പാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിക്കാനിരിക്കെ നെല്ല് സംഭരണ മുന്നൊരുക്കങ്ങളിലെ കാലതാമസം ജില്ലയിലെ കർഷകരെ ആശങ്കയിലാക്കുന്നു. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ താലൂക്കുകളിൽ പലയിടത്തും വയലുകൾ വിളഞ്ഞു തുടങ്ങി. സർക്കാറുമായി ഉടക്കി മില്ലുടമകൾ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. 2018ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്റെയും തടഞ്ഞുവെച്ച കൈകാര്യ ചെലവിൽ ഏകദേശം 20 കോടി രൂപ ഈ വകയിൽ മില്ലുകൾക്ക് കിട്ടാനുണ്ട്. 2021 ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ എത്രയുംപെട്ടെന്ന് തീരുമാനം ഉണ്ടാക്കമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിച്ചെങ്കിലും ഇതുവരെയും തീരുമാനമായില്ലെന്ന് മില്ലുടമകൾ പരാതിപ്പെട്ടു.
ഔട്ട് ടേൺ റേഷ്യോ സംബന്ധിച്ച പ്രശ്നവും കൈകാര്യ ചെലവ് ഒരു ക്വിന്റൽ നെല്ലിന് 214 രൂപയിൽനിന്ന് 272 രൂപയാക്കി വർധിപ്പിച്ചതും ഇതുവരെ നടപ്പായിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് മില്ലുടമകളുടെ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സർക്കാർ ഈ വിഷയത്തിൽ തുടർനടപടി ഇതുവരെ എടുത്തിട്ടില്ല. രജിസ്ട്രേഷൻ മാത്രമാണ് നടക്കുന്നത്. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ഓരോ സീസണിലും കൃഷിവകുപ്പിലെ ജീവനക്കാരെയാണ് ജോലി ക്രമീകരണത്തിലൂടെ സപ്ലൈകോ പാഡി വിഭാഗത്തിൽ നിയമിക്കുന്നത്.
തുടർപ്രവർത്തനം വൈകിയാൽ കർഷകർ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടും. സംസ്ഥാനത്ത് വിളയുന്ന നെല്ലിന്റെ 40 ശതമാനവും പാലക്കാട് നിന്നാണ്. കഴിഞ്ഞ സീസണിൽ സപ്ലൈകോ ആകെ സംഭരിച്ച നെല്ലിന്റെ 46 ശതമാനവും ജില്ലയിൽ നിന്നാണ്. കാർഷികമേഖലയെ പരിപോഷിപ്പിക്കാനായി സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച കാരണം കർഷകർക്ക് അവയുടെ ഗുണം ലഭിക്കുന്നില്ല. ഈ സീസണിൽ ഇതുവരെ 35000ഓളം കർഷകരാണ് രജിസ്റ്റർ ചെയ്തത്. ആലത്തൂർ താലൂക്കിലാണ് കൂടുതൽ രജിസ്റ്റർ ചെയ്തത്. കുറവ് ഒറ്റപ്പാലം. ആഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമയം. 52 സ്വകാര്യ മില്ലുകളാണ് സപ്ലൈകോയ്ക്ക് വേണ്ടി കർഷകരിൽനിന്ന് നെല്ലുസംഭരിച്ച് അരിയാക്കി തിരികെ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.