മാള: എളന്തിക്കര കോഴിതുരുത്തിൽ ഡ്രഡ്ജർ ഉപയോഗിച്ച് നിർമിച്ച കണക്കൻ കടവ് പുഴയിലെ താൽക്കാലിക തടയണ തകർന്നത് കർഷകർക്ക് തിരിച്ചടി. ചാലക്കുടി പുഴ കായലിനു മുമ്പായി പെരിയാറുമായി സംഗമിക്കുന്ന ഇടമാണിത്.
ഇതോടെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ ഉപ്പുജല ഭീഷണിയിലായി. കുഴൂർ, പാറക്കടവ്, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ വിവിധ ജലസേചന കേന്ദ്രങ്ങളിലും ഇതോടെ ഉപ്പുജലം എത്തും. എളന്തിക്കര പ്രദേശങ്ങളിൽ കിണറുകളിലും ഉപ്പുരസമെത്തുമെന്നും നാട്ടുകാർ പറയുന്നു. പുഴയിലേക്ക് ഉപ്പ് വെള്ളം വ്യാപകമായി കയറുന്നതിനെ തുടർന്നാണ് താൽക്കാലിക തടയണ നിർമിച്ചത്.
എന്നാൽ തടയണ തകർച്ച അപ്രതീക്ഷിതമാണെന്ന് കർഷകർ പറയുന്നു. ഉപ്പിന്റെ അംശം വിട്ടു മാറാൻ ഏറെനാൾ കാത്തിരിക്കേണ്ടി വരും. അതേസമയം മഴ ശക്തമാവുമ്പോൾ കണക്കൻ കടവ് ഷട്ടർ പൂർണമായും തുറന്ന് വിടുന്നതോടെയാണ് തടയണക്ക് തകർച്ച സംഭവിക്കുന്നത്. പരിഹാരമായി കോഴി തുരുത്തിൽ സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണം ആരംഭിക്കണമെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു. മാഞ്ഞാലി ഭാഗത്തു നിന്നും വളരെ എളുപ്പത്തിൽ ഇളന്തികര, പുത്തൻവേലിക്കര ഭാഗത്തേക്കുള്ള ഗതാഗതത്തിനും ഇത് സഹായകമാകും.
അതേസമയം, കണക്കൻ കടവിൽ സ്ലൂയിസ് കം ബ്രിഡ്ജ് നിലവിലുണ്ട്. ഇതിന്റെ ഷട്ടർ തുരുമ്പ് കയറി നാശം നേരിട്ടിരുന്നു. കോഴിതുരുത്തിൽ ആധുനിക രീതിയിൽ ഷട്ടർ സ്ഥാപിക്കുന്നതോടെ ഇതിനും പരിഹാരമാകും.
കണക്കൻ കടവ് ഷട്ടറിന്റെ ചോർച്ച നിയന്ത്രിക്കാൻ മണൽ നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ നിരത്തിയത് വിവാദമായിരുന്നു.
ഷട്ടറിലെ ചോർച്ച കാരണം ചാലക്കുടി പുഴയിലേക്ക് ഉപ്പ് കയറുന്നത് തടയാൻ പുതിയ ഷട്ടർ നിർമിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്.
വർഷത്തിൽ ഒരു തവണയെങ്കിലും തടയണ നിർമാണം നടത്തേണ്ടിവരുന്നുണ്ട്. ലക്ഷങ്ങളാണ് ഇതിന് ചിലവ് വരുന്നത്. കർഷകരുടെ ദുരിതം ഒഴിവാക്കാൻ സ്ഥിരം ഷട്ടർ വേണമെന്നാണ് കർഷക ആവശ്യം.
കൊടകര: ഒരാഴ്ചയോളമായി ഇടവിട്ട് പെയ്യുന്ന മഴ മറ്റത്തൂരിലെ നെല്‍കര്‍ഷകര്‍ക്ക് ദുരിതമായി. വിളഞ്ഞ് പാകമായ നെല്ല് കൊയ്യാൻ സാധിക്കുന്നില്ല. മറ്റത്തൂരിലെ കോപ്ലിപ്പാടം, കൊടുങ്ങ പാടശേഖരങ്ങളിലാണ് മഴ മൂലം കൊയ്ത്ത് വൈകുന്നത്. കൊയ്ത്ത് വൈകിയാല്‍ നെല്മണികള് വീണു നശിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കണ്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊയ്ത്തു യന്ത്രം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്.
കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും വിളവെടുപ്പ് സമയത്തെ മഴ കര്‍ഷകരെ നിരാശപ്പെടുത്തുന്നു.
കൊയ്താൽതന്നെ മഴ നനയാതെ നെല്ലും വൈക്കോലും ശേഖരിക്കാന്‍ പ്രയാസമാവും. വൈക്കോല്‍ പാടത്ത് സൂക്ഷിക്കാനും ഉണക്കിയെടുക്കാനും കഴിയാത്ത അവസ്ഥയാണ് നിലവിൽ. മുണ്ടകന്‍ വയ്ക്കോലിന് മികച്ച വില കിട്ടുമെന്നതിനാല്‍ മഴ മാറിയ ശേഷം കൊയ്ത്ത് നടത്താമെന്ന് കരുതി കാത്തിരിക്കുകയാണ് കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി മുണ്ടകന്‍ മികച്ച വിളവാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.