താഴ്ത്താന്‍ പാകത്തിന് വാവട്ടവും ആഴവും ഉള്ള മണ്‍കുടങ്ങളില്‍ തണുത്ത വെള്ളം നിറച്ച് കൂട്ടില്‍ ഒരുക്കിയാല്‍ പക്ഷികള്‍ക്ക് തലയും കൊക്കും മുക്കി നനച്ച് ശരീരം തണുപ്പിക്കാന്‍ സാധിക്കും. തത്തകളടക്കമുള്ള പക്ഷികളുടെ ചിറകില്‍ പകല്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം സ്പ്രേ ചെയ്യാം. ധാന്യങ്ങള്‍ അടങ്ങുന്ന മുഖ്യാഹാരം രാവിലെയോ വൈകീട്ടോ ചൂട് കുറഞ്ഞ വേളകളില്‍ വേണം നല്‍കാന്‍.

Tags:    
News Summary - Summer Care for Pets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.