അടിമാലി: എരിയുന്ന ചൂടിൽ നാട് വിങ്ങുകയാണ്. പകൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് കർഷകർ. ചെടികളുടെ ജലാംശം നഷ്ടപ്പെട്ട് അവ സർവനാശത്തിലേക്ക് നീങ്ങുന്നു. വൈകാതെ മഴ പെയ്തില്ലെങ്കിൽ കൃഷിയെല്ലാം നശിക്കും. കർഷകരുടെ വർഷങ്ങളായുള്ള കഷ്ടപ്പാടിന്റെ ഫലമാണ് വീണ്ടെടുപ്പില്ലാത്ത വിധം എരിഞ്ഞുതീരുന്നത്. കൃഷി നനക്കാൻ തുള്ളി വെള്ളമില്ല. കുടിവെള്ളത്തിനും ക്ഷാമമേറി. കുളങ്ങൾ, തോടുകൾ എന്നിവയെല്ലാം വരണ്ടുണങ്ങുന്നു. വിവിധ സ്ഥലങ്ങളിൽ പഞ്ചായത്തുകൾ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇതും തികയുന്നില്ല.
പുഴകൾ വറ്റിയതോടെ കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയുമുണ്ട്. കാലവർഷം ദുർബലമായിരുന്ന ഇവിടെ മഴക്കാലം കഴിയും മുമ്പേ വരൾച്ച ആരംഭിച്ചു. കഴിഞ്ഞ വർഷം കൃഷി മുടങ്ങിയ സാഹചര്യമുണ്ടായി.
മഴ കുറഞ്ഞ ഇടുക്കിയിൽ വേനൽ ശക്തമാകുമെന്ന മുന്നറിയിപ്പ് കാര്യമായി എടുക്കുകയോ, വരൾച്ച ഉണ്ടായാൽ സ്വീകരിക്കേണ്ട മുന്നൊരുക്കം സ്വീകരിക്കുകയോ ചെയ്തില്ല. ജില്ല ദുരന്തനിവാരണ സമിതി നൽകിയ നിർദേശങ്ങൾ പഞ്ചായത്തുകളിൽ നടപ്പായില്ല.
ജലസ്രോതസ്സുകൾ സംരക്ഷിക്കാനോ, തടയണകളുടെ തകരാറുകൾ പരിഹരിച്ച് ജലം കരുതാനോ ശ്രദ്ധിച്ചതുമില്ല. സാമ്പത്തിക പ്രതിസന്ധി മൂലം നിയന്ത്രണം കടുപ്പിച്ചതും മറ്റൊരു കാരണമായി. കൊടുംവരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നാണ്യവിളകളും പച്ചക്കറികളുമെല്ലാം നശിക്കുകയാണ്. ഏലം, കുരുമുളക്, തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ കൃഷികളിലെ നഷ്ടം വലുതാണ്. പുൽകൃഷി അടക്കം ഉണങ്ങി നശിച്ചു.
തെരഞ്ഞെടുപ്പാണെന്ന കാരണത്താൽ ഭരണകർത്താക്കൾ കൈമലർത്തുന്നതിന് നീതീകരണമില്ലെന്ന് കർഷകർ പറയുന്നു. ഈ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം ഭരണകർത്താക്കൾക്ക് ഉണ്ടെന്നും കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി. നാട്ടിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും കർഷകർ നേരിടുന്ന ദുരന്തത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. നിലനിൽപ് കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് മാത്രമേ കർഷകർക്കുള്ളൂവെന്നും ഈ സമയത്ത് കർഷകരെ പ്രതിഷേധത്തിലേക്കും സമരത്തിലേക്കും തള്ളിവിടാതിരിക്കാനുള്ള ഉത്തരവാദിത്തവും ഭരണകർത്താക്കൾക്ക് ഉണ്ടെന്നും കർഷകർ പറയുന്നു. ഹൈറേഞ്ചിനെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വരൾച്ച സംബന്ധിച്ച് സർക്കാറിൽ സമ്മർദം ചെലുത്താനും ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താനും കഴിയുന്ന നേതാക്കളും ജനപ്രതിനിധികളും ജില്ല ഭരണകൂടവും ഇക്കാര്യത്തിൽ അമാന്തം കാണിക്കരുതെന്നും കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.