അടിമാലി: കപ്പ വില സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്നു. രണ്ട് മാസം മുമ്പുവരെ കിലോക്ക് 15 രൂപ മാത്രം ഉണ്ടായിരുന്നിടത്താണു 40 - 43 വരെ വിലനിലവാരത്തിലേക്കുള്ള കുതിപ്പ്. ഗുണമേന്മയ്ക്കനുസരിച്ചു വിലയില്‍ വ്യത്യാസവുമുണ്ടാകും. ഉയര്‍ന്ന വിലയ്ക്ക് പോലും പ്രധാന വിപണികളില്‍ കിട്ടാത്ത അവസ്ഥയുമുണ്ട്. ഉല്പാദനം കുറഞ്ഞതും തന്മൂലം വിപണിയില്‍ ക്ഷാമം നേരിടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കപ്പ കൃഷി ചെയ്തിരുന്നത് ഇടുക്കിയിലാണ്. ലോഡ് കണക്കിന് കപ്പ മറ്റ് ജില്ലകളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോൾ മറ്റ് ജില്ലകളില്‍നിന്ന് ഇടുക്കിയിലേക്ക് ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ്. കഴിഞ്ഞ മൂന്ന് സീസണില്‍ വിലത്തകര്ച്ചയുണ്ടായതിനാല് ഇക്കുറി പലരും കൃഷി ഇറക്കിയില്ല. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള കപ്പയാണ് ഇടുക്കിയിലേക്ക് എത്തുന്നതില്‍ അധികവും. വില കൂടിയതോടെ പല ഹോട്ടലുകളില്‍നിന്നും കപ്പ വിഭവങ്ങള്‍ അപ്രത്യക്ഷമായി. ഒരു പരിധിയില്‍ കൂടുതല്‍ വില കൂട്ടി വിറ്റാല്‍ ഉപഭോക്താക്കള്‍ അകലുമെന്നും വില കുറയുന്നതുവരെ കപ്പ വാങ്ങേണ്ടെന്നാണ് തീരുമാനമെന്നും ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു.
എന്നാല്‍, വിപണിയില്‍ നേരിട്ട് എത്തിച്ചുനല്‍കിയാലും പരമാവധി 30 രൂപ വരെയാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മൊത്തക്കച്ചവടക്കാര്‍ കൃഷിയിടത്തില്വന്ന് കപ്പയെടുത്താല്‍ വില വീണ്ടും കുറയുന്നു. വിപണിയിലെ വിലക്കയറ്റം കര്ഷകന് ആനുപാതികമായ ഗുണമുണ്ടാക്കുന്നില്ല.
എന്നാലും, കഴിഞ്ഞ രണ്ടു സീസണിലെ വിലയെ അപേക്ഷിച്ച് നിലവിലെ അവസ്ഥ കർഷകർക്ക് ആശ്വാസമാണ്. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് കപ്പ കിട്ടിയ വിലയ്ക്കാണ് കര്‍ഷകർ കൊടുത്ത് ഒഴിവാക്കിയത്. പലര്‍ക്കും നേരിട്ടു വില്പനയ്ക്ക് ഇറങ്ങേണ്ട സ്ഥിതി വരെ ഉണ്ടായി. ലോക്ഡൗണ്‍ കാലത്ത് കൃഷി കൂടിയതാണ് കപ്പ വില കുത്തനെ ഇടിയാനുണ്ടായ കാരണം. ഒരു കിലോ കപ്പ എട്ട് രൂപയ്ക്കു പോലും വില്ക്കേണ്ടിവന്നവരുണ്ട്. ഏക്കര്‍ കണക്കിന് സ്ഥലത്ത് കപ്പ കൃഷി ചെയ്തിരുന്ന ഒട്ടേറെപ്പേര്‍ ഇതോടെ കടക്കെണിയിലായി. ജില്ലയില്‍ മുമ്പ് വ്യാപകമായിരുന്ന കപ്പക്കൃഷി ഇപ്പോള്‍ നന്നേ കുറഞ്ഞു. കാട്ടുപന്നിശല്യം കൂടിയതാണ് പ്രധാന കാരണം. പ്രതികൂല കാലാവസ്ഥയും അധ്വാനത്തിനനുസരിച്ചു വിലകിട്ടാത്തതും വിപണിയിലെ അസ്ഥിരതയും ഒട്ടേറെപ്പേരെ കപ്പക്കൃഷിയില്നിന്ന് പിന്തിരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.