ആലപ്പുഴ: ജില്ലയിൽ അടുത്ത നാലു ദിവസങ്ങളിൽ ഉയർന്ന താപനില 35ഉം കുറഞ്ഞത് 23 ഡിഗ്രി സെൽഷ്യസുമാകാമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്ര കാലാവസ്ഥ വിഭാഗം.
ഇത് കരിഞ്ഞുണങ്ങുന്നതിന് പുറമെ നെല്ലിന് വിവിധ രോഗങ്ങൾ പിടിപെടാൻ കാരണമായേക്കാമെന്നും പഠന കേന്ദ്രം സൂചന നൽകി. മൂലകക്കുറവ് കാരണമുണ്ടാകുന്ന മഞ്ഞളിപ്പ് രോഗത്തിന് സാധ്യതയുണ്ട്.
ഇതരസംസ്ഥാന നെല്ലിനങ്ങൾ കുട്ടനാട്ടിലെ കാലാവസ്ഥയോട് ഇണങ്ങിയതാകണമെന്നില്ല. ഇത്തരം നെല്ലിനങ്ങൾ കൃഷി ചെയ്ത കർഷകർ കുലവാട്ടത്തിനെതിരെ മുൻകരുതൽ സ്വീകരിക്കണം. ഒരു ഹെക്ടറിലേക്ക് 2.5 കിലോ സ്യൂഡോമോണാസ് ഫ്ലൂറസെൻസ് 50 കിലോ ഉണങ്ങിയ ചാണകപ്പൊടിയുമായോ മണലുമായോ കൂട്ടിക്കലർത്തി ഒരു ദിവസംവെച്ച ശേഷം മണ്ണിൽ വിതറണം. ഒരുലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണസ് ചേർത്ത് ഇലകളിൽ തളിക്കണം.
ഇലകരിച്ചിലാണ് മറ്റൊരു സാധ്യത. 90 ദിവസംവരെ പ്രായമായ നെല്ലിൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. നെല്ലോലകളുടെ അഗ്രം മുതൽ താഴേക്ക് ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ കരിച്ചിൽ കാണുന്നതാണ് ലക്ഷണം. ഏക്കറിന് രണ്ട് കിലോ എന്ന തോതിൽ, ബ്ലീച്ചിങ് പൗഡർ പല ചെറിയ കിഴികളിലാക്കി വെള്ളം കയറ്റുന്ന തൂമ്പിന്റെ വായ്ക്കൽ കെട്ടിയിടണം. കഴിഞ്ഞ കൃഷിക്കാലത്ത് ലക്ഷ്മി രോഗം (വാരിപ്പൂ) കണ്ടെത്തിയ പാടങ്ങളിൽ രോഗസാധ്യതയുണ്ട്. കതിർ നിരക്കുന്നതിന് മുമ്പായി സ്യൂഡോമോണസ് ഫ്ലൂറസെൻസ് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ കലക്കി ചെടികളിൽ തളിക്കണമെന്ന് അധികൃതർ അറിയിച്ചു.
നെല്ലോലകളിൽ കണ്ണിന്റെ ആകൃതിയിൽ നടുക്ക് ചാരനിറത്തോടുകൂടിയ പൊട്ടുകളാണ് ബ്ലാസ്റ്റ് രോഗത്തിന്റെ ലക്ഷണം. കൊതുമ്പോലയിലും തൊട്ടുതാഴത്തെ ഓലയിലും പത്ത് പൊട്ടുകളിൽ കൂടുതൽ കാണുകയാണെങ്കിൽ സ്യൂഡോമോണസ് ഫ്ലൂറസെൻസ് ഉപയോഗിക്കണം. നെൽമണികളിൽ ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക്, കറുപ്പ് എന്നീ നിറങ്ങൾ കാണുന്നതാണ് കതിർക്കേട്. രോഗാണുവിനെയും രോഗവ്യാപ്തിയെയും അനുസരിച്ച് വിളനഷ്ടം ഉണ്ടാകും. വിത്തിലൂടെയും വായുവിലൂടെയും രോഗം പകരും. നെൽപാടങ്ങളിൽ ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ കീടങ്ങളുടെ ആക്രമണം തടയുന്നതിന് ഏക്കറിന് രണ്ട് സിസി (2 കാർഡ്) എന്ന തോതിൽ മുട്ടകാർഡുകൾ ഇലയിൽ ക്ലിപ്പ് ചെയ്തുവെക്കാം. ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ ഒന്നോ ഒന്നരയോ മാസമായ പാടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ നെല്ലിന്റെ ഓല വെളുത്തും തുമ്പുമുറിഞ്ഞും കാണുന്നത് കുഴൽപുഴുവിന്റെ ആക്രമണലക്ഷണമാണ്. പാടത്തെ വെള്ളം മുഴുവനായി വാർത്തുകളയണം. വീണ്ടും വെള്ളം കയറ്റുമ്പോൾ കരി ഓയിൽ, മണ്ണെണ്ണ ഇവയിൽ ഏതെങ്കിലും തൂമ്പിന്റെ അടുത്ത് ചെറിയ അളവിൽ ഒഴിച്ചുകൊടുക്കണം.
ഞാറുതിക്കമുള്ള ഭാഗങ്ങളിലും മുഞ്ഞയുടെ ആക്രമണം ബാധിച്ച സ്ഥലങ്ങളിലും അവിച്ചിൽ രോഗവും കൂടുതലാകാൻ സാധ്യതയുണ്ട്. നെൽച്ചെടികൾ മൂന്ന് മീറ്റർ ഇടവിട്ട് വകഞ്ഞുവെച്ച് വായുസഞ്ചാരം ക്രമപ്പെടുത്തണം. രോഗലക്ഷണമുള്ള ചെടികൾ നീക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.