മൂവാറ്റുപുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പകല്‍ച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്ന നിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്. പറമ്പിലും പാടത്തും കെട്ടിയിരിക്കുന്ന മൃഗങ്ങൾക്ക് സൂര്യാതപത്തിന് സാധ്യത ഏറെയാെണന്നും ഇവയെ തണലത്ത് കെട്ടണമെന്നും സാധാരണയിൽനിന്ന് ഇരട്ടിവെള്ളം കുടിക്കാൻ നൽകണമെന്നും നിർദേശമുണ്ട്.
•കറവപ്പശുക്കള്‍ക്ക് മാത്രമല്ല, കൂട്ടിലിട്ടിരിക്കുന്ന എല്ലാ പക്ഷിമൃഗാദികള്‍ക്കും എപ്പോഴും ശുദ്ധജലം കുടിക്കാന്‍ ലഭ്യമാക്കണം. നല്ല കറവയുള്ള പശുക്കള്‍ക്ക് വേനല്‍ക്കാലത്ത് 60 മുതൽ 80 ലിറ്റര്‍ വെള്ളം വരെ നൽകണം. ഫാമുകളില്‍ ഓട്ടോമാറ്റിക് ബൗളില്‍ വെള്ളം നല്കുന്നവര്, ഓരോ കറവപ്പശുവും എത്ര വെള്ളം കുടിച്ചു എന്നത് ഉറപ്പാക്കണം.
•രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിലും പാടത്തും കെട്ടിയിടുകയോ മേയാന്‍ വിടുകയോ ചെയ്യരുത്.
•തൊഴുത്തിനുള്ളിലെ അമിതമായ ആര്‍ദ്രത കുറക്കാന്‍ വായുസഞ്ചാരം നൽകണം. ഇതിനായി തൊഴുത്തിന് ചുറ്റും കെട്ടിയിട്ടിരിക്കുന്ന ഷീറ്റുകളും മറ്റും അഴിച്ചുമാറ്റണം.
•തൊഴുത്തില്‍ ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തണം.
•തൊഴുത്തില്‍ ക്രോസ് വെൻറിലേഷന്‍ ഉണ്ടാകണം.
•മേല്‍ക്കൂര നല്ല പൊക്കത്തിലായിരിക്കണം. ടിന് ഷീറ്റ് മേഞ്ഞ തൊഴുത്തുകളുടെ മുകളില്‍ ചാക്കുവിരിച്ച്, ചാക്ക് നനച്ചുകൊടുക്കുന്നത് തൊഴുത്തിലെ ചൂട് കുറക്കാന്‍ സഹായിക്കും. തൊഴുത്തിെൻറ പരിസരത്ത് തണല്‍മരം നടുന്നത് അഭികാമ്യമാണ്. അന്തരീക്ഷ ഊഷ്മാവ് കൂടുതലുള്ള എല്ലാ ദിവസവും 30 ഗ്രാം അപ്പക്കാരം നല്‍കാം. സാധാരണ കാല്‍സ്യം പൊടികളെക്കാള്‍ ആഗിരണശേഷി കൂടുതലുള്ള ചീലേറ്റഡ് മിനറ മിക്സ്ചര്‍ പൊടി 30 ഗ്രാം വീതം എല്ലാ ദിവസവും കൊടുക്കാന്‍ ശ്രദ്ധിക്കണം. ദഹനപ്രക്രിയയും പാൽ ഉൽപാദനവും കൃത്യമായി നടത്താന്‍ ഇവ കറവപ്പശുക്കളെ സഹായിക്കും.
•കാലിത്തീറ്റ രാവിലെ എട്ടിന് മുമ്പും വൈകീട്ട് നാലിന് ശേഷവും നല്‍കണം. വയ്ക്കോല് രാത്രിയിലോ അതിരാവിലെയോ നല്‍കാം. പച്ചപ്പുല്ല്, ഇലകള്‍, ഈര്‍ക്കിലി മാറ്റിയ ഓല എല്ലാം ആവശ്യത്തിന് നല്‍കണം. വേനല്‍ തുടങ്ങുന്നതിന് മുമ്പുതന്നെ പട്ടിക്കൂട്, ആട്ടിന്‍ കൂട്, കോഴിക്കൂട്, തൊഴുത്ത് എന്നിവയുടെ മുകളില്‍ നെറ്റ് കെട്ടി മത്തന്‍, കുമ്പളം, കോവല്‍, പാഷന് ഫ്രൂട്ട് എന്നിവ വളര്‍ത്താം. മഴ കനക്കുമ്പോള്‍ വെട്ടിമാറ്റാം. ഇഴജന്തുക്കളില്‍നിന്ന് രക്ഷ നേടാൻ തൊഴുത്തിെൻറ സൈഡുവഴി പടര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
•കിളികൾക്കും അണ്ണാറക്കണ്ണന്മാർക്കും കുടിക്കാൻ പാത്രങ്ങളില്‍ വെള്ളം വെക്കാന്‍ ശ്രദ്ധിക്കണം. മൃഗങ്ങൾക്ക് അമിതമായ തളര്‍ച്ച, കിതപ്പ്, അണപ്പ്, തേങ്ങല്‍, ഉമിനീരൊലിക്കല്‍, വായില്‍നിന്ന് നുരയും പതയും ഒലിക്കല്‍, തീറ്റതിന്നാന്‍ മടി എന്നിവ കണ്ടാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ വിവരമറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.