മാനന്തവാടി: ജില്ലയിൽ അപൂർവമായിക്കൊണ്ടിരിക്കുന്ന നെൽകൃഷി ചില ഗ്രാമപഞ്ചായത്തുകളിലെങ്കിലും സജീവമാകുമ്പോൾ കർഷകർ ഉൽപാദിപ്പിച്ച നെല്ലിൽ ഭൂരിഭാഗവും പത്തായം കാണാതെ സ്വകാര്യ കച്ചവടക്കാരുടെ സംഭരണശാലകളിൽ നിറയുകയാണെന്ന് ചെറുകിടകർഷകർ സാക്ഷ്യപ്പെടുത്തുന്നു.
പരമ്പരാഗത രീതിയിൽനിന്ന് മാറി പൂർണമായും യന്ത്രവത്കൃതമാവുകയാണ് നെൽകൃഷി. ഭാരിച്ച ഉൽപാദനച്ചെലവും അധ്വാനവും കാലതാമസവും ഒഴിച്ചാൽ യന്ത്രവത്കൃത കൃഷിയുടെ സാമ്പത്തിക ചെലവിനും കുറവൊന്നുമില്ല. നെൽപ്പാടം വിളവിറക്കുന്നതിന് പാകപ്പെടുത്തുന്നതിനും വിളവെടുക്കുന്നതിനും പുല്ല് കെട്ടിയെടുക്കുന്നതിനും പൂർണമായി യന്ത്രങ്ങളെയാണ് കർഷകർ ആശ്രയിക്കുന്നത്.
ഇതിനിടക്കുള്ള വരമ്പു കിളയും, രാസവള, കീടനാശിനി പ്രയോഗത്തിനു മാത്രമാണ് കർഷകത്തൊഴിലാളികളെ നിലവിൽ ഉപയോഗപ്പെടുത്തുന്നുള്ളൂ. കൃഷി പ്രോത്സാഹനത്തിന് സർക്കാറുംരും ത്രിതല പഞ്ചായത്തുകളും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സമയാസമയങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന തുകകൾ കർഷകന്റെ കൈയിൽ എത്താറില്ല.
കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയാണ് കർഷകർ ചെലവുകൾക്കുള്ള തുക കണ്ടെത്തുന്നത്. ഒരേക്കർ നെൽകൃഷി വിളവെടുപ്പു വരെ 25,000 രൂപയോളം ചെലവ് വരും. ഈ ചെലവുകൾക്കുള്ള തുകയെല്ലാം മുമ്പ്തന്നെ കൊടുത്തു തീർക്കേണ്ടതിനാൽ, പാടത്തുനിന്നുതന്നെ കർഷകർ നെല്ല് സ്വകാര്യ കച്ചവടക്കാർക്ക് വിൽപന നടത്തേണ്ടി വരുന്നു.
ന്നാൽ, കച്ചവടക്കാർ സംഭരിക്കുന്ന നെല്ല് നേരെ സർക്കാർ കർഷകർക്കായി സംഭരിക്കുന്ന ഏജൻസികളിലേക്കാണ് എത്തിച്ചേരുന്നത്. കിലോഗ്രാമിനു 21 രൂപ വരെ കർഷകരിൽ നിന്ന് വിലക്കെടുക്കുന്ന നെല്ല്, സർക്കാർ ഏജൻസികൾക്ക് കൈമാറുമ്പോൾ 28 രൂപ 50 പൈസയായി മാറുന്നു.
ചുരുക്കത്തിൽ ചെറുകിട കർഷകർക്ക് അവരുടെ പത്തായത്തിൽ നെല്ല് ഇടാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, വലിയ നഷ്ടക്കച്ചവടത്തിനും വിധേയരാകേണ്ടിവരുന്നു.
ഇത് ഒഴിവാക്കുവാൻ ചെറുകിട കർഷകർക്കു കൃഷി ചെലവുകൾക്കുള്ള തുക കൃഷി വകുപ്പ് മുൻകൂട്ടി ചെലവുകളുടെ അടിസ്ഥാനത്തിൽ നൽകേണ്ടതുണ്ട്. എന്നാൽ അടുത്ത വിളവെടുക്കൽ ആയാൽ പോലും മുമ്പു ചെയ്ത കൃഷിയുടെ സബ്സിഡി തുക കർഷകരിൽ എത്താറില്ലെന്ന പരാതിയുയരുന്നുണ്ട്.
കർഷകർ വിളവെടുക്കുന്ന നെല്ലു കൈമാറുമ്പോൾ തന്നെ അതിന്റെ വിലയും നൽകിയാൽ ഈ രംഗത്തുള്ള ചൂഷണം തടയുന്നതിന് കഴിയുമെന്നതിനാൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പാലിയണ പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.