കോട്ടയം: കപ്പകൃഷി കൂടുതൽ ആദായകരമാക്കാനും രാസവളവും കീടനാശിനിയും മൂലമുള്ള മണ്ണിന്റെയും ജലത്തിന്റെയും മലിനീകരണം പരമാവധി കുറക്കാനും സഹായകമായ പുതിയ കൃഷി സമ്പ്രദായം വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല. കപ്പക്കാവശ്യമായ വളവും കീടനിയന്ത്രണത്തിനുള്ള പദാർഥങ്ങളും സമീകൃത അളവിൽ ഉൾപ്പെടുത്തി ഗുളികരൂപത്തിൽ നൽകാനുള്ള ഗവേഷണ-പരീക്ഷണങ്ങൾ റഷ്യയിലെ സൈബീരിയൻ ഫെഡറൽ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് മുന്നേറുന്നത്. കപ്പ നടുന്നത് മുതൽ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ ഗുളിക കപ്പച്ചുവട്ടിൽ ചെറിയ കുഴിയെടുത്ത് നിക്ഷേപിക്കുകയാണ് ഈ കൃഷിരീതിയിൽ ചെയ്യുന്നത്. കപ്പകൃഷിയിലെ കുമിൾരോഗം നിയന്ത്രിക്കുന്നതിന് ഗുളികകൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി സർവകലാശാല കാമ്പസിൽ ഇതിന് മരച്ചീനി കൃഷിയും നടക്കുന്നുണ്ട്. സൈബീരിയയിൽ സമാനരീതി ഉരുളക്കിഴങ്ങ് കൃഷിയിൽ ഉപയോഗിച്ചുവരുന്നതായി ഗവേഷണ പ്രവർത്തനങ്ങൾക്ക് സൈബീരിയയിൽനിന്ന് കോട്ടയത്ത് എത്തിയ ശാസ്ത്രജ്ഞരായ അലക്സിയ ദുഡേവ്, നസേഷ്ഡ സ്ട്രെൽസോവ എന്നിവർ പറഞ്ഞു. ഗവേഷകരായ ബ്ലസി ജോസഫും ജിത്തു കിരൺ പ്രകാശും മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് ഈ പരീക്ഷണകൃഷിയിൽ പങ്കുചേരുന്നുണ്ട്. 'മെഗാ ഗ്രാന്‍ഡ് റഷ്യ' പേരിൽ 9.5 കോടി രൂപ ധനസഹായത്തോടെയുള്ള പദ്ധതി ആശാവഹമായി പുരോഗമിക്കുകയാണെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.