കട്ടപ്പന: പീരുമേട് മേഖലയിൽ ചില തേയില തോട്ടങ്ങൾ അടച്ചതോടെ തൊഴിലാളികൾക്ക് പണിയില്ലാതായി. പട്ടിണി മാറ്റാൻ തൊഴിലാളികൾ മറ്റു ജോലി തേേടണ്ടിവന്നു. ഇതോടെ ഒട്ടുമിക്ക ലയങ്ങളിലും താമസക്കാർ കുറഞ്ഞു. തോട്ടം മേഖലയിൽ വ്യാജ വാറ്റും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർധിച്ചു. കേസുകളുടെ എണ്ണംകൂടി. ലയങ്ങൾ തകർന്നതോടെ കുടുംബങ്ങളുടെ സുരക്ഷ നഷ്ടപ്പെട്ടെന്ന് തൊഴിലാളി സ്ത്രീകൾ പറയുന്നു.
രക്ഷിതാക്കൾക്ക് ജോലിയും കൂലിയും ഇല്ലാതായതോടെ മുതിർന്ന കുട്ടികൾ പലരും പഠനംനിർത്തി. വിവാഹപ്രായം കഴിഞ്ഞ പെൺകുട്ടികൾ, വിദഗ്ധ ചികിത്സ കിട്ടാതെ വിഷമിക്കുന്ന രോഗികൾ, പ്രാഥമിക വിദ്യാഭാസം കഴിഞ്ഞ് തുടർ പഠനം മുടങ്ങിയവർ തോട്ടം മേഖലയിലെ കുടുംബങ്ങളുടെ സ്ഥിതി ഇത്തരത്തിൽ ലയങ്ങളിലെ കാഴ്ച ദയനീയമാണ്.
അടച്ചുറപ്പില്ലാത്ത വീട്ടിൽ പേടിയോടെയാണ് പെൺകുട്ടികൾ കഴിയുന്നത്. പലതവണ ഇത്തരം പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെയും റവന്യൂ ഉദ്യോഗസ്ഥരെയും നേരിൽകണ്ട് ബോധ്യപ്പെടുത്തിയതായി യൂനിയൻ നേതാക്കൾ പറഞ്ഞു. നടപടി ഉണ്ടായില്ല. ഭർത്താക്കന്മാരും മാതാപിതാക്കളും മരിച്ച പല കുടുംബങ്ങളിലെയും യുവതികളും പെൺകുട്ടികളും ഭയപ്പാടോടെയാണ് ലയങ്ങളിൽ കഴിച്ചുകൂട്ടുന്നത്. ഭീഷണികളും ഉപദ്രവങ്ങളും ഭയന്ന് ചില തൊഴിലാളി കുടുംബങ്ങൾ തമിഴ് നാട്ടിലേക്ക് മടങ്ങി.
പ്രേതാലയം പോലെ ഫാക്ടറികൾ
പീരുമേട് ടീ ഫാക്ടറിയും ലോൺട്രി ട്രീ ഫാക്ടറിയും അടച്ചിട്ട് ഡിസംബർ 13ന് 22വർഷം കഴിഞ്ഞു. ഇനി തോട്ടം തുറന്നാലും ഫാക്ടറികൾ പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതിയാണ്. കോടികളുടെ യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ മോഷണംപോയി. 2000 ഡിസംബർ 13ന് പീരുമേട് ടീ കമ്പനി ഉടമ ഉപേക്ഷിച്ചുപോയതോടെ അടച്ചിട്ട ഫാക്ടറികൾ പിന്നീട് പ്രവർത്തിച്ചില്ല.
തേയില അരയ്ക്കുകയും ഉണക്കുകയും പൊടിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ തുരുെമ്പടുത്തു. ഫാക്ടറി കെട്ടിടത്തിെൻറ തകിടുകളും ചില്ലുകളും സാമൂഹികവിരുദ്ധർ തകർത്തു. മോഷ്ടാക്കൾ കടത്തിയ ഭാഗങ്ങളിൽ ചിലത് പൊലീസ് പിടിച്ചെടുത്തത് തൊണ്ടിമുതലായി പൊലീസ് സ്റ്റേഷനിലുമുണ്ട്. ഫാക്ടറിയോട് അനുബന്ധിച്ചുള്ള ബംഗ്ലാവ്, ഓഫിസ്, ക്വാർട്ടേഴ്സ്, ഗ്രൂപ്പ് ഹോസ്പിറ്റൽ തുടങ്ങിയവ ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളും നശിച്ചു. കെട്ടിടങ്ങളുടെ തറയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് പാകിയ വിലപിടിപ്പുള്ള തറയോട് മോഷ്ടാക്കൾ പൊളിച്ചുകടത്തി. പല കെട്ടിടങ്ങളും അവ സ്ഥിതിചെയ്തിരുന്ന സ്ഥലം പോലും തിരിച്ചറിയാനാവാത്ത വിധത്തിലാണ്. ഇനി തോട്ടം എന്നെങ്കിലും തുറന്നാലും എല്ലാം പഴയപടിയാകാൻ കോടികൾ മുടക്കേണ്ടിവരും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.