കരുവാരകുണ്ട്: അപൂർവ ഔഷധച്ചെടി നട്ട് വ്യത്യസ്തത വിളയിക്കുകയാണ് മുൻ പ്രവാസി. തരിശ് മുക്കട്ടയിലെ മമ്പാടൻ മൊയ്തീനാണ് (67) അരിമണലിലെ തന്റെ കൃഷിയിടത്തിൽ മലയോരത്തിന് അപരിചിതമായ മഹ്ക്കോട്ട ദേവ സമൃദ്ധമായി വിളയിച്ചെടുക്കുന്നത്. ഇന്തോനേഷ്യയാണ് മഹ്ക്കോട്ട ദേവയുടെ ജന്മദേശം. മലേഷ്യയിലും ചൈനയിലും ഇതിന് ഇഷ്ടക്കാരേറെയാണ്. ഇടുക്കിയിലും മഹ്ക്കോട്ട ദേവയുടെ കൃഷിയുണ്ട്. ഇതിന്റെ ഔഷധഫലം അനുഭവിച്ചറിഞ്ഞതോടെയാണ് മൊയ്തീൻ പിറകെ കൂടിയത്. മൂന്നുവർഷം മുമ്പാണ് തൈകൾ കിട്ടിയത്. രണ്ടുവർഷം കൊണ്ടുതന്നെ കായ്ച്ചു. ചുവന്ന് തുടുത്ത് ഒറ്റനോട്ടത്തിൽ പ്ലം പഴത്തോട് സമാനം. ഡ്രൈ ഫ്രൂട്സായാണ് ഉപയോഗം. ഉള്ളിപോലെ അരിഞ്ഞ് ഉണക്കി വെള്ളത്തിലിട്ട് തിളപ്പിച്ചാൽ വെള്ളം ഔഷധമാവും.
ജീവിതശൈലി രോഗങ്ങളായ രക്തസമ്മർദം, പ്രമേഹം, യൂറിക് ആസിഡ് പോലുള്ളവ നിയന്ത്രിക്കാൻ ഈ വെള്ളത്തിന് കഴിയും. ദാഹശമനിയായും ഉപയോഗിക്കാം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന്റെ ലാബ് റിപ്പോർട്ടും മൊയ്തീന്റെ കൈവശമുണ്ട്. സ്വർഗത്തിലെ പഴം, സർവരോഗ സംഹാരി എന്നീ അപരനാമങ്ങൾ കൂടിയുള്ള ഈ ഫലത്തിന് അധികം പരിചരണം ആവശ്യമില്ല. മഹ്ക്കോട്ട ദേവയിൽ ഒരു കൈനോക്കി ജീവിതശൈലി രോഗങ്ങളാൽ വലയുന്നവർക്ക് ആശ്വാസമേകാനാണ് 30 വർഷത്തെ പ്രവാസം നിർത്തി നാട്ടിലെത്തിയ മൊയ്തീന്റെ ഇനിയുള്ള ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.