കട്ടപ്പന: പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ലോൺട്രി എസ്റ്റേറ്റിൽനിന്ന് മോഷ്ടാക്കൾ വെട്ടിക്കടത്തിയത് കോടിക്കണക്കിന് രൂപയുടെ മരങ്ങൾ. വട്ടപ്പതാൽ, പത്തേക്കർ, കമ്പിതൂൺ ഭാഗങ്ങളിൽ നിന്നാണ് നീർവേങ്ങ, യൂക്കാലി, കാറ്റാടി തുടങ്ങിയ മരങ്ങൾ കടത്തിയത്. വെട്ടിയ തടികൾ ഉപ്പുതറ 10 ഏക്കർ റോഡിലെ വിവിധ സ്ഥലങ്ങളിൽ ശേഖരിച്ചശേഷമാണ് കടത്തിക്കൊണ്ടുപോയത്. തോട്ടം പൂട്ടിയതോടെ കൊളുന്തു നുള്ളി വിറ്റ് ഉപജീവനം നടത്താൻ സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ തൊഴിലാളികൾക്ക് തേയില വീതിച്ചു നൽകിയിരുന്നു.
ഫാക്ടറിയിലെ ആവശ്യങ്ങൾക്കുള്ള വിറകിനുവേണ്ടി കമ്പനി നട്ടുവളർത്തിയ മരങ്ങളുള്ള ബൽറ്റ് കാട് എന്നറിയപ്പെടുന്ന ഭൂമിയും തന്നാണ്ട് കൃഷികൾ ചെയ്യുന്നതിന് തൊഴിലാളികൾ കൈവശം െവച്ചിരുന്നു. ഇങ്ങനെയുള്ള ഭൂമിയിലെ തടികളാണ് വെട്ടിക്കടത്തിയത്. തടി വെട്ടുന്നതുൾപ്പെടെ എസ്റ്റേറ്റിൽ നടന്ന മോഷണപരമ്പരകളാണ് തോട്ടം തുറക്കുന്നതിനായി നടന്ന അനുരഞ്ജന ചർച്ചകൾക്ക് പ്രധാന തടസ്സമായത്. ബൽറ്റ് കാടുകളിലെ മരങ്ങൾ വെട്ടിയതുൾപ്പെടെ ഉപ്പുതറ പൊലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, തോട്ടം മാനേജ്മെൻറിെൻറ നിസ്സഹകരണം മൂലം കേസ് തുടർ നടപടി പൂർത്തീകരിച്ച് കോടതിയിൽ എത്തിക്കാനായില്ല. എസ്റ്റേറ്റിൽനിന്ന് തടിവെട്ടുന്നത് അറിഞ്ഞാലും രേഖാമൂലം പരാതിനൽകാൻ കമ്പനി അധികൃതർ തയാറാകാത്തതും പ്രശ്നമാണ്.
തോട്ടത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെൻറ് ഹൈകോടതിയിൽനിന്ന് വിധി സമ്പാദിച്ചതിനാൽ പൊലീസ് സ്വമേധയ കേസെടുക്കട്ടെ എന്ന നിലപാടാണ് മാനേജ്മെൻറിന്. ബ്രിട്ടീഷുകാർ പണിത ബംഗ്ലാവ്, ഗ്രൂപ്പ് ഹോസ്പിറ്റൽ, ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ എസ്റ്റേറ്റിൽ ശേഷിക്കുന്നില്ല. ഇവയിലെ ഉപകരണങ്ങളും ഫർണിച്ചറും മോഷ്ടാക്കൾ കടത്തി.
ഗ്രാറ്റ്വിറ്റി കുടിശ്ശിക 11.5 കോടി
പീരുമേട്ടിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി ഇനത്തിൽ നൽകാനുള്ളത് 11.5 കോടിയാണ്. തൊഴിൽ വകുപ്പ് ഓരോ എസ്റ്റേറ്റിലും ക്യാമ്പ് നടത്തി ശേഖരിച്ച അപേക്ഷ പ്രകാരം, പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയും എം.എം.ജെ പ്ലാേൻറഷനും വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി ഇനത്തിൽ നൽകാനുള്ളത് 11,48, 32,032 രൂപയാണ്. ഗ്രാറ്റ്വിറ്റി വാങ്ങിയെടുക്കാൻ ചില തൊഴിലാളികൾ സ്വന്തം നിലക്ക് ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാൽ തുക ഇനിയും വർധിക്കും. എം.എം.ജെ പ്ലാേൻറഷെൻറ ബോണാമിയിൽ 72 പേർക്കും ( 39, 23,915 രൂപ) കോട്ടമലയിൽ 312 പേർക്കും (1,59,951701 രൂപ) ഗ്രാറ്റ്വിറ്റി നൽകാനുണ്ട്.
2000ൽ ഉടമ തോട്ടം ഉപേക്ഷിച്ചുപോയ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി എസ്റ്റേറ്റുകളിലെ 798 തൊഴിലാളികൾ വിരമിച്ചു. ഇവർക്ക് ഗ്രാറ്റ്വിറ്റിയായി 9,49, 12,416 രൂപ നൽകണം. രണ്ടു വർഷത്തെ ബോണസ്, ലീവ് വിത്ത് വേജസ്, ശമ്പള കുടിശ്ശിക തുടങ്ങിയ ആനുകൂല്യങ്ങളും കിട്ടാനുണ്ട്.
തോട്ടം ഏറ്റെടുക്കൽ: സർക്കാർ തീരുമാനം നടപ്പായില്ല
ടീ ബോർഡ് ഉന്നത ഉദ്യോഗസ്ഥർ എസ്റ്റേറ്റുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് മടങ്ങിയതല്ലാതെ തുടർ നടപടി ഉണ്ടായില്ല. തോട്ടം തുറക്കാനുള്ള സർക്കാർ നിക്കങ്ങൾക്ക് പ്രതിബന്ധമാകുന്നത് മാനേജ്മെൻറ് നിലപാടുകളും കോടതി കേസുകളുമാണ്. തോട്ടം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുടെ തുടർച്ചയായി ടീ ബോർഡ് അസി. ഡയറക്ടർ പി. പകലവൻ, ഫാക്ടറി അഡ്വൈസറി ഓഫിസർ കെ. വിവേക്, ഡെവലപ്മെൻറ് ഓഫിസർമാരായ എം.ബി. രമ്യ, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തോട്ടങ്ങൾ സന്ദർശിച്ചത്. പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രീ, എം.എം.ജെ പ്ലാേൻഴ്സിെൻറ ബോണാമി, കോട്ടമല, എന്നീ എസ്റ്റേറ്റുകളാണ് സംഘം സന്ദർശിച്ചത്. ഇതിന് പിന്നാലെ ടീ ബോർഡ് യോഗത്തിൽ സർക്കാർ പ്രതിനിധി അഡ്വ. എം.ബി. ഭാർഗവൻ നായർ, തൊഴിലാളി പ്രതിനിധി പി. മോഹനൻ എന്നിവർ അടഞ്ഞ തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ തോട്ടം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് കൊൽക്കത്തയിൽ നടന്ന ടീ ബോർഡ് യോഗത്തിൽ അവതരിപ്പിച്ചെങ്കിലും തോട്ടം ഏറ്റടുക്കുന്നത് സംബന്ധിച്ച് തുടർ തീരുമാനങ്ങൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.