മുണ്ടൂർ: ചൂടിന് ഖ്യാതികേട്ട മുണ്ടൂരിലെ കാർഷിക പ്രതീക്ഷകൾക്ക് ചിറക് മുളക്കുന്നു. വേനൽകാലത്ത് സാധാരണ മഴ ലഭ്യത കുറഞ്ഞ പ്രദേശത്ത് ഇക്കുറി നേരിയ തോതിലെങ്കിലും മഴ കിട്ടിയത് കാർഷിക വൃത്തിക്ക് മുന്നൊരുക്കം നടത്താൻ സഹായകമായതായി കർഷകർ പറയുന്നു. പാടശേഖരങ്ങളിൽ മണ്ണിളക്ക് പച്ചില വളത്തിന് ഭൂരിഭാഗം ഡെയിഞ്ച വിത്ത് വിതക്കാനുള്ള ഒരുക്കത്തിലാണ്.
വളവിത്ത് മുളച്ച് ഉഴുത് മറിക്കാൻ പാകത്തിൽ വളർന്ന് പന്തലിക്കുന്നതോടെ ഒന്നാം വിളക്കുള്ള നിലമൊരുക്കാൻ ആവശ്യമായ മഴ കിട്ടുമെന്ന പ്രതീക്ഷ ഈ പ്രദേശങ്ങളിലെ കർഷകർക്കുണ്ട്. മഴ ലഭ്യതയെ ആശ്രയിച്ചാണ് മുണ്ടൂരിലും പരിസരങ്ങളിലുമുള്ള കർഷകർ കൃഷി ഇറക്കാറുള്ളത്. മലമ്പുഴ ഡാമിലെ വെള്ളം ലഭ്യമാവുന്ന കനാൽ തീരപ്രദേശങ്ങളിലെ ചുരുക്കം ചില ഭാഗങ്ങളിൽ കാർഷിക വൃത്തികൾ മുൻകാലങ്ങളിൽ നേരത്തെ ആരംഭിക്കാറ്.
ഇത്തവണ കനാൽ വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷി ഇറക്കാനാവില്ലെന്ന് കർഷകർ പറയുന്നു. ജൂൺ ആദ്യവാരത്തിൽ നല്ലതോതിൽ മഴ കിട്ടിയാൽ ഞാറിന് വിത്തുപാകാൻ പറ്റുമെന്ന പ്രത്യാശയിലാണ് മുണ്ടൂർ മേഖലയിലെ കർഷകർ. അത്യുഷ്ണം കാരണം പൊറുതിമുട്ടിയ പ്രദേശങ്ങളിൽ ചൂടിന് നേരിയ തോതിലെങ്കിലും കുറവ് അനുഭവപ്പെട്ടത് ജനങ്ങൾക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.