കരുവാരകുണ്ട്: വിലത്തകർച്ചയിൽ നിന്ന് കേര കർഷകരെ രക്ഷിക്കാനുള്ള സർക്കാറിന്റെ താങ്ങുവില പ്രഖ്യാപനം മലയോര മേഖലയിലെ കർഷകർക്ക് ഗുണം ചെയ്യില്ല. സംഭരണ കേന്ദ്രങ്ങളോ കേരഫെഡിന്റെയോ മറ്റോ ഏജൻസികളോ ഈ മേഖലയിൽ ഇല്ലാത്തതാണ് കാരണം. വില 25 രൂപയിലും താഴ്ന്നതോടെയാണ് കിലോക്ക് 32 രൂപ താങ്ങുവില നിശ്ചയിച്ച് കർഷകരിൽ നിന്ന് പച്ചത്തേങ്ങ സംഭരിക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചത്.
ജനുവരി അഞ്ചുമുതൽ സംഭരണം തുടങ്ങുകയും ചെയ്തു. എന്നാൽ ഈ മേഖലയിലുള്ളവർക്ക് സംഭരണ കേന്ദ്രം തവനൂരിലാണ്. ഏറെ വഴിദൂരമുള്ള അവിടേക്ക് നാളികേരം എത്തിക്കുന്നത് കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കുക.
മാത്രമല്ല താങ്ങുവില കൃത്യമായി കിട്ടുമോ എന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നു. കേരഫെഡ്, നാളികേര വികസന കോർപറേഷൻ എന്നിവക്ക് പുറമെ കൃഷിഭവൻ, പഞ്ചായത്ത് തല നാളികേര സമിതികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയെ കൂടി സംഭരണ ഏജൻസികൾ ആക്കണമെന്നാണ് കർഷകരുടെ ആവശ്യം.
മലയോര മേഖലയായ കരുവാരകുണ്ടിൽ വിലത്തകർച്ച മൂലം നിരവധി കേരകർഷകരാണ് നഷ്ടം നേരിടുന്നത്. വിളവെടുക്കാനോ വിളവെടുത്തവ വിപണിയിലെത്തിക്കാനോ പലർക്കും താല്പര്യമില്ല. താങ്ങുവില പ്രഖ്യാപനം ഇവർക്ക് ആശ്വാസമായെങ്കിലും സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തത് തിരിച്ചടിയുമായി.
സംഭരണ കേന്ദ്രങ്ങൾ തുറക്കണം
കരുവാരകുണ്ട്: താങ്ങുവില പ്രഖ്യാപനം കർഷകർക്ക് ഗുണം ചെയ്യണമെങ്കിൽ എല്ലാ പഞ്ചായത്തുകളിലും നാളികേര സംഭരണ കേന്ദ്രം തുടങ്ങണമെന്ന് ജനതാദൾ (എസ്) കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം. മാനുവൽ കുട്ടി അധ്യക്ഷത വഹിച്ചു. ഒ.പി. ഇസ്മായീൽ, കെ. സുനിൽ ജേക്കബ്, കെ. വിജയൻ, ആലി പാതിക്കാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.