ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിന്‍റെ നെല്ലറയായ കരയാംപാടത്ത് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴക്കൊപ്പം പെയ്തിറങ്ങിയത് കർഷകന്‍റെ കണ്ണീർകൂടിയാണ്. പാടശേഖരത്തിലെ കൃഷി വെള്ളത്തില്‍ മുങ്ങി. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകരെ കാത്തിരിക്കുന്നത്.
ജൂണ്‍ എട്ടിന് വിത്തിട്ട വിരിപ്പ് കൃഷിയാണ് ആറ് ദിവസം ദിവസം മുമ്പ് വെള്ളത്തില്‍ മുങ്ങിയത്. 95 ദിവസത്തെ കാത്തിരിപ്പിനുശേഷം കൊയ്‌തെടുക്കാവുന്ന ജ്യോതി വിത്താണ് വിതച്ചിരുന്നത്. അടുത്തയാഴ്ച കതിര്‍ വരേണ്ടയിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് കതിര്‍വളം ഇട്ടിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ പാടം വെള്ളക്കെട്ടിലമരുകയായിരുന്നു.
മൂന്ന് വാര്‍ഡിലായാണ് 88 ഏക്കര്‍ വിസ്തൃതിയുള്ള കരയാംപാടം സ്ഥിതി ചെയ്യുന്നത്. 130 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കുന്നത്. ഇവര്‍ മുഴുവന്‍ സമയ കര്‍ഷകരാണ്. വിരിപ്പിനുശേഷം മുണ്ടകന്‍, പിന്നീട് പാടം തരിശിടാതെ പച്ചക്കറി ഇതാണ് കൃഷിരീതി.
2018 ലെ പ്രളയത്തിന് ശേഷം തുടര്‍ച്ചയായി പാടശേഖരം വെള്ളത്തിലാകുന്നത് പതിവായി ആവർത്തിക്കുകയാണ്. കഴിഞ്ഞ വേനല്‍ മഴയില്‍ മുണ്ടകനും അതിനുശേഷം നേരത്തെയെത്തിയ കാലവര്‍ഷത്തില്‍ പച്ചക്കറികൃഷിയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇക്കുറി കൃഷിനശിച്ചാല്‍ 14 ലക്ഷത്തിന്റെ നഷ്ടമുണ്ടാകും. കഴിഞ്ഞ നാലുവര്‍ഷം കൃഷിനാശം സംഭവിച്ചെങ്കിലും 2018ല്‍ മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചതെന്ന് പാടശേഖര സമിതി ഭാരവാഹികളായ ഡേവിസ് തുലാപറമ്പില്‍, ഇ.എസ്. ഷൈജന്‍ എന്നിവര്‍ വ്യക്തമാക്കി. കുറുമാലിപ്പുഴയിലെ തോട്ടുമുഖം തോടുവഴി കരയാംപാടത്തേക്ക് പുഴയില്‍നിന്ന് വെള്ളം തള്ളിക്കയറുന്നതാണ് പാടശേഖരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. പുഴയില്‍ ജലനിരപ്പ് താഴാതെ പാടത്തെ വെള്ളക്കെട്ടിന് പരിഹാരമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.