ആലപ്പുഴ: കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവില കിലോക്ക് 1.17 രൂപ വർധിപ്പിച്ചെങ്കിലും അത് കർഷകർക്ക് ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ കനിയണം. കേന്ദ്രം നൽകുന്ന താങ്ങുവിലയെക്കാൾ കൂടിയ വിലയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നെല്ലിന് നൽകുന്നത്. കഴിഞ്ഞ രണ്ടുതവണ കേന്ദ്രം താങ്ങുവില വർധിപ്പിച്ചപ്പോഴും കർഷകർക്ക് ഗുണമുണ്ടായില്ല.
കേരളത്തിൽ നെൽകർഷകർക്ക് കിലോക്ക് 28.32 രൂപയാണ് നൽകിവരുന്നത്. കേന്ദ്രസർക്കാർ അനുവദിച്ചിരുന്നത് കിലോക്ക് 21.83 രൂപയാണ്. അതിൽ 1.17 രൂപയുടെ വർധനയാണ് ഇപ്പോൾ വരുത്തിയത്. അപ്പോൾ 23 രൂപയേ ആകുന്നുള്ളൂ. അതിനെക്കാൾ 5.32 രൂപ കൂടുതലാണ് ഇവിടെ കൊടുത്തുവരുന്നത്.
കേന്ദ്ര വിഹിതം കഴിച്ചുള്ള തുക സംസ്ഥാന സർക്കാറിന്റെ സബ്സിഡിയാണ്. കേന്ദ്രം വർധിപ്പിച്ച 1.17 രൂപകൂടി ചേർത്ത് 29.37 രൂപ കർഷകർക്ക് നൽകണമെങ്കിൽ സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കണം. സാമ്പത്തിക പ്രതിസന്ധി നിമിത്തം നിലവിൽ നൽകിവരുന്ന 28.32 രൂപ തന്നെ നൽകാൻ സംസ്ഥാന സർക്കാർ പെടാപ്പാട് പെടുന്നതിനിടെ വീണ്ടും വർധന വരുത്തുന്നതിനുള്ള നീക്കം ഒന്നും ഇല്ലെന്നാണ് നെല്ലുസംഭരണം നടത്തുന്ന സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറയുന്നത്.
ഫലത്തിൽ കേന്ദ്രസർക്കാർ ഇപ്പോൾ നെല്ലിന്റെ താങ്ങുവിലയിൽ വരുത്തിയ വർധനകൊണ്ട് ഗുണം സംസ്ഥാന സർക്കാറിനാണ്.
കഴിഞ്ഞ നാലുവർഷത്തിനിടെ കേന്ദ്രം താങ്ങുവില വർധിപ്പിച്ചപ്പോഴെല്ലാം സംസ്ഥാനം സബ്സിഡിയിൽ കുറക്കുന്നതിനാൽ കർഷകന് പ്രയോജനം ലഭിച്ചിട്ടില്ല. 2021 മുതൽ ഇതുവരെ കേന്ദ്ര - സംസ്ഥാന സർക്കാർ താങ്ങുവിലയിൽ 4.32 രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. ഉൽപാദന ചെലവിന്റെ 150 ശതമാനം കർഷകർക്ക് ലഭിക്കുന്ന തരത്തിലാണ് താങ്ങുവില വർധിപ്പിച്ചതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സംസ്ഥാനത്ത് ഉൽപാദനച്ചെലവ് കൂടുതലായതിനാലാണ് കർഷകർ കടക്കെണികളിൽപെടുന്നത്. താങ്ങുവില കിലോക്ക് 35 രൂപയാക്കണമെന്നാണ് ഇവിടുത്തെ കർഷകരുടെ ആവശ്യം.
നെല്ല് സംഭരിച്ച വകയിൽ ഇനി 441.29 കോടി രൂപ നല്‍കാനുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്. അനില്‍ നിയമസഭയിൽ പറഞ്ഞത്. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് പൂര്‍ണമായി സംഭരിക്കുന്നതും ഏറ്റവും ഉയര്‍ന്ന വില നല്‍കുന്നതും നമ്മുടെ സംസ്ഥാനത്താണെന്നും മന്ത്രി പറഞ്ഞു. 2023-24 സംഭരണവര്ഷത്തില് സംസ്ഥാനത്ത് 1,97,671 കര്‍ഷകരില്‍നിന്നായി 5,57,416 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വില നല്‍കിക്കഴിഞ്ഞു. ഇനി 56,767 കര്‍ഷകര്‍ക്കായി 441.29 കോടിയാണ് നല്കാന് ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.