നെടുങ്കണ്ടം: കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാറും കൃഷിവകുപ്പും ശ്രമിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ നല്‍കിയ വിവിധയിനം ഫലവൃക്ഷത്തൈകള്‍ ജില്ലയിലെ വിവിധ പഞ്ചായത്ത് ഓഫിസ് സമുച്ചയങ്ങളില്‍ ഉണങ്ങിക്കരിയുന്നു. യഥാസമയം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ അതത് പഞ്ചായത്ത് ഭരണ സമിതിയോ അംഗങ്ങളോ തയാറാവാത്തതാണ് കാരണം.
തെങ്ങ്, പ്ലാവ്, റംബുട്ടാന്‍ തുടങ്ങിയ ഇനങ്ങളില്‍പെട്ട ഫലവൃക്ഷത്തൈകളാണ് പല പഞ്ചായത്തിലും നശിച്ചത്. മാസങ്ങളോളം പഞ്ചായത്ത് ഓഫിസ് മുറ്റത്തും പിന്നാമ്പുറങ്ങളിലുമായി ഇരുന്നിട്ടും കൃഷി വകുപ്പ് ജീവനക്കാര്‍ വെള്ളം ഒഴിച്ച് തൈകള്‍ സംരക്ഷിക്കാന്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ മിക്കയിടത്തും പഞ്ചായത്ത് ഓഫിസ് സമുച്ചയത്തില്‍തന്നെ ആണ് കൃഷിഭവനും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. പാമ്പാടുംപാറ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച വിവിധയിനങ്ങളില്‍പെട്ട അഞ്ഞൂറിലധികം തൈകളാണ് ഉണങ്ങി നശിച്ചതായി കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുമ്പ്, വിതരണത്തിന് എത്തിച്ചതാണിവ.
കൃഷിവകുപ്പ് വഴി വിതരണത്തിനെത്തുന്ന പല പച്ചക്കറിത്തൈകളും വിത്തുകളും പഞ്ചായത്ത് അംഗങ്ങളും അവരുടെ കൂട്ടാളികളും വീതിച്ചെടുക്കുന്നതല്ലാതെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് പാമ്പാടുംപാറ പഞ്ചായത്തില്‍ തൈകള്‍ ഉണങ്ങി നശിക്കുന്നതായി കണ്ടെത്തിയത്. കര്‍ഷകര്‍ക്ക് തൈകള്‍ യഥാസമയം എത്തിച്ചുനല്‍കുന്നതിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളോടൊപ്പം കൃഷി വകുപ്പും വീഴ്ച വരുത്തിയതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.