അരൂർ: മണ്ഡലത്തിലെ കതിരുവിളയുന്ന കരിനിലങ്ങൾ മത്സ്യം വിളയുന്ന പാടങ്ങളാക്കാൻ അണിയറ നീക്കം തകൃതി. നെൽകൃഷിക്കുവേണ്ടി എല്ലാം ചെയ്യുന്നുവെന്ന് പറയുമ്പോഴും പൊക്കാളിപ്പാടങ്ങളിൽ കൃഷിയിറക്കുന്നതിന് കർഷകർക്ക് താങ്ങാകാൻ സർക്കാറും തയാറാകുന്നില്ല. അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളിലായി 12,000 ഹെക്ടറിന് മുകളിൽ പൊക്കാളിപ്പാടങ്ങളുണ്ട്. ജില്ലയിൽ കുട്ടനാട് കഴിഞ്ഞാൽ നെൽകൃഷിക്ക് ഏറ്റവും പ്രസിദ്ധമായിരുന്ന കരിനിലകൃഷി അടുത്ത കാലംവരെ സജീവമായിരുന്നു.
ആദ്യകാലങ്ങളിൽ നെൽകൃഷി മാത്രമായിരുന്നു പാടശേഖരങ്ങളിൽ നടന്നിരുന്നത്. പിന്നീട് നെൽകൃഷിക്കൊപ്പം മത്സ്യകൃഷിയും നടന്നു. മത്സ്യകൃഷിയുടെ ആദായം വർധിച്ചപ്പോൾ മത്സ്യകൃഷി കരാർ വ്യവസ്ഥയിൽ നൽകാൻ തുടങ്ങി. ആദ്യമൊക്കെ തർക്കമില്ലാതെ നെൽകൃഷിയും മത്സ്യകൃഷിയും ഒരുപോലെ നടന്നു. പിന്നീട് നെൽകൃഷിയിൽനിന്ന് കർഷകർ അകലാൻ തുടങ്ങി. മത്സ്യകൃഷിക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും മത്സ്യകൃഷിയുമായി മുന്നോട്ട് പോകാൻ കരാറുകാർ തയാറായി.
പൊക്കാളി നിലങ്ങളിലെ കൃഷി നിയന്ത്രിക്കുന്നത് സർക്കാർ വിജ്ഞാപനം ചെയ്യുന്ന കാർഷിക കലണ്ടർ അനുസരിച്ചാണ്. ഇതുപ്രകാരം നവംബർ 15 മുതൽ ഏപ്രിൽ 15വരെയാണ് മത്സ്യകൃഷിയുടെ സീസൺ. ഈ സമയ പരിധി 15 ദിവസം കൂടി നീട്ടിനൽകി ഏപ്രിൽ 30 വരെയാക്കി. 2011ൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കാർഷിക കലണ്ടർ കർശനമായി പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിർദേശിച്ചു. കൂടാതെ ഹൈകോടതി രണ്ട് വ്യത്യസ്ത വിധിയിലൂടെയും കാർഷിക കലണ്ടർ പാലിക്കണമെന്ന് പറഞ്ഞിരുന്നു.
ഇതെല്ലാം അവഗണിച്ചാണ് 2020, 2021, 2022 വർഷങ്ങളിലും ഇപ്പോൾ 2023ലും മത്സ്യകൃഷിക്കുള്ള സമയം ഏകപക്ഷീയമായി ദീർഘിപ്പിച്ചത്. ഇതെല്ലാം മത്സ്യകൃഷിയെ ഇവിടെ വ്യാപകമാക്കാനുള്ള ശ്രമങ്ങൾ ആണെന്ന് പൊക്കാളി സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച മൂന്നിന് പള്ളിത്തോട് പാടശേഖരത്തിൽ മട മുറിച്ച് ഉപ്പുവെള്ളം കയറ്റിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച കലക്ടറേറ്റിൽ ഈ വിഷയം ചർച്ചക്ക് വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.