കോഴിക്കോട്: രാജ്യത്തെ അത്യുൽപാദനശേഷിയുള്ള കുരുമുളകിന് തന്റെ പേര് ലഭിച്ചതിൽ പ്രേമചന്ദ്രന് സന്തോഷമേറെ. എന്നാൽ അതിലുപരി നിലവിലുള്ള കുരുമുളകിനങ്ങളെ കവച്ചുവെക്കുന്ന ഒരിനം കർഷകർക്ക് സമ്മാനിക്കാൻ കഴിഞ്ഞതിന്റെ ഇരട്ടി സന്തോഷത്തിലാണ് കുരുമുളക് പരിപാലനത്തിനും പരീക്ഷണത്തിനും ജീവിതം മാറ്റിവെച്ച പെരുവണ്ണാമുഴി പന്നിക്കോട്ടൂർ സ്വദേശി പ്രേമചന്ദ്രൻ.
28 വർഷത്തെ സേവനത്തിനുശേഷം കൃഷി വകുപ്പിൽനിന്ന് ടെക്നിക്കൽ ഓഫിസറായി കഴിഞ്ഞവർഷം വിരമിച്ച പ്രേമചന്ദ്രന്റെ പേരാണ് മികച്ചയിനം കുരുമുളകിന് നൽകിയിരിക്കുന്നത്. ഗവേഷണത്തിൽ പങ്കാളികളായവരുടെ പേര് വിളകൾക്ക് നൽകാൻ പാടില്ലെന്ന കീഴ്വഴക്കം പ്രേമചന്ദ്രന്റെ കാര്യത്തിൽ ശാസ്ത്രജ്ഞരുടെ കൂട്ടായ തീരുമാനത്താൽ വഴിമാറി.
ഒരു വള്ളിയിൽനിന്ന് 7.5 കിലോഗ്രാം വരെ വിളവു ലഭിക്കുന്ന പുതിയ ഇനം കറുത്ത പൊന്നിന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ‘ചന്ദ്ര’ എന്ന് നാമകരണംചെയ്തത് പ്രേമചന്ദ്രന്റെ സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരവുകൂടിയാണ്. തുടർച്ചയായ വർഷങ്ങളിൽ മാറ്റമില്ലാതെ വിളവു ലഭിക്കുമെന്ന അത്യപൂർവ നേട്ടമാണ് ‘ചന്ദ്ര’ക്കുള്ളത്. 1998ൽ പെരുവണ്ണാമൂഴിയിലാണ് ഈ ഇനത്തിന്റെ പരീക്ഷണം തുടങ്ങിയത്.
ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിലാണ് ഡോ. എം. ശിവകുമാർ, ഡോ. ബി. ശശികുമാർ, ഡോ. കെ.വി. സജി, ഡോ. ടി.ഇ. ഷീജ, ഡോ. കെ.എസ്. കൃഷ്ണമൂർത്തി, ഡോ. ആർ. ശിവരഞ്ജിനി എന്നിവരടങ്ങുന്ന ഗവേഷകസംഘം ‘ചന്ദ്ര’ വികസിപ്പിച്ചെടുത്തത്.
ചന്ദ്രയുടെ പേരിനും പ്രസക്തിയുണ്ട്. ചന്ദ്രയാൻ-3 വിജയകരമായി പര്യവസാനിച്ച വർഷം തന്നെയാണ് ഈ ചന്ദ്രയും ‘ലോഞ്ച്’ ചെയ്തത്. ഈ കുരുമുളകിനത്തിനൊരു പേര് വേണമെന്ന് ശാസ്ത്രജ്ഞർ ചർച്ചചെയ്തു. പുതിയ ഇനം കുരുമുളകിന്റെ ഗവേഷണത്തിന്റെ തുടക്കം മുതൽ ആത്മാർഥമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു പ്രേമചന്ദ്രൻ.
അതിനാലാണ്, പുതിയ ഇനത്തിന് എന്തു പേരിട്ടാലും അതിൽ പ്രേമചന്ദ്രന്റെ പേര് ഉൾക്കൊള്ളിച്ചാവണമെന്ന് ഗവേഷകസംഘം തീരുമാനമെടുത്തതെന്ന് കോഴിക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി വിഭാഗത്തിന്റെ മുൻ മേധാവി ഡോ. ബി. ശശികുമാർ പറഞ്ഞു. കുരുമുളകിന്റെ പല ഇനങ്ങളും നല്ലതാണെങ്കിലും ഉൽപാദനസ്ഥിരത കുറവാണ്.
അങ്ങനെയുള്ള ഒരു കുറവും ‘ചന്ദ്ര’ക്കില്ല. മറ്റിനങ്ങളെക്കാൾ ഉൽപാദനമികവ് കൂടുതലുമാണ്. ആറു മാസത്തിനുള്ളിൽതന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കർഷകർക്ക് തൈകൾ നൽകുമെന്നും ശശികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.